എലോണ്‍ മസ്‌ക് -മോഡി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇന്ത്യയില്‍ നിന്ന് ജോലിക്കാരെ തേടി ടെസ്‌ല

എലോണ്‍ മസ്‌ക് -മോഡി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇന്ത്യയില്‍ നിന്ന് ജോലിക്കാരെ തേടി ടെസ്‌ല


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ശതകോടീശ്വര വ്യവസായി എലോണ്‍ മസ്‌കും തമ്മില്‍ അമേരിക്കയില്‍ കൂടിക്കാഴ്ച നടന്ന് ദിവസങ്ങള്‍ക്കകം ഇന്ത്യയില്‍ നിന്ന് റിക്രൂട്മെന്റെ നടപടികള്‍ തുടങ്ങി ടെസ്ല. പതിമൂന്ന് തസ്തികകളില്‍ ആളുകളെ തേടിക്കൊണ്ടുള്ള വിജ്ഞാപനമാണ് ടെസ്ല പുറത്ത് വിട്ടത്. കമ്പനി വെബ്സൈറ്റിന്റെ കരിയര്‍ പേജിലും ലിങ്ക്ഡ് ഇന്നിലും റിക്രൂട്ട്‌മെന്റ് പരസ്യമുണ്ട്. മുംബൈയിലായിരിക്കും നിയമനം.

ഈ മാസം പതിമൂന്നിനാണ് വൈദ്യുത കാര്‍ നിര്‍മ്മാണ കമ്പനിയായ ടെസ്ലയുടെ സഹസ്ഥാപകനായ എലോണ്‍ മസ്‌കും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ വാഷിംഗ്ടണില്‍ കൂടിക്കാഴ്ച നടത്തിയത്.

വിജ്ഞാപനം ചെയ്യപ്പെട്ട തസ്തികകള്‍

    സര്‍വീസ് അഡൈ്വസര്‍,
    പാര്‍ട്സ് അഡൈ്വസര്‍,
    സര്‍വീസ് ടെക്നീഷ്യന്‍,
    സര്‍വീസ് മാനേജര്‍ (വാഹന സര്‍വീസ് വിഭാഗം),
    ടെസ്ല അഡൈ്വസര്‍,
    സ്റ്റോര്‍ മാനേജര്‍ (സെയില്‍സ് ആന്‍ഡ് കസ്റ്റമര്‍ സപ്പോര്‍ട്ട്)
    ബിസിനസ് ഓപ്പറേഷന്‍ അനലിസ്റ്റ്,
    ഡെലിവറി ഓപ്പറേഷന്‍സ് സ്പെഷ്യലിസ്റ്റ്,
    ഓര്‍ഡര്‍ ഓപ്പറേഷന്‍സ് സ്പെഷ്യലിസ്റ്റ് (എല്ലാം ഓപ്പറേഷന്‍സ്, ബിസിസ് സപ്പോര്‍ട്ട് വിഭാഗം)
    കസ്റ്റമര്‍ സപ്പോര്‍ട്ട് സൂപ്പര്‍വൈസര്‍,
    കസ്റ്റമര്‍ സപ്പോര്‍ട്ട് സ്പെഷ്യലിസ്റ്റ്,
    ഇന്‍സൈഡ് സെയില്‍സ് അഡൈ്വസര്‍,
    കണ്‍സ്യൂമര്‍ എന്‍ഗേജ്‌മെന്റ് മാനേജര്‍( എല്ലാം സെയില്‍സ് ആന്‍ഡ് കസ്റ്റമര്‍ സപ്പോര്‍ട്ട് വിഭാഗം)

കഠിനാദ്ധ്വാനികളും ജോലിയോട് അഭിവാഞ്ജയുമുള്ളവരെയാണ് കമ്പനി തേടുന്നത്. ഒപ്പം മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ രുചിഭേദങ്ങളെക്കുറിച്ച് കൃത്യമായ ബോധമുണ്ടാകണമെന്നും നിബന്ധനയുണ്ട്. കമ്പനിയെ വിജയകരമായി നയിക്കാന്‍ പ്രാപ്തിയും നിഷ്‌കര്‍ഷിക്കുന്നു. കാറുകള്‍ക്ക് ഓര്‍ഡര്‍ സ്വീകരിക്കല്‍ മുതല്‍ അവ നല്‍കുന്നത് വരെയുള്ള ജോലികളും വരുമാനം വര്‍ദ്ധിപ്പിക്കലുമാണ് ഉത്തരവാദിത്തങ്ങളെന്നും കമ്പനി പരസ്യത്തില്‍ പറയുന്നു.

