തീവ്രമഴ ദുരന്തം: മുഖ്യമന്ത്രിയുടെ ക്രൈസിസ് മാനേജ്മെന്റ് പരാജയപ്പെട്ടോ? സിപിഎം വിമർശനത്തിന്റെ മുനയൊടിക്കാനാവാതെ കോൺ​ഗ്രസ്

തീവ്രമഴ ദുരന്തം: മുഖ്യമന്ത്രിയുടെ ക്രൈസിസ് മാനേജ്മെന്റ് പരാജയപ്പെട്ടോ? സിപിഎം വിമർശനത്തിന്റെ മുനയൊടിക്കാനാവാതെ കോൺ​ഗ്രസ്


നിലപാടുകളുടെയും കട്ട തീരുമാനങ്ങളുടെയും രാജകുമാരൻ എന്ന മുഖ്യമന്ത്രി വി.ഡി സതീശന്റെ പ്രതിച്ഛായ കേരളത്തിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഹരമായിരുന്നതാണ്. പത്രസമ്മേളനങ്ങളി‍ലെ ചോദ്യങ്ങൾക്ക് ഉരുളയ്ക്ക് ഉപ്പേരി പോലെയുള്ള മറുപടികളും പൂക്കി ​ഗിമിക്കുകളും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു ഓളമായിട്ടാണെങ്കിലും മലയാളികൾ ഏറ്റെടുത്തിരുന്നു. എന്നാൽ, രണ്ട് ദിവസമായി കേരളം നേരിടുന്ന അതിതീവ്രമഴ നേരിടുന്നതിലും ദുരന്ത നിവാരണങ്ങളിലും സിപിഎം മുഖ്യമന്ത്രിക്കെതിരേ ഉന്നയിക്കുന്ന വിമർശനങ്ങൾ അത്ര എളുപ്പം തള്ളിക്കളയാവുന്നതല്ല. 

മഴക്കെടുതിയും കടലാക്രമണവും ഉരുൾപൊട്ടലുമൊക്കെ നേരിടുന്ന ജനവിഭാ​ഗങ്ങളെ ചേർത്തുപിടിക്കേണ്ട മുഖ്യമന്ത്രി, മാധ്യമങ്ങൾക്ക് മുന്നിൽ പോലുമെത്താതെ ഓഫീസിൽ നിന്നുള്ള ബ്രീഫിം​ഗിൽ മാത്രം ഒതുങ്ങുകയാണെന്നാണ് പ്രധാന ആക്ഷേപം. എല്ലാ സമയത്തും മാധ്യമങ്ങൾക്ക് മുന്നിലെത്തുന്ന മുഖ്യമന്ത്രി രണ്ട് ദിവസമായി അപ്രത്യക്ഷനാണ്. മന്ത്രിമാർ വിവിധ ജില്ലകളിൽ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ടെങ്കിലും മുഖ്യമന്ത്രി നേരിട്ടിറങ്ങേണ്ടതല്ലേ എന്ന ചോദ്യം പ്രസക്തമാണ്. 

ഇതുമായി ബന്ധപ്പെട്ട് സിപിഎം ഉന്നയിക്കുന്ന രണ്ട് കാര്യങ്ങളിലും കോൺ​ഗ്രസ് നേതാക്കളാരും വേണ്ടവിധത്തിൽ പ്രതികരിച്ച് കണ്ടില്ലെന്നതും ശ്രദ്ധേയമാണ്. കേരള സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ സ്വകാര്യ ആവശ്യത്തിന് ഉപയോ​ഗിച്ചെന്ന് മാത്രമല്ല, തീവ്രമഴ ദുരന്തം നേരിട്ട് കാണാൻ പോലും മുഖ്യമന്ത്രി ഉപ​യോ​ഗിച്ചില്ലെന്നതാണ് ഒന്ന്. രണ്ടാമത്തേത്, ജനം ദുരിതത്തിലായിരിക്കുമ്പോൾ വിരുന്നിൽ പങ്കെടുക്കുന്നതും. അതിതീവ്ര മഴ സംബന്ധിച്ച് കൃത്യസമയത്ത് അലർട്ട് നൽകിയില്ലെന്നതും ദുരന്തസാധ്യതയുള്ള മേഖലയിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചില്ലെന്നതും സംബന്ധിച്ച വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ഇക്കാര്യങ്ങളും ചർച്ച ചെയ്യപ്പെടുന്നത്. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട മുഖ്യമന്ത്രി, ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ട പ്രഥമ കടമ മറന്ന് മന്ത്രിമാർക്ക് ചുമതല നൽകി മാറിനിൽക്കുകയാണെന്ന വിമർശനം സാധാരണ രീതിയിലുള്ള ഉരുളയ്ക്കുപ്പേരി എത്രയെടുത്താലും മറികടക്കാൻ എളുപ്പമല്ല. 

കൂടാതെ, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉണ്ടാകേണ്ടിയിരുന്ന ക്രൈസിസ് മാനേജ്മെന്റിലും വീഴ്ചയുണ്ടായെന്ന വിമർശനവും തള്ളിക്കളയാവുന്നതല്ല. പത്തനംതിട്ടയിലെ റാന്നിയിലും വടശേരിക്കരയിലും വാ​ഗമണ്ണിലും രാത്രിയിൽ മിന്നൽ പ്രളയമായാണ് അതിതീവ്രമഴ പെയ്തിറങ്ങിയതെങ്കിലും വെള്ളിയാഴ്ച രാത്രി പുറപ്പെടുവിച്ച ഓറഞ്ച് അലർട്ട് ശനിയാഴ്ച രാവിലെ പോലും മാറിയില്ലെന്നത് സംവിധാനത്തിലെ വീഴ്ച തന്നെയാണ്. ശനിയാഴ്ച രാവിലെ റെഡ് അലർട്ട് പ്രഖ്യാപിച്ചപ്പോഴേക്കും റാന്നിയിൽ വെള്ളപ്പൊക്കം സംഭവിച്ചു കഴിഞ്ഞിരുന്നു. അപകട മേഖലയിൽ നിന്ന് ആളുകളെ മാറ്റുന്നതും ദുരന്ത നിവാരണത്തിനുള്ള നടപടികളും ഇതുമൂലം വൈകി. ഇക്കാര്യത്തിലെ വീഴ്ചകൾക്കും മുഖ്യമന്ത്രി മറുപടി പറയേണ്ടി വരും.