ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് അയത്തുല്ല അലി ഖമനേയിക്ക് രാജ്യം ഔദ്യോഗിക യാത്രയയപ്പ് നൽകി. സംസ്‌കാരച്ചടങ്ങിനിടെ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫും വികാരാധീനരായി കണ്ണീരണിയുന്ന ദൃശ്യങ്ങൾ ശ്രദ്ധേയമായി. അതേ സമയം ആയത്തുള്ള ഖമനേയിയുടെ മരണത്തിനു പിന്നാലെ രാജ്യത്തിന്റെ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ട മകൻ മൊജ്തബ ഖമനെയി മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട പൊതുവേദിയിൽ പ്രത്യക്ഷപ്പെടാതിരുന്നതും ശ്രദ്ധേയമായി.
പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആദ്യദിനത്തിൽ (ഫെബ്രുവരി -28) അമേരിക്ക-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട 86 കാരനായ ഖമനേയിയുടെ മൃതദേഹം ദേശീയപതാകയിൽ പൊതിഞ്ഞാണ് ചടങ്ങുകൾ നടക്കുന്ന സ്ഥലത്തെത്തിച്ചത്. ആറു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണ പരിപാടികളാണ് ഇറാൻ സർക്കാർ സംഘടിപ്പിച്ചിരിക്കുന്നത്.
സംസ്‌കാരച്ചടങ്ങിൽ ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റ, ബിഹാർ ഗവർണർ ലഫ്. ജനറൽ (റിട്ട.) സയ്യിദ് അതാ ഹസ്‌നൈൻ, വിവിധ ഇന്ത്യൻ രാഷ്ട്രീയ നേതാക്കൾ എന്നിവരും പങ്കെടുത്തു.
റഷ്യ, പാകിസ്ഥാൻ, അർമേനിയ, തുർക്ക്‌മെനിസ്ഥാൻ, താജിക്കിസ്ഥാൻ, ഇറാഖ്, സൗദി അറേബ്യ, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഉന്നത പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. നിരവധി രാഷ്ട്രത്തലവൻമാരും പ്രധാനമന്ത്രിമാരും പാർലമെന്റ് സ്പീക്കർമാരും വിദേശകാര്യ മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കുന്നുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സംഘർഷങ്ങൾക്കുശേഷവും രാജ്യത്തിന്റെ ഐക്യവും കരുത്തും ലോകത്തിന് മുന്നിൽ പ്രകടിപ്പിക്കാനുള്ള അവസരമായാണ് ഇറാൻ ഈ ചടങ്ങുകളെ ഉപയോഗിച്ചത്.
ആയത്തുല്ല അലി ഖമനേയിക്ക് അന്തിമ വിട; കണ്ണീരോടെ ഇറാൻ, ലോകനേതാക്കളുടെ സാന്നിധ്യത്തിൽ സംസ്‌കാരച്ചടങ്ങുകൾ
