ധാക്ക-കറാച്ചി നേരിട്ടുള്ള വിമാന സര്‍വീസിന് പച്ചക്കൊടി; പരീക്ഷണാടിസ്ഥാനത്തില്‍ ബിമാന്‍ എയര്‍വെയ്‌സ് പറക്കും

ധാക്ക-കറാച്ചി നേരിട്ടുള്ള വിമാന സര്‍വീസിന് പച്ചക്കൊടി; പരീക്ഷണാടിസ്ഥാനത്തില്‍ ബിമാന്‍ എയര്‍വെയ്‌സ് പറക്കും


ധാക്ക-കറാച്ചി നേരിട്ടുള്ള വിമാന സര്‍വീസ് പുനരാരംഭിക്കുന്നതിന് പാകിസ്ഥാന്‍ ഔദ്യോഗികമായി മുന്നേറ്റം നടത്തി. ബംഗ്ലാദേശ് ദേശീയ വിമാനക്കമ്പനിയായ ബിമാന്‍ എയര്‍വെയ്‌സിന് ഈ റൂട്ടില്‍ നേരിട്ടുള്ള സര്‍വീസ് ആരംഭിക്കാന്‍ പാകിസ്ഥാന്‍ വ്യോമയാന അധികൃതര്‍ അനുമതി നല്‍കി. മാര്‍ച്ച് 30 വരെ പരീക്ഷണാടിസ്ഥാനത്തിലാണ് അനുമതി അനുവദിച്ചിരിക്കുന്നതെന്ന് പാക് മാധ്യമമായ 'ജംഗ്' റിപ്പോര്‍ട്ട് ചെയ്തു. സിവില്‍ ഏവിയേഷന്‍ അതോറിറ്റി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടനുസരിച്ച്, സര്‍വീസുകളുടെ സമയക്രമവും പ്രവര്‍ത്തന വിശദാംശങ്ങളും അടുത്ത ആഴ്ചയോടെ അന്തിമമാക്കും. പാകിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ ചട്ടങ്ങള്‍ പാലിച്ചായിരിക്കും ബിമാന്‍ എയര്‍വെയ്‌സിന്റെ പ്രവര്‍ത്തനം.

കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ ധാക്കയും കറാച്ചിയും തമ്മില്‍ നേരിട്ടുള്ള വിമാന സര്‍വീസ് പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് ഇരുരാജ്യങ്ങളും ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. 2024 ഓഗസ്റ്റില്‍ മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വാജിദിന്റെ അധികാരനഷ്ടത്തിന് പിന്നാലെ ഇരുരാജ്യങ്ങളുടെയും ബന്ധം മെച്ചപ്പെട്ടതോടെയാണ് ചര്‍ച്ചകള്‍ വേഗത്തിലായത്. ഇതിന് പിന്നാലെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പാകിസ്ഥാനിലെ ബംഗ്ലാദേശ് അംബാസഡര്‍ മുഹമ്മദ് ഹുസൈന്‍ ഖാന്‍, നേരിട്ടുള്ള വിമാന സര്‍വീസിന് അനുമതി നല്‍കുന്ന കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പിടാന്‍ തയ്യാറായിരിക്കുകയാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഈ നീക്കം വ്യാപാരം, ബിസിനസ്, സാംസ്‌കാരിക ബന്ധങ്ങള്‍ എന്നിവ ശക്തിപ്പെടുത്തുന്നതിനൊപ്പം ജനങ്ങളിടയിലെ ബന്ധവും കൂടുതല്‍ സജീവമാക്കുമെന്ന് വിലയിരുത്തപ്പെടുന്നു.