അമേരിക്കയുടെ 250ാം വാർഷികാഘോഷം ട്രംപ് വ്യക്തിപരമായ നേട്ടത്തിന് ഉപയോഗിച്ചെന്ന് ഡെമോക്രാറ്റിക് റിപ്പോർട്ട്

അമേരിക്കയുടെ 250ാം വാർഷികാഘോഷം ട്രംപ് വ്യക്തിപരമായ നേട്ടത്തിന് ഉപയോഗിച്ചെന്ന് ഡെമോക്രാറ്റിക് റിപ്പോർട്ട്


വാഷിംഗ്ടൺ:  അമേരിക്കയുടെ 250ാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങൾ രാഷ്ട്രീയനിരപേക്ഷമായ ദേശീയ ആഘോഷമാക്കുന്നതിന് പകരം സ്വന്തം രാഷ്ട്രീയ, വ്യക്തിപര, സാമ്പത്തിക താൽപര്യങ്ങൾക്കായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉപയോഗിച്ചെന്ന ഗുരുതര ആരോപണവുമായി യുഎസ് ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റിക് അംഗങ്ങൾ. ഹൗസ് നാച്ചുറൽ റിസോഴ്‌സസ് കമ്മിറ്റിയിലെ മുതിർന്ന ഡെമോക്രാറ്റ് ജാരെഡ് ഹഫ്മാൻ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

'ഫ്രം വാനിറ്റി ടു ഇൻസാനിറ്റി: ഹൗ ദി വൈറ്റ് ഹൗസ് ചീറ്റഡ് ദി അമേരിക്കൻ പീപ്പിൾ ഔട്ട് ഓഫ് ദെയർ 250ത് ബർത്ത്‌ഡേ' എന്ന തലക്കെട്ടിലുള്ള റിപ്പോർട്ട്, വിസിൽബ്ലോവർ മൊഴികൾ, ആഭ്യന്തര രേഖകൾ, രഹസ്യവിവരങ്ങൾ, ഹിയറിങ് രേഖകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് തയ്യാറാക്കിയതെന്ന് വ്യക്തമാക്കുന്നു.

2016ൽ കോൺഗ്രസ് രൂപീകരിച്ച 'അമേരിക്ക250 കമ്മിഷൻ' രാഷ്ട്രീയ ഭേദമന്യേ എല്ലാ അമേരിക്കക്കാരെയും ഒരുമിപ്പിക്കുന്ന ആഘോഷങ്ങൾ സംഘടിപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ കമ്മിഷൻ വൈറ്റ് ഹൗസിന്റെ ആവശ്യങ്ങൾ അംഗീകരിക്കാതിരുന്നതിനെ തുടർന്ന് ഫ്രീഡം 250 എൽ.എൽ.സി. എന്ന പുതിയ സംവിധാനത്തിലേക്ക് പ്രധാന ആഘോഷങ്ങളുടെ ചുമതല മാറ്റിയെന്നാണ് റിപ്പോർട്ടിലെ ആരോപണം.

ദേശീയ ആഘോഷങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന വൈറ്റ് ഹൗസ് ടാസ്‌ക് ഫോഴ്‌സിന്റെ ചെയർമാനായി ട്രംപ് സ്വയം നിയമിച്ചിരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

2025 ജൂൺ 14ന് ട്രംപിന്റെ ജന്മദിനത്തിൽ നടന്ന സൈന്യത്തിന്റെ 250ാം വാർഷിക പരേഡ്, 2026 ജൂൺ 14ന് വൈറ്റ് ഹൗസ് പരിസരത്ത് സംഘടിപ്പിച്ച യു.എഫ്.സി. മത്സരം, 250 അടി ഉയരമുള്ള സ്മാരക കവാടം നിർമിക്കാനുള്ള നിർദേശം എന്നിവ ട്രംപിനെ വ്യക്തിപരമായി ഉയർത്തിക്കാട്ടുന്ന പരിപാടികളായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

'ഫ്രീഡം 250' മുഖേന 5 ലക്ഷം ഡോളർ മുതൽ ഒരു കോടി ഡോളറിലേറെ വരെ സ്‌പോൺസർഷിപ്പ് പാക്കേജുകൾ വാഗ്ദാനം ചെയ്തതായും, അതിൽ ട്രംപിനൊപ്പം 'ചരിത്രപ്രധാനമായ ഫോട്ടോ അവസരം' ഉൾപ്പെടുത്തിയിരുന്നുവെന്നും റിപ്പോർട്ട് ആരോപിക്കുന്നു.

ചില സംഭാവനദാതാക്കൾ 'അമേരിക്ക250' കമ്മിഷനിലേക്ക് സംഭാവന നൽകുകയാണെന്ന് കരുതിയിരുന്നെങ്കിലും അവരുടെ പണം 'ഫ്രീഡം 250' ന്റെ അക്കൗണ്ടിലേക്കാണ് പോയതെന്നും റിപ്പോർട്ട് പറയുന്നു. ഇത് ശരിയാണെങ്കിൽ സാമ്പത്തിക തട്ടിപ്പിനും ചാരിറ്റി നിയമലംഘനത്തിനും ഇടയാക്കുന്ന നടപടിയാകാമെന്നാണ് വിലയിരുത്തൽ.

കൂടാതെ, ഫ്രീഡം 250 ന്റെ സി.ഇ.ഒ ലോക സാമ്പത്തിക ഫോറം നടന്ന ദാവോസിൽ വിദേശ സർക്കാരുകളുടെയും കമ്പനികളുടെയും സമ്പന്നരായ വ്യക്തികളുടെയും സാമ്പത്തിക സഹായം തേടിയതായും റിപ്പോർട്ട് ആരോപിക്കുന്നു. അത്തരം വിദേശ ഫണ്ടുകൾ ട്രംപിന്റെ പദ്ധതികൾക്ക് പ്രയോജനപ്പെട്ടിട്ടുണ്ടെങ്കിൽ അത് അമേരിക്കൻ ഭരണഘടനയിലെ 'ഫോറിൻ എമോളുമെന്റ്‌സ് ക്ലോസ് ' ലംഘിക്കുന്നതാകാമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.