ടെക്‌സസിലെ പ്ലാനോയില്‍ ടെക് മഹീന്ദ്ര പുതിയ ആസ്ഥാനം തുറന്നു

ടെക്‌സസിലെ പ്ലാനോയില്‍ ടെക് മഹീന്ദ്ര പുതിയ ആസ്ഥാനം തുറന്നു


ന്യൂഡല്‍ഹി: യുഎസ് വിപണിയോടുള്ള ഉറച്ച പ്രതിബദ്ധതയുടെ ഭാഗമായി ടെക് മഹീന്ദ്ര അമേരിക്കയിലെ തങ്ങളുടെ പുതിയ ആസ്ഥാനം ടെക്‌സസിലെ പ്ലാനോയില്‍ തുറന്നു.

ടെക് മഹീന്ദ്രയുടെ യുഎസിലെ പത്തൊന്‍പതാമത്തെ ഓഫീസാണ് പ്ലാനോയില്‍ ആരംഭിച്ചത്.

കണ്‍സള്‍ട്ടിംഗ്, ഡെലിവറി, ഉപഭോക്തൃ പിന്തുണ സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ പുതിയ ഓഫീസില്‍ നിന്ന് ലഭിക്കും.

കമ്പനിയുടെ നിലവിലുള്ള വിപുലീകരണ പദ്ധതികളുടെ ഭാഗമായി, ടെക് മഹീന്ദ്ര അതേ പരിസരത്ത് ഒരു ഇന്നൊവേഷന്‍ ലാബും സ്ഥാപിക്കുന്നുണ്ട്.

പുതിയ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിലും, നവീകരണം ത്വരിതപ്പെടുത്തുന്നതിലും, വ്യവസായങ്ങളിലുടനീളമുള്ള ക്ലയന്റുകളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനുമാവശ്യമായ ഗവേഷണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു മികവിന്റെ കേന്ദ്രമായി ലാബ് പ്രവര്‍ത്തിക്കും.

സാങ്കേതിക നവീകരണത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിലും വിപണിയിലെ ഉപഭോക്താക്കള്‍ക്ക് നൂതന പരിഹാരങ്ങള്‍ നല്‍കുന്നതിലും ടെക് മഹീന്ദ്ര ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഐടി സേവന കമ്പനി വെള്ളിയാഴ്ച പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

പ്ലാനോ മേയര്‍ ജോണ്‍ ബി മുന്‍സ്, യുഎസ് കോണ്‍ഗ്രസ് അംഗം പ്രതിനിധി മെലാനി റോയര്‍, പാറ്റ് ഫാലണ്‍, ഉപഭോക്താക്കള്‍, ടെക് മഹീന്ദ്ര നേതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്.

മേഖലയുടെ വളര്‍ച്ചയ്ക്ക് സാങ്കേതിക നവീകരണം നിര്‍ണായകമാണെന്ന് മുന്‍സ് അഭിപ്രായപ്പെട്ടു. 'പുതിയ ടെക് മഹീന്ദ്ര ഓഫീസ് പ്രാദേശിക പ്രതിഭകളെ വളര്‍ത്തിയെടുക്കുകയും സമ്പദ്‌വ്യവസ്ഥയ്ക്ക് ഗണ്യമായ സംഭാവന നല്‍കുകയും ചെയ്യും- മുന്‍സ് കൂട്ടിച്ചേര്‍ത്തു.

ഊര്‍ജ്ജസ്വലമായ ബിസിനസ്സ് അന്തരീക്ഷത്തിനും വൈവിധ്യമാര്‍ന്ന പ്രതിഭാശാലികളിലേക്കുള്ള പ്രവേശനത്തിനും വേണ്ടിയാണ് നോര്‍ത്ത് ടെക്‌സസ് സ്ഥലം തിരഞ്ഞെടുത്തത്.

ടെക് മഹീന്ദ്ര ഒന്നിലധികം വ്യവസായങ്ങള്‍ക്ക് സര്‍വീസ് നല്‍കുകയും മേഖലയിലെ മികച്ച ക്ലയന്റുകളെ പരിപാലിക്കുകയും ചെയ്യുന്നു.

27,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ളതും 130 സീറ്റുകള്‍ ഉള്‍ക്കൊള്ളുന്നതുമായ പുതിയ ഓപീസ്, നോര്‍ത്ത് ടെക്‌സസിലെ ടെക് മഹീന്ദ്രയുടെ വളര്‍ച്ചയില്‍ ഒരു 'ആവേശകരമായ' അധ്യായമാണ്. 90 ലധികം രാജ്യങ്ങളിലായി 1,50,000 ല്‍ അധികം ജീവനക്കാരാണ് ടെക് മഹീന്ദ്രയുടെ ശക്തി.