എപ്പോഴും കേള്‍ക്കാന്‍ എ ഐ ഉണ്ടാകും; പക്ഷേ ഒരു മനഃശാസ്ത്ര വിദഗ്ധന് പകരമാകുമോ? വിദഗ്ധര്‍ പറയുന്നത്

എപ്പോഴും കേള്‍ക്കാന്‍ എ ഐ ഉണ്ടാകും; പക്ഷേ ഒരു മനഃശാസ്ത്ര വിദഗ്ധന് പകരമാകുമോ? വിദഗ്ധര്‍ പറയുന്നത്


ന്യൂഡല്‍ഹി: മാനസിക സമ്മര്‍ദമോ വിഷാദമോ അനുഭവപ്പെടുമ്പോള്‍ സുഹൃത്തുക്കളെക്കാള്‍ എ ഐ ചാറ്റ്‌ബോട്ടുകളോട് മനസ്സുതുറക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഏത് സമയത്തും ലഭ്യമാകുക, ഉടന്‍ മറുപടി നല്‍കുക, ആശ്വാസവാക്കുകള്‍ പറയുക തുടങ്ങിയ സവിശേഷതകള്‍ കാരണം പലരും എ ഐയെ വൈകാരിക പിന്തുണയ്ക്കായി ഉപയോഗിക്കുന്നു. എന്നാല്‍ ഒരു സൈക്കോളജിസ്റ്റിനെയോ സൈക്യാട്രിസ്റ്റിനെയോ എ ഐക്ക് പകരമാക്കാനാകുമോ എന്ന ചോദ്യത്തിന് വിദഗ്ധരുടെ മറുപടി വ്യക്തമാണ്- ഇല്ല.

മാനസികാരോഗ്യ സേവനങ്ങളെ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതില്‍ എ ഐക്ക് പ്രധാന പങ്കുണ്ടെങ്കിലും മനുഷ്യ വിദഗ്ധരുടെ ചികിത്സയ്ക്ക് പകരമാകാന്‍ ഇതിന് കഴിയില്ലെന്നാണ് മാനസികാരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

എ ഐക്ക് ചെയ്യാന്‍ കഴിയുന്നത്

മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ദൈനംദിന സഹായങ്ങളില്‍ എ ഐ ഫലപ്രദമാണെന്ന് വിദഗ്ധര്‍ പറയുന്നു. മാനസികാവസ്ഥ നിരീക്ഷിക്കല്‍, ശ്വാസോച്ഛ്വാസ പരിശീലനങ്ങള്‍ നിര്‍ദേശിക്കല്‍, ഡയറി എഴുതാന്‍ പ്രോത്സാഹിപ്പിക്കല്‍, പ്രതികൂല ചിന്താരീതികള്‍ തിരിച്ചറിയാന്‍ സഹായിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ എ ഐ പ്രയോജനപ്പെടും. പ്രത്യേകിച്ച് മാനസികാരോഗ്യ വിദഗ്ധരുടെ സേവനം എളുപ്പത്തില്‍ ലഭിക്കാത്തവര്‍ക്ക് ഇത് സഹായകരമാണ്.

എന്നാല്‍ യഥാര്‍ഥ ചികിത്സയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകം മനുഷ്യബന്ധമാണെന്ന് സൈക്കോതെറാപ്പിസ്റ്റും ഗേറ്റ്‌വേ ഓഫ് ഹീലിംഗ് സ്ഥാപകയുമായ ഡോ. ചാന്ദ്‌നി തുഗ്‌നൈത് പറയുന്നു. 'ഒരാള്‍ നമ്മളെ ആത്മാര്‍ഥമായി കേള്‍ക്കുന്നു എന്ന അനുഭവമാണ് ചികിത്സയുടെ അടിസ്ഥാനം. ആഘാതമുണ്ടാക്കിയ അനുഭവങ്ങള്‍, ദുഃഖം, മാനസിക പ്രതിസന്ധികള്‍ എന്നിവ കൈകാര്യം ചെയ്യാന്‍ മാനുഷികമായ സഹാനുഭൂതിയും സാഹചര്യബോധവും ആവശ്യമാണ്. അതിന് എ ഐയ്ക്ക് ഇപ്പോള്‍ കഴിയില്ല,' അവര്‍ പറഞ്ഞു.

എന്തുകൊണ്ടാണ് ആളുകള്‍ എഐയോട് മനസ്സ് തുറക്കുന്നത്?

എ ഐയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ 24 മണിക്കൂര്‍ ലഭ്യതയാണ്. അര്‍ധരാത്രിയിലും ആരെയും ബുദ്ധിമുട്ടിക്കാതെ സംസാരിക്കാന്‍ കഴിയുമെന്നതാണ് പലരെയും ആകര്‍ഷിക്കുന്നത്.

