ടൊറോന്റോ രാജ്യാന്തരചലച്ചിത്രമേളയുടെ സുവര്‍ണ്ണജൂബിലിയാഘോഷങ്ങള്‍ക്ക് തിരശ്ശീല വീഴുമ്പോള്‍ രണ്ട് ഇന്ത്യന്‍ ചിത്രങ്ങള്‍ മികച്ച ബഹുമതികള്‍ നേടിയെടുത്തു. ജിതാങ്ക് സിങ് ഗുര്‍ജാര്‍ സംവിധാനം ചെയ്ത 'വിമുക്ത്' (In Search of the Sky) ഏഷ്യന്‍ പസിഫിക് രാജ്യങ്ങളില്‍ നിന്നുള്ള മികച്ച ചിത്രമായും, ആഗോളപ്രേക്ഷകര്‍ തിരഞ്ഞെടുത്ത ചിത്രങ്ങളില്‍ നീരജ് ഗയ്‌വാന്‍ സംവിധാനം ചെയ്ത 'ഹോംബൗണ്ട്' മൂന്നാം സ്ഥാനം നേടുകയും ചെയ്തു.
ദാരിദ്ര്യത്തിലും അന്ധവിശ്വാസത്തിലും കെട്ടുപിണഞ്ഞുകിടക്കുന്ന മധ്യേന്ത്യന്‍ ഗ്രാമകഥയാണ് 'വിമുക്തി'ലൂടെ യുവസംവിധായകനായ ജിതാങ്ക് സിങ് ഗുര്‍ജാര്‍ അവതരിപ്പിക്കുന്നത്. ഓരോ ദിവസവും, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ശ്രമിക്കുന്ന സാധാരണക്കാരായ വൃദ്ധദമ്പതികളാണ് ജസ്‌രഥും ഭാര്യ വിദ്യയും. അയാള്‍ ദിവസേന പണിയെടുക്കുന്നത് ഒരു ഇഷ്ടികക്കളത്തിലാണ്. അവര്‍ വളര്‍ത്തുന്ന കന്നുകാലികളില്‍ നിന്നു കിട്ടുന്ന ചാണകം അടുപ്പുകളില്‍ കത്തിക്കാനുള്ള വരളികളായി ഉണക്കിയെടുത്തു വിറ്റാണ് വിദ്യ ജീവിതായോധനത്തിനായുള്ള പണം സമ്പാദിക്കുന്നത്. അവര്‍ക്ക് ബുദ്ധിയുറയ്ക്കാത്ത ചെറുപ്പക്കാരനായ നരേന്‍ എന്നൊരു മകനുമുണ്ട്. അങ്ങനെയുള്ള ഒരു മകനെ പ്രസവിച്ചതിന്റെ പേരിലുള്ള ചീത്തപ്പേരുകളും വിദ്യ ദിനേനയെന്നോണം കേള്‍ക്കുന്നുണ്ട്. വിശ്വാസം വിട്ടുള്ള ഒരു കാര്യത്തിനും ആ ഗ്രാമവാസികള്‍ തയ്യാറല്ല. ആ കുടുംബം ഏറ്റെടുക്കുന്ന ചില തീരുമാനങ്ങളാണ് ചിത്രത്തിന്റെ കഥയെ മുമ്പോട്ടു കൊണ്ടുപോകുന്നത്.
യുവനടനായ നിഖില്‍ യാദവ് നരേനെ അവിസ്മരണീയമാക്കുമ്പോള്‍ പിതാവിന്റെ വേഷത്തില്‍ രാഘവേന്ദ്ര ഭദോറിയയും വിദ്യയായി മേഘ്‌ന അഗര്‍വാളുമാണ് അഭിനയിച്ചിരിക്കുന്നത്. പൂജ വിശാല്‍ ശര്‍മ്മയും ജിതാങ്ക് സിങ് ഗുര്‍ജാറും ചേര്‍ന്നെഴുതിയ തിരക്കഥയ്ക്ക് ദൃശ്യാവിഷ്‌ക്കാരം നല്‍കിയിരിക്കുന്നത് ഷെല്ലി ശര്‍മ്മയാണ്. പവന്‍ തോര്‍ക്കര്‍ ചിത്രസംയോജനം. തുഷാര്‍ ത്യാഗി എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. പൂജ വിശാല്‍ ശര്‍മ്മ നിര്‍മ്മിച്ച ഈ സ്വതന്ത്രസിനിമയുടെ ദൈര്‍ഘ്യം 87 മിനിറ്റാണ്.
