എറണാകുളം: സംസ്ഥാന ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ സർക്കാരിനും പി.എസ്.സിക്കും എതിരെ വീണ്ടും രൂക്ഷവിമർശനവുമായി ഹൈക്കോടതി. എന്തൊക്കെ സൂത്രം കാണിച്ചാലും സത്യം മറച്ചുവയ്ക്കാനാകില്ലെന്നും അത് പുറത്തുവരിക തന്നെ ചെയ്യുമെന്നും കോടതി വ്യക്തമാക്കി. ക്രൈംബ്രാഞ്ച് അന്വേഷണത്തെ എതിർത്ത് പി.എസ്.സി നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.
മമ്മൂട്ടി നായകനായ 'ഒരു സിബിഐ ഡയറിക്കുറിപ്പ്' എന്ന സിനിമയിലെ സംഭാഷണങ്ങൾ ഉദ്ധരിച്ചായിരുന്നു കോടതിയുടെ വിമർശനം. രണ്ട് അറിവുള്ളവർ തമ്മിലുള്ള സംഭാഷണം കേട്ടാൽ ആർക്കും ഒന്നും അറിയില്ലെന്ന് മനസ്സിലാകുമെന്ന സിനിമാ ഡയലോഗും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, പരീക്ഷാ ക്രമക്കേടിൽ കുറ്റക്കാർക്കെതിരെ പി.എസ്.സി തന്നെ നടപടി ആരംഭിച്ചിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പി.എസ്.സി തന്നെ നടപടി തുടങ്ങിയ സാഹചര്യത്തിൽ പിന്നെന്തിനാണ് ക്രൈംബ്രാഞ്ച് അന്വേഷണം തടയുന്നതെന്ന് സർക്കാർ കോടതിയിൽ ചോദിച്ചു. തുടർന്ന് സർക്കാരിൻ്റെ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ പി.എസ്.സി സാവകാശം തേടിയതിനെ തുടർന്ന് ഹർജി പരിഗണിക്കുന്നത് നവംബർ രണ്ടിലേക്ക് മാറ്റി.
സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് തസ്തികയിലേക്കുള്ള നിയമന പരീക്ഷയിലാണ് വൻ ക്രമക്കേട് കണ്ടെത്തിയത്. ഡിജിറ്റൽ മൂല്യനിർണയത്തിൽ കൃത്രിമം കാണിച്ച് ഒന്നാം റാങ്കുകാരന് അനർഹമായ നേട്ടം ഉണ്ടാക്കിക്കൊടുത്തു എന്നതാണ് പ്രധാന ആരോപണം. ഈ സംഭവത്തിൽ ക്രൈംബ്രാഞ്ചിൻ്റെ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പി.എസ്.സി ഉദ്യോഗസ്ഥർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം നോട്ടിസ് നൽകിയിരുന്നു. എന്നാൽ, ഉദ്യോഗസ്ഥർ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ഇതിനിടെയാണ് അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സി ഹൈക്കോടതിയെ സമീപിച്ചത്.
'ഭായ് ഭായ്' കളിച്ചാൽ ജനങ്ങൾക്ക് മനസ്സിലാകും
കഴിഞ്ഞ ദിവസവും കേസ് പരിഗണിച്ചപ്പോൾ അന്വേഷണത്തിൽ സംസ്ഥാന സർക്കാരിന് അലംഭാവമാണെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തിയിരുന്നു. പ്രതികളെ പിടികൂടുന്നില്ലെങ്കിൽ അന്വേഷണം നടക്കുന്നില്ലെന്നാണ് കരുതേണ്ടത്. പ്രധാന പ്രതികളെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച കോടതി, അന്വേഷണം വളരെ ഇഴഞ്ഞാണ് നീങ്ങുന്നതെന്നും നിരീക്ഷിച്ചു. പോയി പ്രതികളെ അറസ്റ്റ് ചെയ്യൂ എന്ന് വാക്കാൽ പരാമർശിച്ച കോടതി, അന്വേഷണത്തിന് യാതൊരുവിധ നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്നും ഓർമിപ്പിച്ചു. സ്വതന്ത്രമായി അന്വേഷണം നടത്താനുള്ള പൂർണ സ്വാതന്ത്ര്യം സർക്കാരിനുണ്ട്. എന്നിട്ടും അന്വേഷണം മുന്നോട്ട് കൊണ്ടുപോകാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.
സർക്കാർ കോടതി നടപടികളെ ആയുധമായി ഉപയോഗിക്കുകയാണെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. സർക്കാരും അന്വേഷണ ഏജൻസികളും തമ്മിൽ ഒത്തുകളിച്ചാൽ, അതായത് 'ഭായ് ഭായ്' കളിച്ചാൽ അത് ജനങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാകുമെന്നും അതിനാൽ ജാഗ്രത പാലിക്കണമെന്നും കോടതി മുന്നറിയിപ്പ് നൽകി.
അന്വേഷണം നടക്കുന്നുണ്ടെന്ന് സർക്കാർ അവകാശപ്പെടുമ്പോൾ, ചുരുങ്ങിയത് പ്രതികളെ കസ്റ്റഡിയിലെടുക്കാൻ പോലും അന്വേഷണ സംഘത്തിന് കഴിയുന്നില്ലെങ്കിൽ പിന്നെ എന്ത് അന്വേഷണമാണ് നടത്തുന്നതെന്നും കോടതി തിരിച്ചുചോദിച്ചു. ലക്ഷക്കണക്കിന് ഉദ്യോഗാർഥികളുടെ പ്രതീക്ഷയായ പി.എസ്.സി പരീക്ഷകളിൽ സുതാര്യത ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി. സർക്കാർ സംവിധാനങ്ങളുടെ വിശ്വാസ്യത തകർക്കുന്ന ഇത്തരം സംഭവങ്ങളിൽ കർശന നടപടി അനിവാര്യമാണെന്നാണ് കോടതിയുടെ നിലപാട്. കുറ്റക്കാർ എത്ര ഉന്നതരായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കോടതി നിർദേശിച്ചു.
അതേസമയം, പിഎസ് സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രണ്ടു കേസുകള്‍ കൂടി ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തു. വില്ലേജ് ഓയില്‍ ഇന്‍സ്പെക്ടര്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എന്നീ നിയമന ക്രമക്കേടുകളിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആസൂത്രണ ബോര്‍ഡിലെ നിയമനത്തിന് പുറമെ, ഖാദി ബോര്‍ഡ് ഇന്‍സ്പെക്ടര്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ തസ്തികകളിലേക്കുള്ള നിയമനങ്ങളിലും ക്രമക്കേട് നടന്നതായാണ് കണ്ടെത്തല്‍.
പിഎസ്സി പരീക്ഷകള്‍, അഭിമുഖങ്ങള്‍, ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയം എന്നിവയുമായി ബന്ധപ്പെട്ട് നിലവില്‍ 190-ഓളം പരാതികളാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ളത്. ഇതില്‍ 180-ലധികം പരാതികള്‍ ഡിജിപിക്കാണ് ലഭിച്ചത്. ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാനാണ് എസ്ഐടിയുടെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് പി എസ് സി അംഗങ്ങളെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. പിഎസ് സി ചെയര്മാന് ഡോ. എം ആര് ബൈജുവിനോട് നാളെ ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്.
'സിബിഐ ഡയറിക്കുറിപ്പ്' സിനിമ ഡയലോഗ് ഓർമിപ്പിച്ച് ഹൈക്കോടതി; സർക്കാരിനും പി.എസ്.സിക്കും രൂക്ഷവിമർശനം
