മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള പുതിയ കൊറോണ വൈറസ്‌ കണ്ടെത്തി

മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള പുതിയ കൊറോണ വൈറസ്‌ കണ്ടെത്തി


കോവിഡ് മഹാമാരിയുടെ ഭീതിയിൽ നിന്ന് ലോകം സാധാരണജീവിതത്തിലേക്ക് മടങ്ങിക്കൊണ്ടിരിക്കുമ്പോൾ വീണ്ടും ആശങ്കയുണർത്തി പുതിയ കൊറോണ വൈറസ് കണ്ടെത്തൽ. തായ്‌ലൻഡിലെ വവ്വാലുകളിൽ മനുഷ്യരെ ബാധിക്കാനുള്ള സാധ്യതയുള്ള പുതിയ തരത്തിലുള്ള കൊറോണ വൈറസ് കണ്ടെത്തിയതായി ശാസ്ത്രജ്ഞർ അറിയിച്ചു. ഗവേഷണഫലങ്ങൾ സെൽ ജേർണലിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

മനുഷ്യരിൽ വൈറസ് പടർന്നതായി ഇപ്പോൾ  തെളിവുകളില്ലെങ്കിലും, മനുഷ്യശരീരത്തിലെ കോശങ്ങളുമായി ബന്ധപ്പെടാനുള്ള ശേഷി ഈ വൈറസിനുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്. കോവിഡ് വൈറസുകളടങ്ങുന്ന 'സാർബെകോ വൈറസ്' വിഭാഗവുമായി സാമ്യമുള്ള സ്വഭാവമാണ് പുതിയ വൈറസിനുള്ളതെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

യൂണിവേഴ്‌സിറ്റി ഓഫ് ടോക്യോയിലെ ഗവേഷകരുൾപ്പെടുന്ന അന്താരാഷ്ട്ര ശാസ്ത്രസംഘമാണ് പഠനം നടത്തിയത്. തായ്‌ലൻഡിൽ വിവിധ തരത്തിലുള്ള വവ്വാലുകളിൽ കൊറോണ വൈറസുകൾ സജീവമായി നിലനിൽക്കുന്നുണ്ടെന്നും ഇത്തരം വൈറസുകളെ നേരത്തേ തിരിച്ചറിയുന്നത് ഭാവിയിലെ മഹാമാരികളെക്കുറിച്ച് മുൻകരുതൽ എടുക്കാൻ സഹായിക്കുമെന്നും പഠനം പറയുന്നു.

മൃഗങ്ങളിൽ കണ്ടെത്തുന്ന എല്ലാ വൈറസുകളും മനുഷ്യരിലേക്ക് പകരണമെന്നില്ല. എന്നാൽ പുതിയ വൈറസിന് മനുഷ്യശരീരത്തിലെ ACE2 റിസപ്റ്ററുകളുമായി ബന്ധപ്പെടാൻ കഴിവുണ്ടെന്നാണ് കണ്ടെത്തൽ. കോവിഡ് വൈറസായ COVID-19 ശരീരത്തിലേക്ക് പ്രവേശിക്കാനും ഇതേ ACE2 റിസപ്റ്ററുകളെയാണ് ഉപയോഗിക്കുന്നത്.

സാർബികോവൈറസ് വിഭാഗത്തിൽപ്പെടുന്ന വൈറസുകളാണ്  സാർസ് (Severe Acute Respiratory Syndrome) പടർത്തിയ SARS-CoV-1 ഉം കോവിഡ് മഹാമാരിക്ക് കാരണമായ SARS-CoV-2 ഉം. 2003ലെ സാർസ് പകർച്ചവ്യാധിക്കും പിന്നീട് ലോകത്തെ പിടിച്ചുകുലുക്കിയ കോവിഡ് മഹാമാരിക്കും പിന്നിൽ ഈ വിഭാഗം വൈറസുകളായിരുന്നു.

ഇത് പുതിയ മഹാമാരി ഉടൻ ഉണ്ടാകുമെന്ന സൂചനയല്ലെന്നും, ഭാവിയിൽ സംഭവിക്കാവുന്ന അപകടസാധ്യതകളെക്കുറിച്ചുള്ള ശാസ്ത്രീയ മുന്നറിയിപ്പായി കാണണമെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം.