ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ റിയല്‍ എസ്‌റ്റേറ്റ് കമ്പനി ഇന്ത്യയില്‍ സാന്നിധ്യമുറപ്പിക്കുന്നു. 2,500 കോടി രൂപയുടെ വാണിജ്യ കോംപ്ലക്‌സായ ട്രംപ് വേള്‍ഡ് സെന്ററിന്റെ നിര്‍മാണത്തിന് പൂനെയില്‍ ഒരുക്കങ്ങള്‍ തുടങ്ങി. വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദ ട്രംപ് ഒര്‍ഗനൈസേഷനാണ് പുതിയ പ്രോജക്ടിന് പിന്നില്‍. യുഎസ് ആസ്ഥാനമായുള്ള ട്രംപ് ഓര്‍ഗനൈസേഷന്റെ ഇന്ത്യന്‍ വാണിജ്യ റിയല്‍ എസ്‌റ്റേറ്റിലേക്കുള്ള പ്രവേശനത്തെ അടയാളപ്പെടുത്തുന്ന പദ്ധതിയാണിത്.
കമ്പനിയുടെ ഇന്ത്യന്‍ പങ്കാളിയായ ട്രിബേക്ക ഡവലപ്പേഴ്‌സിനാണ് പുതിയ കെട്ടിടത്തിന്റെ മേല്‍നോട്ടം. മുംബൈയിലെ കുന്ദന്‍ സ്‌പേസസ് എന്ന കമ്പനിയുമായി ചേര്‍ന്നാണ് ട്രിബേക്ക പൂനെയില്‍ പ്രവര്‍ത്തിക്കുന്നത്. ഇരു കമ്പനികളും ചേര്‍ന്നാണ് പുതിയ പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്.
പത്തു വര്‍ഷത്തോളമായി ട്രിബേക്ക ഡവലപ്പേഴ്‌സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ട്രംപ് ഒര്‍ഗനൈസേഷന് വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ റസിഡന്‍ഷ്യല്‍ കെട്ടിടങ്ങളില്‍ പങ്കാളിത്തമുണ്ട്. പൂനെ, കൊല്‍ക്കത്ത, ഗുരുഗ്രാം എന്നിവിടങ്ങളില്‍ നിലവില്‍ ഫഌറ്റ് സമുച്ഛയങ്ങള്‍ നിര്‍മിക്കുന്നുണ്ട്. ആദ്യമായാണ് ഇന്ത്യയില്‍ വാണിജ്യ കെട്ടിട നിര്‍മാണത്തിലേക്ക് ട്രംപ് ഓര്‍ഗനൈസേഷന്‍ കടക്കുന്നത്.
4.3 ഏക്കറില്‍ 27 നിലകളുള്ള രണ്ട് ഗ്ലാസ് ടവറുകളായാണ് പൂനെയിലെ ട്രംപ് വേള്‍ഡ് സെന്ററിന്റെ നിര്‍മാണം. മൊത്തം 16 ലക്ഷം ചതുരശ്ര അടിയാണ് വിസ്തൃതി. രണ്ട് ടവറുകളിലും ഓഫീസ് സ്‌പേസുകളാണ് ഒരുക്കുന്നത്.
ട്രംപ് ബ്രാന്റിനെ ഇന്ത്യ നേരത്തെ തന്നെ സ്വീകരിച്ചതാണെന്നും പൂനെയിലെ വേള്‍ഡ് സെന്റര്‍ പുതിയൊരു ബന്ധത്തിന്റെ തുടക്കമാകുമെന്നും ദ ട്രംപ് ഓര്‍ഗനേസേഷന്‍ എക്‌സിക്യൂട്ടീന് വൈസ് പ്രസിഡന്റ് എറിക് ട്രംപ് പറഞ്ഞു.
ലോകമെമ്പാടുമുള്ള ട്രംപ് പ്രോപ്പര്‍ട്ടികളുടെ അതേ ഗുണനിലവാരം പ്രതിഫലിപ്പിക്കുന്ന, ട്രംപ് വേള്‍ഡ് സെന്റര്‍ പൂനെ ആധുനികതയുടെയും മികവിന്റെയും ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കുമെന്ന് എറിക് പറഞ്ഞു.
'ഇത് ട്രിബെക്കയ്ക്ക് മാത്രമല്ല, ഇന്ത്യയിലെ വാണിജ്യ റിയല്‍ എസ്‌റ്റേറ്റിന്റെ പരിണാമത്തിനും ഒരു നിര്‍ണായക നിമിഷമാണെന്ന് ട്രിബെക്ക ഡെവലപ്പേഴ്‌സിന്റെ സ്ഥാപകനായ കല്‍പേഷ് മേത്ത പറഞ്ഞു. ട്രംപ് ബ്രാന്‍ഡിന്റെ സമാനതകളില്ലാത്ത അന്തസ്സിനെ ആഗോള ബിസിനസ് ന്യൂക്ലിയസ് എന്ന നിലയില്‍ പൂനെയുടെ ഉയര്‍ച്ചയുമായി സംയോജിപ്പിക്കുന്ന, ട്രംപ് വേള്‍ഡ് സെന്റര്‍ പൂനെ വര്‍ഷങ്ങളുടെ ദര്‍ശനത്തിന്റെയും പരിഷ്‌കരണത്തിന്റെയും പരിണാമമാണെന്നും യുഎസിന് പുറത്തുള്ള ട്രംപ് ബ്രാന്‍ഡിന്റെ ഏറ്റവും വലിയ വിപണിയായി ഇന്ത്യ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'പൂനെ വാണിജ്യ വളര്‍ച്ചയുടെ ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ട്രംപ് വേള്‍ഡ് സെന്റര്‍ ഈ പരിവര്‍ത്തനത്തിന്റെ അവിഭാജ്യ ഘടകമായിരിക്കുമെന്നും കുന്ദന്‍ സ്‌പെയ്‌സസിന്റെ മാനേജിംഗ് ഡയറക്ടര്‍ ആശിഷ് ജെയിന്‍ പറഞ്ഞു.
ട്രിബെക്ക ഡെവലപ്പേഴ്‌സിന് 14 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ളതും 16,000 കോടി രൂപയിലധികം വിലമതിക്കുന്നതുമായ 13 പദ്ധതികളുടെ പോര്‍ട്ട്‌ഫോളിയോ ഉണ്ട്.
ഇന്ത്യയില്‍ വേരുറപ്പിക്കാന്‍ ട്രംപിന്റെ കമ്പനി; പൂനെയില്‍ ട്രംപ് വേള്‍ഡ് സെന്റര്‍ വരുന്നു; 2,500 കോടിയുടെ വാണിജ്യ പദ്ധതി
