ഇൻഡൊനേഷ്യയിൽ യാത്രാ കപ്പലിന് തീപ്പിടിച്ചു; അഞ്ച് മരണം, 41 പേരെ കാണാതായി

ഇൻഡൊനേഷ്യയിൽ യാത്രാ കപ്പലിന് തീപ്പിടിച്ചു; അഞ്ച് മരണം, 41 പേരെ കാണാതായി


ജക്കാർത്ത: ഇൻഡൊനേഷ്യയിൽ യാത്രാ കപ്പലിന് (ഫെറി) തീപിടിച്ച് അഞ്ച് പേർ മരിച്ചു. ഏകദേശം 250 യാത്രക്കാരും ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന കെഎംപി മുത്യാര സെൻസോസ- 2 എന്ന കപ്പലിനാണ് തീപ്പിടിച്ചത്. അപകടത്തിൽ 41 പേരെ കാണാതായതായി രാജ്യത്തെ തെരച്ചിൽ-രക്ഷാ ഏജൻസി അറിയിച്ചു. 225 പേരെ ഇതുവരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും പ്രാദേശിക സെർച്ച് ആൻഡ് റെസ്ക്യൂ ഏജൻസി അറിയിച്ചു.

തീപിടിത്തം രൂക്ഷമായതോടെ നിരവധി യാത്രക്കാർ ജീവൻ രക്ഷപെടുത്താനായി കടലിലേക്ക് എടുത്തുചാടി. സമീപത്ത് സഞ്ചരിച്ചിരുന്ന മറ്റൊരു കപ്പലാണ് ഇവരിൽ ചിലരെ രക്ഷപെടുത്തിയത്. കിഴക്കൻ ജാവയിലെ സുരബായയിൽ നിന്ന് ദക്ഷിണ സുലവേസിയിലെ മകാസറിലേക്ക് പോകുന്നതിനിടെയാണ് ഫെറിക്ക് തീപിടിച്ചതെന്ന് ഇന്തോനേഷ്യയുടെ ദേശീയ ദുരന്തനിവാരണ-തെരച്ചിൽ ഏജൻസിയായ ബസർനാസ് വ്യക്തമാക്കി. അപകടത്തെ തുടർന്ന് കപ്പലിൻ്റെ ക്യാപ്റ്റൻ ആദ്യം ഫെറി കമ്പനിയെ വിവരം അറിയിച്ചെങ്കിലും പിന്നീട് അദ്ദേഹവുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

അപകടസ്ഥലത്തേക്ക് സുരബായയിൽ നിന്ന് വലിയ രക്ഷാപ്രവർത്തക സംഘം പുറപ്പെട്ടിട്ടുണ്ട്. അപകടസ്ഥലത്തെത്താൻ ഏകദേശം ആറു മണിക്കൂർ സമയമെടുക്കുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, തീപിടിത്തം കാരണം സമീപത്തുണ്ടായിരുന്ന നാല് കപ്പലുകൾക്ക് ഉടൻ ഈ കപ്പലിനടുത്തേക്ക് എത്താൻ സാധിച്ചില്ല.

17,000-ത്തിലധികം ദ്വീപുകൾ ഉൾക്കൊള്ളുന്ന ഇന്തോനേഷ്യയിൽ ഫെറികളും ബോട്ടുകളുമാണ് പ്രധാന ഗതാഗത മാർഗം. സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്‌ചകളും പ്രതികൂല കാലാവസ്ഥയും കാരണം സമുദ്രാപകടങ്ങൾ ഇവിടെ പതിവാണ്. കഴിഞ്ഞ മാസം 70-ലധികം യാത്രക്കാരുമായി സഞ്ചരിച്ച മറ്റൊരു ഫെറി സെലയാർ ദ്വീപിന് സമീപം മുങ്ങിയിരുന്നു.

ആ അപകടത്തിൽ നാല് പേർ മരിക്കുകയും 14 പേരെ പിന്നീട് കണ്ടെത്താനാകാതിരിക്കുകയും ചെയ്‌തിരുന്നു. പുതിയ ദുരന്തം വീണ്ടും രാജ്യത്തെ സമുദ്രഗതാഗത സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ശക്തമാക്കിയിരിക്കുകയാണ്. ഇപ്പോഴത്തെ അപകടത്തിൽ കാണാതായവർക്കായുള്ള തെരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.