ഹരിയാനയിലെ ചരിത്ര വിജയത്തിനിടയിലും പത്തില്‍ എട്ടു മന്ത്രിമാരും സ്പീക്കറും തോറ്റ് ബി ജെ പി

ഹരിയാനയിലെ ചരിത്ര വിജയത്തിനിടയിലും പത്തില്‍ എട്ടു മന്ത്രിമാരും സ്പീക്കറും തോറ്റ് ബി ജെ പി


ചണ്ഡിഗഡ്: ബി ജെ പിയുടെ ചരിത്ര വിജയത്തിനിടയിലും ഹരിയാനയില്‍ എട്ട് മന്ത്രിമാരും സ്പീക്കറും തോറ്റു. നിയമസഭാ തെരഞ്ഞെടുപ്പില്‍ നയാബ് സിംഗ് സെയ്‌നി സര്‍ക്കാരിന്റെ കീഴിലുള്ള 10 മന്ത്രിമാരില്‍ എട്ട് പേരും പരാജയപ്പെടുകയായിരുന്നു. 

നിയമസഭാ സ്പീക്കര്‍ ജിയാന്‍ ചന്ദ് ഗുപ്തയും കോണ്‍ഗ്രസിന്റെ ചന്ദര്‍ മോഹന്‍ വിജയിച്ച പഞ്ച്കുല സീറ്റില്‍ പരാജയപ്പെട്ടു.

തുടര്‍ച്ചയായി മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി ജെ പി ഒരുങ്ങുകയാണെങ്കിലും ഭരണ വിരുദ്ധ വികാരം ശക്തമാണ്. 

താനേസറില്‍ ബി ജെ പിയുടെ സുഭാഷ് സുധയെ കോണ്‍ഗ്രസിന്റെ അശോക് അറോറ 3,243 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയപ്പോള്‍ നുഹില്‍ ബി ജെ പിയുടെ സഞ്ജയ് സിംഗ് മൂന്നാം സ്ഥാനത്താണെത്തിയത്. കോണ്‍ഗ്രസിന്റെ അഫ്താബ് അഹമ്മദ് ഐ എന്‍ എല്‍ ഡിയുടെ താഹിര്‍ ഹുസൈനെ 46,963 വോട്ടിന് പരാജയപ്പെടുത്തിയാണ് ഇവിടെ വിജയിച്ചത്.

സെയ്‌നി മന്ത്രിസഭയിലെ മന്ത്രി കൂടിയായ ബി ജെ പിയുടെ അസം ഗോയല്‍ അംബാല സിറ്റിയില്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍മല്‍ സിങ് മൊഹ്റയോട് 11,131 വോട്ടിനാണ്  അദ്ദേഹം പരാജയപ്പെട്ടത്.

ഹിസാറില്‍ ബി ജെ പിയുടെ കമല്‍ ഗുപ്തയും പരാജയപ്പെട്ടു. സ്വതന്ത്ര സ്ഥാനാര്‍ഥി സാവിത്രി ജിന്‍ഡാല്‍ തന്റെ അടുത്ത എതിരാളിയായ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രാം നിവാസ് രാരയെ പരാജയപ്പെടുത്തി.

ജഗാധ്രി സീറ്റില്‍ 6,868 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച കോണ്‍ഗ്രസിന്റെ അക്രം ഖാനോട് ബി ജെ പിയുടെ കന്‍വര്‍ പാല്‍ പരാജയപ്പെട്ടു.

ലോഹറുവില്‍ ബി ജെ പിയുടെ ജയ് പ്രകാശ് ദലാലിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാജ്ബീര്‍ ഫാര്‍തിയ 792 വോട്ടിന് പരാജയപ്പെടുത്തി.