റിയാദ്: പശ്ചിമേഷ്യയിൽ വീണ്ടും സമാധാനമുണ്ടാകുമോയെന്ന വലിയ ചോദ്യത്തിന് പ്രതീക്ഷയുടെ ഒരു വെളിച്ചം കണ്ടുതുടങ്ങിയെന്നാണ് ലോക രാഷ്ട്രീയം വിലയിരുത്തുന്നത്. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ അമീർ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ടെലഫോണിൽ നടത്തിയ ചർച്ചയിലാണ് ഈ പ്രതീക്ഷയുടെ പുതുവെളിച്ചം. ഇറാനെതിരേ പ്രത്യാക്രമണം അമേരിക്ക കൂടുതൽ വിപുലമാക്കുന്നതിനിടെ പ്രശ്നങ്ങൾക്ക് ഒരു സമവായമുണ്ടാക്കാൻ ഈ ഇടപെടൽ വഴിത്തിരിവുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
പശ്ചിമേഷ്യൻ മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷം കുറയ്ക്കണമെന്നും നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണമെന്നുമാണ് സൗദി കിരീടാവകാശി ട്രംപിനോട് അഭ്യർത്ഥിച്ചത്. ചർച്ച നടന്ന കാര്യം സൗദി സ്ഥിരീകരിച്ചിട്ടുണ്ട്. മേഖലയിൽ യുദ്ധസാഹചര്യം നിലനിൽക്കുന്നത് സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വിഘാതമുണ്ടാക്കുകയാണെന്നും അത് തടയാൻ എല്ലാ ശ്രമങ്ങളും നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സൈനിക നീക്കങ്ങൾക്ക് പകരം നയതന്ത്ര നീക്കങ്ങൾക്ക് പ്രാധാന്യം നൽകണം. മേഖലയിലെ രാജ്യങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാകുന്ന നീക്കങ്ങൾ ഒഴിവാക്കണമെന്നും ഞായറാഴ്ച നടത്തിയ ടെലഫോൺ ചർച്ചയിൽ മുഹമ്മദ് ബിൻ സൽമാൻ ആവശ്യപ്പെട്ടു. വൻതോതിലുള്ള വ്യോമാക്രമണങ്ങൾ സ്ഥിതിഗതികൾ വഷളാക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.
അതേസമയം, മേഖലയിൽ പുതിയൊരു യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങാതിരിക്കാൻ ഖത്തർ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തിൽ അടിയന്തര നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഹോർമൂസ് കടലിടുക്കിലൂടെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ ഇറാനും ഒമാനും തമ്മിൽ കരാറിലെത്തിക്കുകയാണ് മധ്യസ്ഥ ചർച്ചകളുടെ പ്രാഥമിക ലക്ഷ്യം. ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫുമായും ഇറാനിയൻ ഉദ്യോഗസ്ഥരുമായും ഇവർ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്.
ഹോർമൂസ് കടലിടുക്ക് ഉടനടി തുറന്നു നൽകുന്നതും ഇറാന്റെ ആണവ പദ്ധതികൾ അവസാനിപ്പിക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ധാരണയായതായി അറിയിച്ച ട്രംപ്, ഇറാനെതിരായ പുതിയ സൈനിക നീക്കങ്ങൾ തത്കാലം നിറുത്തിവച്ചതായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൗദി കിരീടാവകാശി ചർച്ച നടത്തിയ കാര്യം സൗദി വ്യക്തമാക്കിയത്. എന്നാൽ, എത്രയും വേഗം സമാധാന കരാറിലെത്തണമെന്ന നിബന്ധനയോടെയാണ് അമേരിക്ക തത്കാലം ആക്രമണങ്ങൾ നിറുത്തിവച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പശ്ചിമേഷ്യൻ സംഘർഷത്തിന് അയവുണ്ടാകുമോ? പ്രതീക്ഷയേകി സൗദി കിരീടാവകാശി- ട്രംപ് ചർച്ച
