വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തുടങ്ങിവെച്ച വ്യാപാര യുദ്ധത്തില്‍ പകച്ച് ആഗോള സാമ്പത്തിക രംഗം. അമേരിക്കയിലെയും യൂറോപ്പിലെയും ഏഷ്യയിലെയും ഓഹരി വിപണികള്‍ തകര്‍ന്നു. ഇന്ത്യന്‍ രൂപ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ കറന്‍സികള്‍ക്കും റെക്കോഡ് ഇടിവ് നേരിട്ടു. യൂറോപ്പിനെതിരെയും തീരുവ ഭീഷണി ഉയര്‍ത്തിയ ട്രംപ്, തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ചു.
അതിര്‍ത്തി വഴിയുള്ള കുടിയേറ്റവും മയക്കുമരുന്ന് കടത്തും തടയാന്‍ തയാറാകുന്നില്ലെന്ന് കുറ്റപ്പെടുത്തിയാണ് കാനഡക്കും മെക്‌സികോക്കുമെതിരെ 25 ശതമാനം വീതവും ചൈനക്കെതിരെ 10 ശതമാനവും തീരുവ ചുമത്തുന്നതായി ട്രംപ് പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച മുതല്‍ തീരുവ പ്രാബല്യത്തില്‍ വരും. അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് മൂന്ന് രാജ്യങ്ങളും പ്രഖ്യാപിച്ചത് സ്ഥിതി രൂക്ഷമാക്കി.
യു.എസ്, ഇന്ത്യ, ജപ്പാന്‍, ഫ്രാന്‍സ്, യു.കെ എന്നിവിടങ്ങളിലെല്ലാം ഓഹരി വിപണികള്‍ തകര്‍ച്ച നേരിട്ടു. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ചരിത്രത്തിലാദ്യമായി 87 കടന്നു. തിങ്കളാഴ്ച 55 പൈസ ഇടിഞ്ഞ് 87.17 രൂപയിലാണ് ക്ലോസ് ചെയ്തത്. ഒരു ഘട്ടത്തില്‍ 67 പൈസയുടെ ഇടിവ് നേരിട്ടിരുന്നു. മെക്‌സികന്‍ പെസോ രണ്ട് ശതമാനം ഇടിഞ്ഞ് മൂന്ന് വര്‍ഷത്തെ കുറഞ്ഞ നിലയിലായി. കനേഡിയന്‍ ഡോളര്‍ 2003ന് ശേഷമുള്ള കുറഞ്ഞ നിലയിലും യൂറോ രണ്ട് വര്‍ഷത്തെ താഴ്ന്ന നിലയിലുമെത്തി. ചൈനീസ് യുവാനും റെക്കോഡ് ഇടിവ് നേരിട്ടു. വ്യാപാര യുദ്ധത്തിന്റെ ആശങ്കയില്‍ നിക്ഷേപകര്‍ ഡോളര്‍ വാങ്ങിക്കൂട്ടിയതാണ് മറ്റ് കറന്‍സികള്‍ക്ക് തിരിച്ചടിയായത്. യൂറോ, സ്വിസ് ഫ്രാങ്ക്, ജാപ്പനീസ് യെന്‍, കനേഡിയന്‍ ഡോളര്‍, ബ്രിട്ടീഷ് പൗണ്ട്, സ്വീഡിഷ് ക്രോണ എന്നീ ആറ് കറന്‍സികള്‍ ഉള്‍പ്പെട്ട ഇന്‍ഡക്‌സില്‍ യു.എസ് ഡോളര്‍ മൂന്നാഴ്ചത്തെ ഉയര്‍ന്ന നിലവാരമായ 109.48ലെത്തി.
ക്രിപ്‌റ്റോ കറന്‍സികള്‍ക്കും തകര്‍ച്ചയില്‍ പിടിച്ചുനില്‍ക്കാനായില്ല. ഏറ്റവും വലിയ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ മൂന്നാഴ്ചത്തെ താഴ്ന്ന നിലയിലെത്തി. ഇഥര്‍ ഒരാഴ്ചക്കിടെ 25 ശതമാനവും ഇടിഞ്ഞു. മറ്റ് ക്രിപ്‌റ്റോ കറന്‍സികളിലും വന്‍ തകര്‍ച്ചയുണ്ടായി.
മത്സരിച്ച് തീരുവ ചുമത്തിക്കൊണ്ടുള്ള വ്യാപാര യുദ്ധം നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ വില വര്‍ധനക്കും പണപ്പെരുപ്പത്തിനും ഇടയാക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. അകല്‍ച്ചയില്‍ കഴിയുന്ന രാജ്യങ്ങള്‍ക്കെതിരെ മാത്രമല്ല, വര്‍ഷങ്ങളായി അടുത്ത സഖ്യ കക്ഷികളായ രാജ്യങ്ങള്‍ക്കെതിരെയും ട്രംപ് കര്‍ക്കശ നിലപാട് സ്വീകരിക്കുന്നതിന്റെ അമ്പരപ്പിലാണ് ലോകം. വെള്ളക്കാരുടെ വസ്തുക്കള്‍ ബലമായി പിടിച്ചെടുക്കുന്നുവെന്ന് ആരോപിച്ച് ദക്ഷിണാഫ്രിക്കക്കുള്ള ധനസഹായം നിര്‍ത്തലാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. പനാമ കനാലിന്റെ നിയന്ത്രണം ചൈനക്ക് നല്‍കിയെന്ന് ആരോപിച്ച ട്രംപ്, കനാല്‍ തിരിച്ചുപിടിക്കുമെന്ന ഭീഷണിയും മുഴക്കി.
ട്രംപ് തുടങ്ങിവെച്ച വ്യാപാര യുദ്ധത്തില്‍ ആഗോളതലത്തില്‍ ഓഹരി വിപണികള്‍ തകര്‍ന്നു