പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ മിന്നൽ പ്രളയം ഉണ്ടാകാനുള്ള സാധ്യത വീണ്ടുമുണ്ടെന്നും പ്രളയ സാധ്യത സ്ഥലങ്ങളിൽ ജാഗ്രത വേണമെന്നും സാംസ്‌കാരിക ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്. ജില്ലയിൽ കനത്ത ജാഗ്രത തുടരണം. പ്രളയ സാധ്യത സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റുന്നത് തുടരും. ഇന്ന് രാത്രി കൂടി സഹകരിക്കണം. കോൺഗ്രസുകാരെ കൂട്ടി അവലോകന യോഗം നടത്തി എന്ന ആരോപണം സങ്കടപ്പെടുത്തിയെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.
സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയും വിവിധ പ്രദേശങ്ങളിലെ പ്രളയ സാഹചര്യവും കണക്കിലെടുത്ത് പത്തനംതിട്ട, കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 3) അവധി പ്രഖ്യാപിച്ചു. വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷ മുൻനിർത്തിയാണ് ജില്ലാ ഭരണകൂടങ്ങൾ തീരുമാനം സ്വീകരിച്ചത്.
മഴക്കെടുതി മുന്‍നിര്‍ത്തി ഓരോ വാര്‍ഡിലും ശുചീകരണത്തിന് 25,000 രൂപ സര്‍ക്കാര്‍ അനുവദിച്ചതായും മന്ത്രി പി സി വിഷ്ണുനാഥ് അറിയിച്ചു. മഴക്കാലപൂര്‍വ മുന്‍ ഒരുക്കങ്ങള്‍ക്കായി വാര്‍ഡില്‍ അനുവദിച്ച തുകയ്ക്ക് പുറമേയാണിത്. ഈ തുക ഉപയോഗിച്ച് ശുചീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ ചെയ്യാനാകും. ദുരിതാശ്വാസ ക്യാമ്പുകളിലെ സന്ദര്‍ശനത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.
ദുരന്ത സാഹചര്യം നേരിടാന്‍ ജനങ്ങളെ പരമാവധി ക്യാമ്പുകളില്‍ എത്തിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ സൗകര്യങ്ങളെല്ലാം ഉറപ്പാക്കി. ഒറ്റപ്പെട്ടു പോകുന്നവരെ ക്യാമ്പുകളില്‍ എത്തിക്കുന്നതിന് എന്‍ഡിആര്‍എഫ് യൂണിറ്റ് സജീവമായി പ്രവര്‍ത്തിക്കുന്നു. അധികമായി ഒരു യൂണിറ്റ് കൊല്ലത്തുനിന്ന് വരുത്തി. ഫയര്‍ഫോഴ്‌സിന്റെ മൂന്ന് യൂണിറ്റുകള്‍ എറണാകുളം, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ നിന്ന് ജില്ലയില്‍ എത്തിച്ചു. കൊല്ലം, ആലപ്പുഴയില്‍ ജില്ലകളില്‍ നിന്ന് മത്സ്യത്തൊഴിലാളി സഹോദരന്മാര്‍ എത്തിയിട്ടുണ്ട്. ഒറ്റക്കെട്ടായി സര്‍ക്കാരും എംഎല്‍എമാരും ജില്ല, പ്രാദേശിക ഭരണകൂടങ്ങളും പ്രവര്‍ത്തിക്കുന്നു. സന്നദ്ധ പ്രവര്‍ത്തകര്‍, മാധ്യമ സ്‌നേഹിതന്മാര്‍ എന്നിവരോടുള്ള നന്ദിയും മന്ത്രി അറിയിച്ചു.
കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു. വിനോദസഞ്ചാര മേഖലകളിലേക്കുള്ള നിയന്ത്രണങ്ങൾ ലംഘിച്ച് കാസർകോട് കൊന്നക്കാട് അച്ഛൻ കല്ല് വെള്ളച്ചാട്ടത്തിലേക്ക് എത്തിയ യുവാക്കളെ റവന്യൂ അധികൃതർ മടക്കി അയച്ചു. ഇന്ന് 12 മണിയോടെയാണ് ഒരു സംഘം യുവാക്കൾ വെള്ളച്ചാട്ട പരിസരത്തേക്ക് എത്തിയത്.
പത്തനംതിട്ടയിൽ വീണ്ടും ജാഗ്രത നിർദ്ദേശം; മിന്നൽ പ്രളയത്തിന് വീണ്ടു സാധ്യതയെന്ന് മന്ത്രി പി.സി വിഷ്ണുനാഥ്, അവധി 9 ജില്ലകളിൽ
