മഡൂറോയുമായി രഹസ്യഫോണ്‍ വിളി സ്ഥിരീകരിച്ച് ട്രംപ്; പിന്നാമ്പുറത്ത് ഒരുങ്ങുന്നതെന്ത് ?

മഡൂറോയുമായി രഹസ്യഫോണ്‍ വിളി സ്ഥിരീകരിച്ച് ട്രംപ്; പിന്നാമ്പുറത്ത് ഒരുങ്ങുന്നതെന്ത് ?


വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുമായി സമീപ ദിവസങ്ങളില്‍ രഹസ്യ ഫോണ്‍സംഭാഷണം നടത്തിയതായി ഞായറാഴ്ച സ്ഥിരീകരിച്ചു. വാഷിങ്ടണ്‍-കരാക്കസ് ബന്ധം ഏറ്റവും കലുഷിതമായ സമയത്താണ് ഈ വെളിപ്പെടുത്തല്‍. 'ഫോണ്‍ വിളി നല്ലതായോയെന്നോ മോശമായോയെന്നോ പറയാനില്ല. ഒരു ഫോണ്‍ വിളി നടന്നുവെന്നാണ് പറയാനുള്ളത്' എന്നായിരുന്നു എയര്‍ ഫോഴ്‌സ് വണ്ണില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍, ട്രംപിന്റെ സൂക്ഷ്മ പ്രതികരണം.

ഫോണ്‍വിളിയിലെ ചര്‍ച്ചകള്‍ക്കുറിച്ച് ഔദ്യോഗിക വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും, ന്യൂയോര്‍ക്ക്‌ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് രണ്ടുപേരും നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് സാധ്യതകള്‍ പരിശോധിച്ചതായും മാപ്പുനല്‍കിക്കൊണ്ട് മഡൂറോ പടിയിറങ്ങുന്നത് സംബന്ധിച്ച സാധ്യതയും ചര്‍ച്ചയായെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടും സൂചിപ്പിക്കുന്നു. മഡൂറോ രാജ്യം വിട്ട് റഷ്യയിലേക്കോ മറ്റിടങ്ങളിലേക്കോ പോകാനുള്ള അവസരം അമേരിക്ക മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് റിപ്പബ്ലിക്കന്‍ സെനറ്റര്‍ മാര്‍ക്വെയ്ന്‍ മുലിന്‍ ഇചചല്‍ പറഞ്ഞത്.

അതേസമയം അമേരിക്ക ആക്രമണത്തിനുള്ള തയ്യാറെടുപ്പ് നടക്കുന്നുവെന്നാണ് കരാക്കസ് ആരോപിക്കുന്നത്. കരീബിയന്‍ സമുദ്രത്ത് യുഎസ് നാവികവ്യോമ സാന്നിധ്യം വര്‍ധിച്ചതിനെയും വെനിസ്വേലന്‍ ആകാശപാത 'ഫലപ്രദമായി അടഞ്ഞു' എന്ന വാഷിങ്ടണ്‍ പ്രസ്താവനയെയും അവര്‍ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഇത് സെപ്റ്റംബര്‍ മുതല്‍ നടക്കുന്ന വിപുലമായ മയക്കുമരുന്ന് വിരുദ്ധ ദൗത്യത്തിന്റെ ഭാഗമാണെന്നാണ് അമേരിക്കന്‍ അധികാരികള്‍ ഉറച്ച് പറയുന്നത്.

മിഷന്‍ 'കാര്‍ട്ടല്‍ ഓഫ് ദ സണ്‍സ്' എന്ന പേരില്‍ ട്രംപ് ചിത്രീകരിക്കുന്ന സംഘം മദൂറോയുടെയും സുരക്ഷാ വിഭാഗങ്ങളിലെയും സുപ്രധാന വ്യക്തികളുടെയും നേതൃത്വത്തിലുള്ള ഒരു കുറ്റസംഘമാണെന്നാണ് വാഷിംഗ്ടണിന്റെ ആരോപണം. മഡൂറോയെ പിടികൂടുന്നവര്‍ക്ക് 50 മില്യണ്‍ ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇത് വസ്തുതയേക്കാള്‍ അഭ്യൂഹമാണെന്നും, ചില ഉന്നത ഉദ്യോഗസ്ഥരുടെ അഴിമതി പശ്ചാത്തലമാണ് ഇത് സൂചിപ്പിക്കുന്നതെന്നും വെനിസ്വേലന്‍ വിദഗ്ദ്ധര്‍ പറയുന്നു.

അന്തരീക്ഷം വഷളാകുമ്പോള്‍ വെനിസ്വേലന്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്. അമേരിക്കന്‍ 'ആക്രമണം' ചെറുക്കണമെന്നാവശ്യപ്പെട്ട് മഡൂറോ ഒപെക്കിന് കത്ത് എഴുതിയിട്ടുണ്ട്. 'ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരങ്ങള്‍ കൈവശപ്പെടുത്താനാണ് അമേരിക്കയുടെ നീക്കം. സൈനിക ശക്തി ഉപയോഗിച്ചാണ് അവര്‍ ഈ ശ്രമം നടത്തുന്നത്,' കത്തില്‍ മഡൂറോ ആരോപിച്ചു.

വാഷിങ്ടണ്‍-കരാക്കസ് വിവാദം വീണ്ടും തീവ്രമാകുന്ന പശ്ചാത്തലത്തില്‍ ട്രംപ്-മഡൂറോ രഹസ്യ ഫോണ്‍വിളി ഇരുരാജ്യങ്ങളിലും പുതിയ രാഷ്ട്രീയചലനങ്ങള്‍ക്ക് വഴിയൊരുക്കുകയാണ്.