ഓടുന്ന ആംബുലന്‍സില്‍ പതിനാറുകാരിയെ ബലാത്സംഗം ചെയ്തു; രണ്ടുപേര്‍ പിടിയില്‍

ഓടുന്ന ആംബുലന്‍സില്‍ പതിനാറുകാരിയെ ബലാത്സംഗം ചെയ്തു; രണ്ടുപേര്‍ പിടിയില്‍


മൗഗഞ്ച്: ഓടുന്ന ആംബുലന്‍സില്‍ പതിനാറുകാരിയെ ബലാത്സംഗം ചെയ്തു. മധ്യപ്രദേശിലെ മൗഗഞ്ച് ജില്ലയില്‍ നടന്ന സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പടെ രണ്ട് പേര്‍ അറസ്റ്റിലായി. നാല് പ്രതികളില്‍ രണ്ട് പേരെ കൂടെ കണ്ടെത്താനുണ്ട്.

നവംബര്‍ 22 നാണ് സംഭവം. സഹോദരിക്കും സഹോദരീ ഭര്‍ത്താവിനുമൊപ്പമാണ് പെണ്‍കുട്ടി ആംബുലന്‍സില്‍ യാത്ര ചെയ്തത്. എന്നാല്‍ ഇവരിലാരും രോഗി ആയിരുന്നില്ല എന്ന് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ (റേവ റേഞ്ച്) സാകേത് പാണ്ഡെ വ്യക്തമാക്കി. പെണ്‍കുട്ടിയുടെ സഹോദരിയും സഹോദരീ ഭര്‍ത്താവിനും കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് ഐജി സാകേത് പാണ്ഡെ പറഞ്ഞു.

മൂവരെയും കൂടാതെ, ഡ്രൈവറും രണ്ട് സഹായികളും ആംബുലന്‍സില്‍ ഉണ്ടായിരുന്നു. വഴിമധ്യേ പെണ്‍കുട്ടിയുടെ സഹോദരിയും ഭര്‍ത്താവും വെള്ളമെടുക്കാനെന്ന വ്യാജേന വാഹനത്തില്‍ നിന്ന് ഇറങ്ങി. തുടര്‍ന്ന് ഡ്രൈവര്‍ ഇവരെ കയറ്റാതെ ആംബുലന്‍സ് ഓടിച്ചുപോവുകയായിരുന്നു. രാത്രി മുഴുവന്‍ പെണ്‍കുട്ടിയെ ബന്ദിയാക്കിയ ശേഷം പിറ്റേന്ന് രാവിലെ പ്രതികള്‍ പെണ്‍കുട്ടിയെ റോഡരികില്‍ ഉപേക്ഷിച്ചതായി ഡിഐജി പറഞ്ഞു.

വീട്ടിലെത്തിയ പെണ്‍കുട്ടി അമ്മയോട് സംഭവം വിവരിച്ചെങ്കിലും പൊലീസില്‍ അറിയിച്ചില്ല. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞ്, നവംബര്‍ 25 ന് അതിജീവിതയും അമ്മയും പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതിയില്‍ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആംബുലന്‍സ് ഡ്രൈവര്‍ വീരേന്ദ്ര ചതുര്‍വേദിയെയും ഇയാളുടെ കൂട്ടാളി രാജേഷ് കെവാട്ടിനെയും ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.

കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതിന് പെണ്‍കുട്ടിയുടെ സഹോദരിയെയും ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്യുമെന്നും ഡിഐജി അറിയിച്ചു. ഇവര്‍ക്കായുള്ള തെരച്ചില്‍ നടക്കുകയാണ്.