രാമക്ഷേത്രത്തിനു പിന്നാലെ ബദരിനാഥ് ക്ഷേത്രത്തിലെ വഴിപാട് പണവും തട്ടിയെന്ന് ആരോപണം; അന്വേഷണത്തിന് ഉത്തരവ്

രാമക്ഷേത്രത്തിനു പിന്നാലെ ബദരിനാഥ് ക്ഷേത്രത്തിലെ വഴിപാട് പണവും തട്ടിയെന്ന് ആരോപണം; അന്വേഷണത്തിന് ഉത്തരവ്


ന്യൂഡൽഹി: അയോധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ വഴിപാട് പണം തട്ടിയെന്ന വിവാദത്തിന് പിന്നാലെ, ഉത്തരാഖണ്ഡിലെ ബദരിനാഥ് ധാമിലും സമാന ആരോപണം ഉയർന്നതിനെ തുടർന്ന് അന്വേഷണത്തിന് ഉത്തരവായി. ക്ഷേത്രത്തിലെ വഴിപാടായി ലഭിച്ച പണം ജീവനക്കാരൻ അപഹരിച്ചെന്ന സാമൂഹിക മാധ്യമങ്ങളിലെ ആരോപണവും ഹിന്ദു സംഘടനയായ ഭൈരവ് സേന നൽകിയ പരാതിയുമാണ് അന്വേഷണത്തിലേക്ക് നയിച്ചത്.

ജൂലൈ 2ന് രാവിലെ 8 മുതൽ 8.30 വരെ ക്ഷേത്രത്തിൽ നടന്ന സംഭവത്തിൽ ബദരിനാഥ്‌കേദാർനാഥ് ക്ഷേത്രസമിതി (BKTC) ജീവനക്കാരൻ വഴിപാട് പണം തട്ടിയെന്നാണ് ഭൈരവ് സേന പ്രസിഡന്റ് സഞ്ജീവ് സന്ദീപ് ഖത്രി ആരോപിച്ചത്. സംഭവസമയത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്നും പ്രത്യേക അന്വേഷണസംഘത്തെ (SIT) നിയോഗിക്കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. നടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി.

ആരോപണങ്ങൾ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ക്ഷേത്രസമിതി ചെയർമാൻ ഹേമന്ത് ദ്വിവേദി അറിയിച്ചു. വസ്തുതകൾ കണ്ടെത്താൻ സ്വതന്ത്ര അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും കുറ്റം തെളിഞ്ഞാൽ ബന്ധപ്പെട്ട ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിൽ തന്റെ വ്യക്തിഗത സെക്രട്ടറിയെന്ന് വിശേഷിപ്പിക്കുന്ന വ്യക്തി യഥാർഥത്തിൽ ക്ഷേത്രസമിതിയിലെ സ്ഥിരം സർക്കാർ ജീവനക്കാരനാണെന്നും മുൻ ചെയർമാൻമാരുടെ പേഴ്‌സണൽ അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്നയാളാണെന്നും അദ്ദേഹം വ്യക്തമാക്കി.

ക്ഷേത്രസമിതി സി.ഇ.ഒ. സോഹൻ സിങ് റംഗാർ ബന്ധപ്പെട്ട ജീവനക്കാരനും അന്നത്തെ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് ജീവനക്കാർക്കും നോട്ടീസ് നൽകിയതായി അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.

ഒരു മാസത്തിനിടെ രാജ്യത്തെ പ്രമുഖ ഹിന്ദു തീർഥാടന കേന്ദ്രങ്ങളിൽ വഴിപാട് പണം തട്ടിയെന്ന ആരോപണം ഉയരുന്നത് ശ്രദ്ധേയമാണ്. അയോധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ഉത്തർപ്രദേശ് പൊലീസ് അന്വേഷണം തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനു പിന്നാലെ എട്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. വിവാദത്തെ തുടർന്ന് ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും ട്രസ്റ്റി അനിൽ മിശ്രയും ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ചിരുന്നു. എന്നാൽ ആ രാജികൾ സംബന്ധിച്ച അന്തിമ തീരുമാനം ട്രസ്റ്റിന്റെ യോഗത്തിൽ പരിഗണിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.