'എ ഐ ഒരിക്കലും വിധി പറയുകയോ ഇടയ്ക്ക് തടസ്സപ്പെടുത്തുകയോ ചെയ്യുന്നില്ല. ഒരേ കാര്യം വീണ്ടും പറഞ്ഞാലും അത് ക്ഷമയോടെ കേള്‍ക്കും. അതുകൊണ്ട് തന്നെ പലര്‍ക്കും യഥാര്‍ഥ ജീവിതത്തില്‍ പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ എ ഐയോട് തുറന്നുപറയാന്‍ കഴിയുന്നു,' ഡോ. തുഗ്‌നൈത് വ്യക്തമാക്കി.

കൈലാഷ് ആശുപത്രിയിലെ ന്യൂറോ- സൈക്യാട്രിസ്റ്റ് ഡോ. അഭയ് സിംഗ് തോമറും ഇതേ അഭിപ്രായമാണ് പങ്കുവെക്കുന്നത്. എ ഐ ആളുകളെ വികാരങ്ങള്‍ പങ്കുവെക്കാന്‍ പ്രോത്സാഹിപ്പിക്കുമെങ്കിലും വിഷാദരോഗം, ഉത്കണ്ഠ, ഗുരുതര മാനസിക പ്രശ്‌നങ്ങള്‍ എന്നിവയുള്ളവര്‍ക്ക് വിദഗ്ധരുടെ നേരിട്ടുള്ള ചികിത്സ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ആരാണ് എ ഐയോട് കൂടുതല്‍ വൈകാരികമായി അടുക്കാന്‍ സാധ്യത?

കൗമാരക്കാര്‍, യുവാക്കള്‍, ഏകാന്തത അനുഭവിക്കുന്ന മുതിര്‍ന്നവര്‍, സാമൂഹിക ഉത്കണ്ഠയുള്ളവര്‍ എന്നിവരാണ് എ ഐയോട് കൂടുതല്‍ വൈകാരിക അടുപ്പം വളര്‍ത്താന്‍ സാധ്യതയുള്ള വിഭാഗങ്ങളെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. മറ്റുള്ളവരുടെ വിമര്‍ശനം ഭയപ്പെടുന്നവര്‍ക്കും അന്തര്‍മുഖ സ്വഭാവമുള്ളവര്‍ക്കും എ ഐയുമായി കൂടുതല്‍ അടുപ്പം തോന്നാന്‍ സാധ്യതയുണ്ട്.

മനുഷ്യബന്ധത്തിന് പകരമാകരുത്

എ ഐയുമായി മാത്രം കൂടുതല്‍ സമയം ചെലവഴിച്ച് യഥാര്‍ഥ മനുഷ്യബന്ധങ്ങളില്‍ നിന്ന് അകന്നുപോകുന്നത് ഏകാന്തത വര്‍ധിപ്പിക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

'വൈകാരിക പിന്തുണയ്ക്കായി പൂര്‍ണമായും എ ഐയെ ആശ്രയിച്ചാല്‍ ആളുകള്‍ സമൂഹത്തില്‍ നിന്ന് കൂടുതല്‍ ഒറ്റപ്പെടാന്‍ സാധ്യതയുണ്ട്. അതോടെ പ്രശ്‌നങ്ങള്‍ ഗുരുതരമാകുമ്പോള്‍ വിദഗ്ധരുടെ സഹായം തേടുന്നതും വൈകാം. എ ഐ താത്ക്കാലിക ആശ്വാസം നല്‍കുമെങ്കിലും യഥാര്‍ഥ സഹാനുഭൂതിയോ ഉത്തരവാദിത്തമോ നല്‍കാന്‍ അതിന് കഴിയില്ല,' ഡോ. അഭയ് സിംഗ് തോമര്‍ പറഞ്ഞു.

എ ഐയ്ക്ക് ഇപ്പോഴും കഴിയാത്തത്

ആത്മഹത്യാ സാധ്യത കൃത്യമായി വിലയിരുത്തുക, മാനസികരോഗങ്ങള്‍ നിര്‍ണയിക്കുക, അടിയന്തര മാനസികാരോഗ്യ പ്രതിസന്ധികളില്‍ ഇടപെടുക, വ്യക്തിയുടെ സങ്കീര്‍ണമായ സാമൂഹിക- മാനസിക പശ്ചാത്തലം മനസ്സിലാക്കുക തുടങ്ങിയ കാര്യങ്ങളില്‍ എ ഐയ്ക്ക് ഇപ്പോഴും പരിമിതികളുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അതിനാല്‍ മാനസികാരോഗ്യ സംരക്ഷണത്തില്‍ എ ഐയെ ഒരു സഹായി ഉപകരണം എന്ന നിലയിലാണ് കാണേണ്ടത്; മനഃശാസ്ത്ര വിദഗ്ധരുടെയോ സൈക്യാട്രിസ്റ്റുകളുടെയോ ചികിത്സയ്ക്ക് പകരമായി ഒരിക്കലും കാണരുത് എന്നാണ് വിദഗ്ധരുടെ ഏകകണ്ഠമായ അഭിപ്രായം.