കൊച്ചി: ബ്ലെസ്സി- പൃഥ്വിരാജ്- ബെന്യാമിന്‍- എ ആര്‍ റഹ്മാന്‍ കൂട്ടുകെട്ടിലെ ആടുജീവിതത്തിലെ ഗാനങ്ങള്‍ ഓസ്‌കര്‍ പരിഗണനാ പട്ടികയില്‍. ചിത്രത്തിന് വേണ്ടി എ ആര്‍ റഹ്മാന്‍ ഒരുക്കിയ 'ഇസ്തിഗ്ഫര്‍', 'പുതുമഴ' എന്നീ ഗാനങ്ങളും സിനിമയുടെ ഒറിജിനല്‍ സ്‌കോറുമാണ് ഓസ്‌കര്‍ പുരസ്‌കാരത്തിന്റെ പ്രാഥമിക പട്ടികയില്‍ ഇടം നേടിയത്.
മികച്ച ഒറിജിനല്‍ ഗാനത്തിനും മികച്ച ഒറിജിനല്‍ സ്‌കോറിനുമുള്ള ഓസ്‌കര്‍ പുരസ്‌കാരത്തിന്റെ പ്രാഥമിക പട്ടികയില്‍ 89 ഗാനങ്ങളും 146 സ്‌കോറുകളുമാണുള്ളത്. ഡിസംബര്‍ 9 മുതല്‍ 13 വരെ നടക്കുന്ന വോട്ടിങ്ങിന് ശേഷം ഡിസംബര്‍ 17ന് ഇതിന്റെ ഷോര്‍ട്ട്ലിസ്റ്റ് പ്രഖ്യാപിക്കും. 20 ഒറിജിനല്‍ സ്‌കോറുകളും 15 പാട്ടുകളുമാണ് അവസാന ഘട്ടത്തില്‍ ഉണ്ടാകുക.
ചിത്രത്തിന്റെ സൗണ്ട് ട്രാക്ക് നേരത്തെ ഗ്രാമി പുരസ്‌കാരത്തിനുള്ള പരിഗണനയ്ക്കായി അയച്ചിരുന്നു. പുരസ്‌കാരത്തിന് അയച്ച സൗണ്ട് ട്രാക്ക് സമിതി നിര്‍ദേശിച്ച ദൈര്‍ഘ്യത്തേക്കാള്‍ ഒരു മിനിറ്റ് കുറവായിരുന്നതിനാലാണ് അയോഗ്യമാക്കപ്പെട്ടത്.