ഹാന്റാവൈറസ് ഭീതിയിലോ ലോകം? കോവിഡ് പോലെ മഹാമാരിയാകുമോ? വിശദീകരണവുമായി ലോകാരോഗ്യ സംഘടന

ഹാന്റാവൈറസ് ഭീതിയിലോ ലോകം? കോവിഡ് പോലെ മഹാമാരിയാകുമോ? വിശദീകരണവുമായി ലോകാരോഗ്യ സംഘടന


ജനീവ: ഹാന്റാവൈറസ് ബാധയെ തുടർന്ന് ക്രൂയിസ് കപ്പലിലുണ്ടായ മൂന്ന് മരണങ്ങൾ ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ദക്ഷിണ അറ്റ്‌ലാന്റിക് സമുദ്രത്തിൽ സഞ്ചരിച്ചിരുന്ന എംവി ഹോണ്ടിയസ് ക്രൂയിസ് കപ്പലിലെ യാത്രക്കാരിലാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ കപ്പലിൽ നിന്ന് ഇറങ്ങിയ യാത്രക്കാരെയും സമ്പർക്കത്തിൽപ്പെട്ടവരെയും വിവിധ രാജ്യങ്ങൾ നിരീക്ഷണത്തിലാക്കി.

മെയ് 6 വരെ എട്ട് ഹാന്റാവൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഇതിൽ മൂന്ന് പേർ ലബോറട്ടറി പരിശോധനയിൽ രോഗബാധിതരാണെന്ന് സ്ഥിരീകരിച്ചു. മരണങ്ങളും ഇതേ കേസുകളിലാണ് റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ 24ന് ദക്ഷിണ അറ്റ്‌ലാന്റിക്കിലെ സെന്റ് ഹെലീന ദ്വീപിൽ കപ്പൽ നിർത്തിയപ്പോൾ ഇറങ്ങിയ യാത്രക്കാരെല്ലാവരെയും ബന്ധപ്പെട്ടതായി കപ്പൽ അധികൃതർ അറിയിച്ചു. കുറഞ്ഞത് 12 രാജ്യങ്ങളിൽ നിന്നുള്ളവരാണ് യാത്രക്കാരിലുണ്ടായിരുന്നത്.

എലികളിലൂടെ പകരുന്ന സൂണോട്ടിക് വൈറസുകളുടെ കൂട്ടത്തിലാണ് ഹാന്റാവൈറസ് ഉൾപ്പെടുന്നത്. രോഗബാധിതമായ എലികളുടെ മൂത്രം, മല, ഉമിനീര് എന്നിവയുമായുള്ള സമ്പർക്കത്തിലൂടെയാണ് സാധാരണ മനുഷ്യരിലേക്ക് വൈറസ് പകരുന്നത്. ചില പ്രത്യേക വൈറസ് വകഭേദങ്ങളിൽ വളരെ അപൂർവമായി മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും രോഗം പകരാം.

എംവി ഹോണ്ടിയസിൽ കണ്ടെത്തിയ വൈറസ് 'ആൻഡീസ് വൈറസ്' ആണെന്ന് ലോകാരോഗ്യ സംഘടനയും സ്വിറ്റ്‌സർലൻഡിലെ ജിനീവ യൂണിവേഴ്‌സിറ്റി ആശുപത്രിയും സ്ഥിരീകരിച്ചു. ദക്ഷിണ അമേരിക്കയിൽ കാണപ്പെടുന്ന ഈ വൈറസ് മനുഷ്യർക്കിടയിലെ പരിമിതമായ രോഗവ്യാപന ശേഷിയുള്ള ഏക ഹാന്റാവൈറസ് വകഭേദമാണെന്ന് വിദഗ്ധർ പറയുന്നു.

അമേരിക്കൻ ഭൂഖണ്ഡത്തിൽ കാണപ്പെടുന്ന ഹാന്റാവൈറസ് ശ്വാസകോശത്തെയും ഹൃദയത്തെയും ബാധിച്ച് ഹാന്റാവൈറസ് കാർഡിയോപൾമണറി സിൻഡ്രോം ഉണ്ടാക്കാം. യൂറോപ്പിലും ഏഷ്യയിലും കാണുന്ന ചില വകഭേദങ്ങൾ വൃക്കയെയും രക്തക്കുഴലുകളെയും ബാധിക്കുന്ന ഹീമറാജിക് ഫീവറിന് കാരണമാകുന്നു.

പനി, ശരീരവേദന, തലവേദന, ക്ഷീണം തുടങ്ങിയ ഫ്‌ളൂ പോലുള്ള ലക്ഷണങ്ങളോടെയാണ് രോഗം ആരംഭിക്കുന്നത്. ഗുരുതരമായാൽ ശ്വാസതടസം, നെഞ്ചുവേദന, ശ്വാസകോശത്തിൽ ദ്രാവകം നിറയൽ എന്നിവ ഉണ്ടാകാം. സമയത്ത് ചികിത്സ ലഭിക്കാത്ത പക്ഷം രോഗം മാരകമാകാനും സാധ്യതയുണ്ട്.

ഹാന്റാവൈറസിന് പ്രത്യേക ചികിത്സയോ വ്യാപകമായി ഉപയോഗിക്കുന്ന വാക്‌സിനോ നിലവിലില്ല. രോഗിയുടെ ശ്വാസകോശ, ഹൃദയ, വൃക്ക സംബന്ധമായ പ്രശ്‌നങ്ങൾ നിയന്ത്രിക്കുന്ന പിന്തുണാ ചികിത്സയാണ് പ്രധാനമായും നൽകുന്നത്. രോഗബാധിത എലികളുമായുള്ള സമ്പർക്കം ഒഴിവാക്കുകയാണ് പ്രധാന പ്രതിരോധ മാർഗം.

അതേസമയം, കോവിഡ് പോലെ മറ്റൊരു മഹാമാരിയിലേക്ക് സ്ഥിതി മാറില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. 'ഇത് കൊറോണ വൈറസ് പോലെയുള്ള സാഹചര്യമല്ല. ഹാന്റാവൈറസ് വളരെ വ്യത്യസ്തമായ വൈറസാണ്,' എന്ന് ഡബ്ല്യുഎച്ച്ഒ മഹാമാരി വിഭാഗം ഡയറക്ടർ മരിയ വാൻ കെർഖോവ് പറഞ്ഞു. നിലവിൽ പൊതുജനാരോഗ്യ ഭീഷണി കുറവാണെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു.

കപ്പലിലുള്ള ബാക്കി യാത്രക്കാർക്ക് നിലവിൽ രോഗലക്ഷണങ്ങളൊന്നുമില്ലെന്നാണ് റിപ്പോർട്ട്. കപ്പൽ വാരാന്ത്യത്തിൽ കാനറി ദ്വീപുകളിൽ എത്തും. അവിടെ നിന്ന് യാത്രക്കാർ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാനാണ് പദ്ധതി. ലോകാരോഗ്യ സംഘടനയും വിവിധ രാജ്യങ്ങളും സ്ഥിതിഗതികൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.