മൂന്ന് വര്‍ഷത്തിനിടെ യു എസിലെ ഇന്ത്യന്‍ അഭയാര്‍ഥികളില്‍ 855 ശതമാനം വര്‍ധന; രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നെന്ന് വിദേശകാര്യ മന്ത്രാലയം

മൂന്ന് വര്‍ഷത്തിനിടെ യു എസിലെ ഇന്ത്യന്‍ അഭയാര്‍ഥികളില്‍ 855 ശതമാനം വര്‍ധന; രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നെന്ന് വിദേശകാര്യ മന്ത്രാലയം


ന്യൂഡല്‍ഹി: യു എസില്‍ അഭയം തേടുന്ന ഇന്ത്യക്കാരില്‍ പലരും വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി രാജ്യത്തെയും സമൂഹത്തേയും അപകീര്‍ത്തിപ്പെടുത്തുന്നതായി വിദേശകാര്യ മന്ത്രാലയം പാര്‍ലമെന്റില്‍ അറിയിച്ചു. 

ജനാധിപത്യ രാജ്യമായ ഇന്ത്യ എല്ലാവര്‍ക്കും അവരുടെ പരാതികള്‍ നിയമാനുസൃതമായി പരിഹരിക്കാനുള്ള വഴികള്‍ ഒരുക്കുന്നുണ്ടെങ്കിലും അഭയാര്‍ഥികള്‍ വിദേശ സര്‍ക്കാരില്‍ അഭയം പ്രാപിക്കുമ്പോള്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി രാജ്യത്തെയും സമൂഹത്തെയും അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ഇന്ത്യാ ഗവണ്‍മെന്റ് വിശ്വസിക്കുന്നതായി രാജ്യസഭയില്‍ എം പി കപില്‍ സിബലിന്റെ ചോദ്യത്തിന് മറുപടി പറയവെയാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം പറഞ്ഞത്. ഇന്ത്യക്കാരായ 41030 പേര്‍ അമേരിക്കയില്‍ അഭയം തേടിയതായി കണക്കുകള്‍ സൂചിപ്പിച്ചതിന് പിന്നാലെയാണ് പാര്‍ലമെന്റില്‍ വിദേശകാര്യ മന്ത്രാലയം മറുപടി നല്‍കിയതെന്ന് ദി ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഒക്ടോബറില്‍ പുറത്തിറങ്ങിയ യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി റിപ്പോര്‍ട്ട് 2023 അസൈലീസ് വാര്‍ഷിക ഫ്േളാ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം 41,030 ഇന്ത്യക്കാരാണ് യു എസില്‍ അഭയം തേടിയിരിക്കുന്നത്. 

വംശം, മതം, ദേശീയത, ഒരു പ്രത്യേക സാമൂഹിക ഗ്രൂപ്പിലെ അംഗത്വം, അല്ലെങ്കില്‍ രാഷ്ട്രീയ അഭിപ്രായം എന്നിവയുടെ പേരില്‍ പീഡനം അല്ലെങ്കില്‍ പീഡനത്തെക്കുറിച്ചുള്ള അടിസ്ഥാന ഭയം നിമിത്തം അവരുടെ ദേശീയതയിലേക്ക് മടങ്ങാന്‍ കഴിയാത്തതോ താത്പര്യമില്ലാത്തതോ ആയ വ്യക്തിയാണ് 'അഭയാര്‍ഥി'യെന്ന് യു എസ് നിയമത്തെ ഉദ്ധരിച്ച് ഹോംലാന്‍ഡ് സെക്യൂരിറ്റി റിപ്പോര്‍ട്ട് പറയുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യക്കാരുടെ അഭയാര്‍ഥി അപേക്ഷകളുടെ എണ്ണത്തില്‍ 855 ശതമാനം വര്‍ധനവുണ്ടായതായി യു എസ് ഹോംലാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു.