ഇന്‍ഡിഗോ വിമാനത്തിന്റെ ചിറക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ഉരഞ്ഞു; അപകടം ഒഴിവായി

ഇന്‍ഡിഗോ വിമാനത്തിന്റെ ചിറക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ഉരഞ്ഞു; അപകടം ഒഴിവായി


കൊല്‍ക്കത്ത: ഇന്‍ഡിഗോ വിമാനത്തിന്റെ ചിറക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ഉരഞ്ഞ സംഭവത്തില്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ അന്വേഷണം തുടങ്ങി. ഇന്‍ഡിഗോ വിമാനത്തിലെ 2 പൈലറ്റുമാരെ അന്വേഷണം മുന്‍നിര്‍ത്തി ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തി.

സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റും വിമാനത്താവള അധികൃതരും നടത്തുന്ന അന്വേഷണവുമായി കമ്പനി സഹകരിക്കുന്നുവെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. വ്യാഴാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഇന്‍ഡിഗോ - എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ തട്ടിയത്. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. രണ്ടു വിമാനങ്ങളിലും അപകടസമയത്ത് യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം.

റണ്‍വേയില്‍ പ്രവേശിക്കാനുള്ള ക്ലിയറന്‍സ് കാത്തുനില്‍ക്കുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലേക്ക് മറ്റൊരു വിമാനം ഉരസുകയായിരുന്നു എന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വക്താവ് പ്രതികരിച്ചത്. ചെന്നൈയിലേക്ക് പുറപ്പെടാനൊരുങ്ങിയതായിരുന്നു എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം. അപകടമുണ്ടായ സമയത്ത് ഈ വിമാനം നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.

കൂട്ടിയിടിയില്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ ചിറകിന്റെ അറ്റം ഒടിഞ്ഞു വീണപ്പോള്‍, ഇന്‍ഡിഗോ വിമാനത്തിന്റെ ചിറകില്‍ പൊട്ടലുമുണ്ടായി. പിന്നീട് രണ്ട് വിമാനങ്ങളും ബേയിലേക്ക് തന്നെ കൊണ്ടുവന്നു. രണ്ട് വിമാനങ്ങളിലുമുണ്ടായിരുന്ന യാത്രക്കാര്‍ സുരക്ഷിതരാണെന്ന് വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പൈലറ്റുമാര്‍ക്കെിതരെ ഡിജിസിഎ അന്വേഷണം പുരോഗമിക്കുകയാണ്.