ന്യൂഡൽഹി: 'ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ' (DPDP) നിയമത്തിലെ വ്യവസ്ഥകൾ മാധ്യമ സ്വാതന്ത്ര്യത്തെയും വിവരങ്ങൾ അറിയാനുള്ള അവകാശത്തെയും ലംഘിക്കുന്നെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജിയിൽ, കേന്ദ്ര സർക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലാണ് വിഷയം എത്തിയത്. 'ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷൻ' (ഡിഎൻപിഎ) വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക മാധവി ദിവാന്റെ വാദങ്ങൾക്ക് ശേഷമാണ് ബെഞ്ച് നോട്ടീസ് അയച്ചത്.
മാധ്യമ പ്രവർത്തനങ്ങൾക്ക് ഈ നിയമത്തിൽ ഇളവുകൾ നൽകാത്തത് വാർത്താ റിപ്പോർട്ടിങ്ങിനെ ഗുരുതരമായി തടസ്സപ്പെടുത്തുമെന്നും അന്വേഷണാത്മക പത്രപ്രവർത്തനത്തെ ദുർബലപ്പെടുത്തുമെന്നും വിവരങ്ങൾ നൽകുന്ന ഉറവിടങ്ങളുടെ (sources) രഹസ്യസ്വഭാവം അപകടത്തിലാക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അതിനാൽ, ഡാറ്റാ സംരക്ഷണ നിയമത്തിലെയും അതിനോടനുബന്ധിച്ചുള്ള ചട്ടങ്ങളിലെയും പല വ്യവസ്ഥകളും ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ട് റദ്ദാക്കണമെന്ന് ഹർജി ആവശ്യപ്പെടുന്നു.
'ദി ഇന്ത്യൻ എക്സ്പ്രസ്', 'ദി ഹിന്ദു', 'ഇന്ത്യാ ടുഡേ', 'ടൈംസ് ഗ്രൂപ്പ്', 'സീ', 'എൻഡിടിവി', 'നെറ്റ്വർക്ക് 18' തുടങ്ങിയ പ്രമുഖ വാർത്താ സ്ഥാപനങ്ങളുടെ ഡിജിറ്റൽ വിഭാഗങ്ങൾ ഉൾപ്പെടുന്ന സംഘടനയാണ് ഡിഎൻപിഎ. ഈ നിയമത്തിലെ വ്യവസ്ഥകൾ മാധ്യമ സ്വാതന്ത്ര്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് അവർ വാദിക്കുന്നു.
നിലവിൽ തീർപ്പാക്കാനുള്ള മറ്റ് കേസുകൾക്കൊപ്പം നവംബർ 17ന് വീണ്ടും വാദം കേൾക്കുന്നതിനായി കേസ് ലിസ്റ്റ് ചെയ്തിട്ടുണ്ട്. വാദം കേൾക്കുന്നതിനിടെ, ചോദ്യം ചെയ്യപ്പെട്ട വ്യവസ്ഥകൾ സ്റ്റേ ചെയ്യുന്നതിനായി നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ദിവാൻ സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചു. അല്ലാത്തപക്ഷം വാർത്താമുറികൾ അടച്ചുപൂട്ടേണ്ടി വരുമെന്നും അവർ വാദിച്ചു.
എന്നാൽ, അത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ ബെഞ്ച് വിസമ്മതിച്ചു. എതിർഭാഗത്തിന്റെ വാദം കേൾക്കാതെ ഏകപക്ഷീയമായ (ex parte) ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. 'ലെഗസി മീഡിയ' (പരമ്പരാഗത മാധ്യമങ്ങൾ) എന്ന് വിളിക്കപ്പെടുന്ന വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ സമഗ്രമായ ഹർജിയാണിതെന്ന് ദിവാൻ ശക്തമായി വാദിച്ചു. "ഞങ്ങളാണ് പരമ്പരാഗതവും ചിരകാലമായി നിലനിൽക്കുന്നതുമായ മാധ്യമങ്ങൾ" എന്നും അവർ കൂട്ടിച്ചേർത്തു.
വാർത്ത എന്ന സങ്കൽപ്പത്തെക്കുറിച്ച് ചിന്തിക്കണമെന്ന് ദിവാൻ ആവശ്യപ്പെട്ടു. "ഒരു വ്യക്തി (ഡാറ്റാ പ്രിൻസിപ്പൽ) സമ്മതം നൽകുമോ ഇല്ലയോ എന്നതിനെ ആശ്രയിച്ച് കാര്യങ്ങൾ മുന്നോട്ട് പോകേണ്ടി വന്നാൽ... ടെലിവിഷനിൽ വാർത്തകൾ തത്സമയമാണ്. അപ്പോൾ വാർത്താമുറികൾ അടച്ചുപൂട്ടേണ്ടി വരും. അനുമതിയും സമ്മതവും ചോദിക്കേണ്ടി വരുന്നുണ്ടെങ്കിൽ പിന്നെ എന്ത് അർത്ഥമാണുള്ളത്?" ദിവാൻ ചോദിച്ചു.
ദിവാന്റെ ചോദ്യത്തിന് മറുപടിയായി, "ഈ മേഖലയിലെ വിദഗ്ധർ നിങ്ങളാണ്. അതിനാൽ, നിയമം ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ കേന്ദ്ര സർക്കാരിന് ആവശ്യമായ നിർദേശങ്ങൾ നൽകാൻ നിങ്ങളെക്കാൾ മികച്ച മറ്റാരുമില്ല" എന്ന് ചീഫ് ജസ്റ്റിസ് മറുപടി നൽകി. ഹർജി സമർപ്പിച്ചതിന് ശേഷവും തന്റെ കക്ഷി അധികാരികൾക്ക് നിവേദനം നൽകിയിരുന്നുവെന്ന് ദിവാൻ അറിയിച്ചു.
"ഇത് സാധാരണക്കാരായ പൗരന്മാരുടെ അവകാശവും നിങ്ങളുടെ (മാധ്യമങ്ങളുടെ) അവകാശവും തമ്മിലുള്ള വിഷയമാണ്. അതിനാൽ, ഒരു സന്തുലിതാവസ്ഥ കണ്ടെത്തേണ്ടതുണ്ട്... ഈ അവകാശം ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് എങ്ങനെ ഉറപ്പാക്കാമെന്ന് നിർദേശിക്കാനും വഴികാട്ടാനും നിങ്ങളെക്കാൾ യോജിച്ച മറ്റാരുമില്ല" ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു.
ഈ നിയമം കോടതി വിശദമായി പരിശോധിച്ചാൽ, ഇത് പത്രപ്രവർത്തനത്തിന് ഒട്ടും അനുയോജ്യമല്ലെന്ന് വ്യക്തമാകുമെന്ന് ദിവാൻ പറഞ്ഞു. "അനുമതി ചോദിക്കേണ്ടി വന്നാൽ വാർത്താമുറികൾ അടച്ചുപൂട്ടേണ്ടി വരും; ഇത് ഒരുതരം 'പ്രീ-സെൻസർഷിപ്പിന്' (പ്രസിദ്ധീകരണത്തിന് മുൻപുള്ള നിയന്ത്രണം) വഴിവെക്കും" അവർ ഊന്നിപ്പറഞ്ഞു.
"നിങ്ങളെക്കുറിച്ച് വാർത്ത നൽകണമെങ്കിൽ നിങ്ങളുടെ അനുമതി ചോദിക്കണം എന്നാണോ? അതെങ്ങനെ സാധ്യമാകും? അങ്ങനെയെങ്കിൽ പിന്നെ 'വാർത്ത' എന്നത് എന്താണ്? എന്തെങ്കിലും തെറ്റായതോ കൃത്യമല്ലാത്തതോ ആയ കാര്യമുണ്ടെങ്കിൽ അതിനുള്ള പ്രത്യാഘാതങ്ങൾ നേരിടാൻ ഞങ്ങൾ തയാറാണ്... എന്നാൽ ഒരു വാർത്ത പുറത്തുവരുന്നതിന് മുൻപേ അത് തടയാൻ (മരവിപ്പിക്കാൻ) പാടില്ല," ദിവാൻ പറഞ്ഞു.
കേബിൾ ആക്ട്, ഡൗൺലിങ്കിങ്-അപ്ലിങ്കിങ് ചട്ടങ്ങൾ, ഐടി നിയമങ്ങൾ, പ്രസ് കൗൺസിൽ എന്നിവ വഴി മാധ്യമ സ്ഥാപനങ്ങൾ ഇതിനകം തന്നെ നിയന്ത്രണങ്ങൾക്ക് വിധേയമാണെന്നും ദിവാൻ കൂട്ടിച്ചേർത്തു. വിവരാവകാശ നിയമത്തിലെ (RTI Act) ഭേദഗതിയെ ചോദ്യം ചെയ്തുകൊണ്ട് മറ്റ് ഹർജികൾ കൂടി നിലവിലുണ്ടെന്ന് കോടതിയെ അറിയിച്ചു. എന്നാൽ, പത്രപ്രവർത്തനത്തെ ബാധിക്കുന്ന വിഷയമെന്ന നിലയിൽ സമഗ്രമായി ഈ നിയമത്തെ ചോദ്യം ചെയ്യുന്ന ആദ്യത്തെ ഹർജിയാണിത്.
ഭരണഘടനയുടെ 32-ാം അനുച്ഛേദ പ്രകാരം സമർപ്പിച്ചിരിക്കുന്ന ഈ ഹർജി ഡി.പി.ഡി.പി (DPDP) നിയമത്തിലെ 7, 17(2), 18, 19, 27, 29, 36, 37, 44(3) എന്നീ വകുപ്പുകൾ ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നു. കൂടാതെ, ഡി.പി.ഡി.പി ചട്ടങ്ങളിലെ (DPDP Rules, 2025) 16, 17, 23 എന്നീ ചട്ടങ്ങളെയും ഇതിൽ ചോദ്യം ചെയ്യുന്നുണ്ട്. ഡാറ്റാ സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട് നേരത്തെ തയാറാക്കിയ കരടുകളിൽ, പത്രപ്രവർത്തന ആവശ്യങ്ങൾക്കായി പ്രത്യേക ഇളവുകൾ നൽകിയിരുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
'വാർത്ത നൽകുന്നതിന് മുൻപ് അനുമതി തേടണോ? പിന്നെ വാർത്ത എന്താണ്?'; മാധ്യമങ്ങളുടെ ഹർജിയിൽ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്