40,000 അമേരിക്കന്‍ ഡോളര്‍ മുതല്‍ വിലയുള്ള കാറുകളുടെ കസ്റ്റംസ് തീരുവ 110 ശതമാനത്തില്‍ നിന്ന് എഴുപത് ശതമാനമായി കുറച്ച പശ്ചാത്തലത്തിലാണ് പരസ്യം വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇന്ത്യന്‍ വിപണിക്ക് താങ്ങാനാകുന്ന വിധത്തിലുള്ള പുതിയ മോഡല്‍ ടെസ്ല നിരത്തിലിറക്കാനും കമ്പനി ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ മുന്നോട്ട് പോകാനായിട്ടില്ല.

തന്റെ മൂന്ന് കുട്ടികള്‍ക്കൊപ്പമാണ് മസ്‌ക് വാഷിംഗ്ടണില്‍ മോഡിയുമായി കൂടിക്കാഴ്ച നടത്തിയത്. മോദിക്കൊപ്പം അദ്ദേഹത്തിന്റെ മുതിര്‍ന്ന ഉപദേശകരാണ് ഉണ്ടായിരുന്നത്. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഉള്‍പ്പെടെയുള്ളവരാണ് മോഡിക്കൊപ്പമുണ്ടായിരുന്നത്.

മസ്‌കും മോഡിയും തമ്മില്‍ എന്തിനാണ് കൂടിക്കാഴ്ച നടത്തിയതെന്ന് തനിക്കറിയില്ലെന്ന് സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. മസ്‌കിന് ഇന്ത്യയില്‍ തന്റെ വ്യവസായം വേണമായിരിക്കും, അദ്ദേഹത്തിന് ഒരു കമ്പനിയുണ്ടെന്ന കാര്യം നിങ്ങള്‍ക്കറിയാമല്ലോ, അതാകും ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് കാരണമെന്നും ട്രംപ് പറഞ്ഞിരുന്നു.

ബഹിരാകാശ പരീക്ഷണങ്ങള്‍, നിര്‍മ്മിത ബുദ്ധി, സുസ്ഥിര വികസനം തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതും, സംരഭകത്വവും, മികച്ച ഭരണവും സംബന്ധിച്ച ചര്‍ച്ചകളാണ് മോദിയും മസ്‌കും തമ്മില്‍ നടന്നതെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പിന്നീട് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു. അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താന്‍ കഴിഞ്ഞത് തനിക്ക് ലഭിച്ച വലിയ അംഗീകാരമാണെന്ന് മസ്‌കും പ്രതികരിച്ചു.

എലോണ്‍ മസ്‌കിനെയും കുടുംബത്തെയും സന്ദര്‍ശിക്കാന്‍ കഴിഞ്ഞത് വലിയ കാര്യമാണ്. നിരവധി വിഷയങ്ങളെക്കുറിച്ച് അദ്ദേഹവുമായി ചര്‍ച്ച നടത്തിയെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചിരുന്നു. ബഹിരാകാശം, സാങ്കേതികത തുടങ്ങിയ മേഖലകളില്‍ ഇത്രയേറെ താത്പര്യമുള്ള ഒരാളെ കണ്ടിട്ടില്ല. കുറഞ്ഞ സര്‍ക്കാരും കൂടുതല്‍ ഭരണവുമെന്ന തരത്തിലേക്ക് എത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങളെക്കുറിച്ച് താന്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്തതായും മോഡി പറഞ്ഞു.