എപ്പോള്‍ വേണമെങ്കിലും, എവിടെ വേണമെങ്കിലും': അമേരിക്കയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് വെനിസ്വേല പ്രസിഡന്റ് മദൂറോ

എപ്പോള്‍ വേണമെങ്കിലും, എവിടെ വേണമെങ്കിലും': അമേരിക്കയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് വെനിസ്വേല പ്രസിഡന്റ് മദൂറോ


കരാക്കാസ്:  കരവഴിയുള്ള സൈനിക സമ്മര്‍ദ്ദം ശക്തമാകുന്നതിനിടെ, അമേരിക്കയുമായി സഹകരണത്തിനും ചര്‍ച്ചകള്‍ക്കും തയ്യാറാണെന്ന പ്രഖ്യാപനവുമായി വെനിസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മദൂറോ. മയക്കുമരുന്ന് കടത്ത്, എണ്ണ മേഖല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അമേരിക്കയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം വ്യാഴാഴ്ച സര്‍ക്കാര്‍ ടെലിവിഷനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 'അവര്‍ക്ക് വേണമെങ്കില്‍ എവിടെയും, എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചകള്‍ നടത്താം' എന്നായിരുന്നു മദൂറോയുടെ പ്രതികരണം. എന്നാല്‍, ഈ ആഴ്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെളിപ്പെടുത്തിയ വെനിസ്വേലയിലെ തുറമുഖത്തെ ലക്ഷ്യമിട്ടുള്ള ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാന്‍ മദൂറോ തയ്യാറായില്ല.

മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട ബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നതായി ആരോപിക്കുന്ന വെനിസ്വേലയിലെ ഒരു ഡോക്കില്‍ അമേരിക്ക കരസേന ആക്രമണം നടത്തിയതായി ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആക്രമണം നടന്ന സ്ഥലം, സമയം, ഏത് ഏജന്‍സിയാണ് നടപടി കൈക്കൊണ്ടതെന്നതും ട്രംപ് വ്യക്തമാക്കിയില്ല. സിഐഎ പങ്കാളിത്തത്തെക്കുറിച്ചുള്ള ചോദ്യത്തിന് 'ആരാണെന്ന് എനിക്ക് അറിയാം, പക്ഷേ പറയാന്‍ താല്‍പര്യമില്ല' എന്ന ദുരൂഹ മറുപടിയായിരുന്നു ട്രംപിന്റേത്. 'ബോട്ടുകളെല്ലാം തകര്‍ത്തു, പിന്നെ പ്രവര്‍ത്തന കേന്ദ്രവും ഇല്ലാതാക്കി' എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ആക്രമണം നടന്നതായി വെനിസ്വേല സര്‍ക്കാര്‍ ഇതുവരെ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഇത് സത്യമാണെങ്കില്‍, ലാറ്റിന്‍ അമേരിക്കയില്‍നിന്നുള്ള മയക്കുമരുന്ന് കടത്തിനെതിരായ അമേരിക്കന്‍ സൈനിക നീക്കത്തിന്റെ ഭാഗമായി നടന്ന ആദ്യ കര ആക്രമണമാകുമെന്നാണ് വിലയിരുത്തല്‍. ആക്രമണത്തെക്കുറിച്ച് വ്യക്തമായ മറുപടി ആവശ്യപ്പെട്ടപ്പോള്‍ 'ഇത് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ചര്‍ച്ച ചെയ്യാം' എന്നായിരുന്നു മദൂറോയുടെ പ്രതികരണം.

സെപ്റ്റംബര്‍ മുതല്‍ കരീബിയന്‍ കടലിലും കിഴക്കന്‍ പസഫിക്കിലും മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെടുത്തി അമേരിക്ക നിരവധി ബോട്ടുകളെ ലക്ഷ്യമിട്ട ആക്രമണങ്ങള്‍ നടത്തിയതായി വാഷിംഗ്ടണ്‍ അവകാശപ്പെടുന്നു. ഇതുവരെ 20ലധികം കപ്പലുകള്‍ തകര്‍ക്കുകയും കുറഞ്ഞത് 100 പേര്‍ കൊല്ലപ്പെടുകയും ചെയ്തുവെന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍.