ബ്രിക്‌സ് അംഗത്വത്തില്‍ താല്‍പ്പര്യമില്ലെന്ന് അര്‍ജന്റീനയുടെ വിദേശകാര്യ മന്ത്രി

ബ്രിക്‌സ് അംഗത്വത്തില്‍ താല്‍പ്പര്യമില്ലെന്ന് അര്‍ജന്റീനയുടെ വിദേശകാര്യ മന്ത്രി


ന്യൂഡല്‍ഹി: ബ്രിക്‌സ് ഗ്രൂപ്പില്‍ ചേരാന്‍ അര്‍ജന്റീനയ്ക്ക് താല്‍പര്യമില്ലെന്ന് അര്‍ജന്റീന വിദേശകാര്യ മന്ത്രി ഡയാന മോണ്ടിനോ. ഗ്രൂപ്പിലെ ഓരോ അംഗവുമായും ശക്തമായ സാമ്പത്തിക ബന്ധങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഡയാന  ഒരു ഗ്രൂപ്പെന്ന നിലയില്‍, അര്‍ജന്റീന 'രാഷ്ട്രീയമായി ആരുമായും വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നില്ലെന്നു വ്യക്തമാക്കി. ബ്രിക്‌സില്‍ അംഗമാകുന്നതിനേക്കാള്‍ മെര്‍കോസറിലാണ് തങ്ങള്‍ക്ക് കൂടുതല്‍ താല്‍പ്പര്യമുള്ളതെന്നും അവര്‍ പറഞ്ഞു..

മെര്‍ക്കോസര്‍, അല്ലെങ്കില്‍ സതേണ്‍ കോമണ്‍ മാര്‍ക്കറ്റ് (സ്പാനിഷ് ഭാഷയില്‍ മെര്‍ക്കാഡോ കമ്മ്യൂണ്‍ ഡെല്‍ സുര്‍, പോര്‍ച്ചുഗീസ് ഭാഷയില്‍ മെര്‍ക്കാഡോ കോമും ഡോ സുല്‍) ഒരു പ്രാദേശിക സാമ്പത്തിക വ്യാപാര ബ്ലോക്കാണ്. അംഗരാജ്യങ്ങള്‍ക്കിടയില്‍ ചരക്കുകള്‍, സേവനങ്ങള്‍, മൂലധനം, തൊഴില്‍ എന്നിവയുടെ സ്വതന്ത്രമായ നീക്കത്തിലാണ് ഗ്രൂപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

2024 ജനുവരി 1 മുതല്‍ കൂട്ടായ്മയുടെ അംഗത്വം വിപുലീകരിക്കാന്‍ നിശ്ചയിച്ചിരുന്ന 2023 ഓഗസ്റ്റില്‍ നടന്ന ദക്ഷിണാഫ്രിക്കന്‍ ഉച്ചകോടിയില്‍ ബ്രിക്‌സില്‍ ചേരാന്‍ ക്ഷണിക്കപ്പെട്ട ആറ് രാജ്യങ്ങളില്‍ അര്‍ജന്റീനയും ഉള്‍പ്പെട്ടിരുന്നു. എന്നിരുന്നാലും, 2023 ന്റെ അവസാനത്തില്‍ പ്രസിഡന്റ് ജാവിയര്‍ മിലേ തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന്, ബ്രിക്‌സില്‍ ചേരാനുള്ള താല്‍പര്യം അര്‍ജന്റീന ഔദ്യോഗികമായി പിന്‍വലിച്ചു.

ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, റഷ്യ, ബ്രസീല്‍ എന്നീ അഞ്ച് യഥാര്‍ത്ഥ അംഗങ്ങള്‍ക്ക് കത്തുകള്‍ അയച്ചതായി വിദേശകാര്യ മന്ത്രി സ്ഥിരീകരിച്ചു.  ഗ്രൂപ്പില്‍ അംഗത്വം വേണ്ടെന്നുവെച്ച അര്‍ജന്റീന സര്‍ക്കാരിന്റെ തീരുമാനം അംഗങ്ങളും സ്ഥിരീകരിച്ചു.

'മൂലധന വിപണികള്‍ക്ക് വളരെ നല്ല ആശയമാണ് ബ്രിക്‌സ്, ഈ രാജ്യങ്ങള്‍ക്ക് വളര്‍ച്ചയുടെ സാധ്യതയുണ്ട്. എന്നാല്‍ മറ്റാരുടെയെങ്കിലും രാഷ്ട്രീയത്തിന്റെ ഭാരം ഏറ്റെടുക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ക്ക് ആരുടെയും അജണ്ട ആവശ്യമില്ലെന്നും മോണ്ടിനോ പറഞ്ഞു.

ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലാണ് ബ്രിക്‌സ് ഉയര്‍ന്നുവന്നത്, ജി 7 പോലുള്ള പാശ്ചാത്യ ആധിപത്യമുള്ള സാമ്പത്തിക ഫോറങ്ങള്‍ക്ക് എതിരായി കാണപ്പെടുന്ന ഗ്രൂപ്പിംഗിന്റെ ഭാഗമാകാന്‍ നിരവധി രാജ്യങ്ങള്‍ ആഗ്രഹിക്കുന്നു.

2023ല്‍ സൗദി അറേബ്യ, ഇറാന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഈജിപ്ത്, എത്യോപ്യ, അര്‍ജന്റീന എന്നിവയുടെ പ്രവേശനം ബ്രിക്‌സ് പ്രഖ്യാപിച്ചു. ഈ മാസം അവസാനം റഷ്യയിലെ കസാന്‍ ബ്രിക്‌സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കും, അതില്‍ വിപുലീകരണത്തെക്കുറിച്ചും വ്യാപാരത്തിനായി ദേശീയ കറന്‍സികളുടെ ഉപയോഗത്തെക്കുറിച്ചും കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും.

സംയുക്ത കമ്മീഷന്‍ ചര്‍ച്ചകള്‍ക്കായി ന്യൂഡല്‍ഹിയിലെത്തിയ അര്‍ജന്റീനയുടെ വിദേശകാര്യ മന്ത്രി ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. വ്യാപാരം, ബഹിരാകാശം, ആണവ, റെയില്‍വേ, കൃഷി, മത്സ്യബന്ധനം, ആരോഗ്യം, പ്രതിരോധം എന്നിവയിലായിരുന്നു ചര്‍ച്ച.  ഇരു രാജ്യങ്ങളും തമ്മിലുള്ള വളരുന്ന ബന്ധത്തെ ഒരു പൊതു പരിപാടിയില്‍, വിദേശകാര്യ മന്ത്രി അഭിനന്ദിച്ചു.

'ഈ പുതിയ ഘട്ടത്തിലാണ് ഇന്ത്യയുടെ ഭക്ഷ്യ, ഊര്‍ജ്ജ സുരക്ഷയുടെ കാര്യത്തില്‍ അര്‍ജന്റീനയ്ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയുന്നതെന്ന് ഇന്ത്യയുമായി തന്ത്രപരമായ പങ്കാളിത്തം കൈവരിക്കാനുള്ള അര്‍ജന്റീനയുടെ താല്‍പര്യം ഊന്നിപ്പറഞ്ഞ മോണ്ടിനോ പറഞ്ഞു.