ഗ്വാളിയര്‍ സ്വദേശിയായ നാടകപ്രവര്‍ത്തകനായ ജിതാങ്ക് സിങ് ഗുര്‍ജാറിന്റെ രണ്ടാമത്തെ ചിത്രമാണ് വിമുക്ത്. സ്വതന്ത്രസിനിമയുടെ സംവിധായകന്‍ എന്ന നിലയില്‍ ജിതാങ്ക് സിങ് ഗുര്‍ജാറിനു ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്രമേളകളിലൊന്നായ ടൊറോന്റോയില്‍ കിട്ടിയ അംഗീകാരം മുഖ്യധാരാചിത്രങ്ങളിലേയ്ക്കുള്ള വഴികള്‍ തുറന്നുകൊടുക്കുമെന്നതില്‍ സംശയമില്ല.
ടൊറോന്റോ രാജ്യാന്തരചലച്ചിത്രമേളയിലെ ഏറ്റവും വലിയ പുരസ്‌ക്കാരമാണ് ഇന്റര്‍നാഷനല്‍ പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡ്. കൊറിയന്‍ ചലച്ചിത്രകാരനായ പാര്‍ക് ചാന്‍വൂക് സംവിധാനം ചെയ്ത 'നോ അദര്‍ ചോയ്‌സ്' ഈ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തും, ഡാനിഷ് നോര്‍വ്വീജിയന്‍ സംവിധായകനായ ജോക്കിം ട്രയറി ന്റെ 'സെന്റിമെന്റല്‍ വാല്യൂ' രണ്ടാം സ്ഥാനത്തുമെത്തിയപ്പോള്‍, മൂന്നാം സമ്മാനം നേടിയത് ഇന്ത്യന്‍ സംവിധായകനായ നീരജ് ഗയ്‌വാ ന്റെ 'ഹോംബൗണ്ട്' നാണ്.
ഒരു ഉത്തരേന്ത്യന്‍ ഗ്രാമത്തിലെ സാധാരണക്കാരായ, രണ്ടു മതത്തില്‍പ്പെട്ട യുവാക്കളായ ചന്ദന്റേ (വിശാല്‍ ജെത്വ) യും ഷൊയേബി (ഇഷാന്‍ ഘട്ടര്‍) ന്റെയും സ്വപ്‌നം പോലിസില്‍ ചേരുക എന്നുള്ളതാണ്. വേഷത്തിലും അധികാരത്തിലും ആ ജോലിയുടെ ഗരിമ തന്നെയാണ് അവരുടെ ആ സ്വപ്‌നത്തിനു പിന്നിലുള്ളത്. ആ യാത്രയില്‍ അവര്‍ നേരിടുന്ന സാമ്പത്തികബുദ്ധിമുട്ടുകളും മതപരമായ പ്രശ്‌നങ്ങളും അതിന്റെ രാഷ്ട്രീയവുമാണ് ഈ ചലച്ചിത്രത്തിന്റെ ഇതിവൃത്തം. ഇന്ത്യയിലും വിദേശങ്ങളിലുമായി ഇനിയും ഒത്തിരി പുരസ്‌ക്കാരങ്ങള്‍ നേടാന്‍ സാധ്യതയുള്ള ഈ ചിത്രത്തിന്റെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ലോകപ്രശസ്ത സംവിധായകനായ മാര്‍ട്ടിന്‍ സ്‌കൊര്‍സേസിയാണെന്നുള്ളതും ശ്രദ്ധേയമാണ്. ജാന്‍വി കപൂര്‍ നായികയായ ഈ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ പ്രതീക് ഷായാണ്. നരേന്‍ ചന്ദാവര്‍ക്കറും ബെനെഡിക്റ്റ് ടെയ്‌ലറും ചേര്‍ന്ന് സംഗീതമൊരുക്കിയിരിക്കുന്നു. ചിത്രസംയോജനം നിതിന്‍ ബൈദിന്റേതാണ്.
2015 ലെ 'മസാന്‍' ആയിരുന്നു ഹൈദരാബാദ് സ്വദേശിയായ നീരജ് ഗയ്‌വാന്റെ ആദ്യ ചിത്രം. പ്രശസ്തമായ ടെലിവിഷന്‍ പരമ്പരകളും ഹ്രസ്വ ചിത്രങ്ങളും നിര്‍മ്മിച്ചിട്ടുള്ള അദ്ദേഹം അനേകം പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.
ഹന്‍സല്‍ മേത്തയുടെ 'ഗാന്ധി' ടെലിവിഷന്‍ പരമ്പരയുടെ രണ്ട് എപ്പിസോഡുകള്‍, അനുരാഗ് കാശ്യപിന്റെ 'ബന്ദര്‍' , ബികാസ് മിശ്രയുടെ 'ബയാന്‍' എന്നിവയോടൊപ്പം അമ്പതാം വര്‍ഷമാഘോഷിക്കുന്ന 'ഷോലെ'യും, ടിഫ് ക്ലാസ്സിക്‌സ് വിഭാഗത്തില്‍ വിഖ്യാത സംവിധായകനായ സത്യജിത് റായ്‌യുടെ 'അരണ്യേര്‍ ദിന്‍ രാത്രി'യും ടൊറോന്റോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
പല രാജ്യാന്തര ചലച്ചിത്രോത്സവങ്ങളിലും ജൂറി അംഗമായിരുന്ന, നാലു പതിറ്റാണ്ടായി ദക്ഷിണേഷ്യന്‍ ചലച്ചിത്രങ്ങളെ വിദേശമേളകളിലെത്തിക്കാന്‍ ശ്രദ്ധേയമായ പങ്കുവഹിച്ച, എഴുത്തുകാരിയും ചലച്ചിത്രപ്രവര്‍ത്തകയുമായ മീനാക്ഷി ഷെഡ്ഡേ ആയിരുന്നു ടൊറോന്റോയിലേയും സീനിയര്‍ പ്രോഗ്രാം അഡ്വൈസര്‍.
മേളയിലെ ചലച്ചിത്രപ്രതിഭകള്‍ക്കായി 110 റെഡ് കാര്‍പ്പെറ്റുകളാണ് ഒരുക്കിയിരുന്നത്. 79 രാജ്യങ്ങളില്‍ നിന്നുള്ള 280 ലധികം ചിത്രങ്ങളുടെ 1200 പ്രദര്‍ശനങ്ങളായിരുന്നു ഈ സുവര്‍ണ്ണജൂബിലി വര്‍ഷം ഠകഎഎ 2025 ഒരുക്കിയിരുന്നത്. ഇതിവൃത്തങ്ങളുടെ പുതുമയും, സാങ്കേതികത്തികവും, നിറപ്പകിട്ടാര്‍ന്ന നഗരക്കാഴ്ചകളുമായി പതിനൊന്നു ദിനങ്ങള്‍ നീണ്ടു നിന്ന കാനഡയുടെ 'ഉത്‌സവങ്ങളുടെ ഉത്‌സവ'ത്തിന് സമാപനമായി.
ടൊറോന്റോ രാജ്യാന്തര ചലച്ചിത്രമേളയുടെ സുവര്‍ണ്ണജൂബിലിയാഘോഷങ്ങള്‍ക്ക് നിറപ്പകിട്ടാര്‍ന്ന സമാപനം : രണ്ട് ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് പുരസ്‌ക്കാരങ്ങള്‍
