പ്രയാഗ്രാജ്: തങ്ങള്‍ക്ക് ചുമത്തിയ 273.50 കോടി രൂപയുടെ ജിഎസ്ടി പിഴ ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡ് സമര്‍പ്പിച്ച ഹര്‍ജി അലഹാബാദ് ഹൈക്കോടതി തള്ളി. ജസ്റ്റിസ്മാരായ ശേഖര്‍ ബി സറഫ്, വിപിന്‍ ചന്ദ്ര ദീക്ഷിത് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. വിചാരണയ്ക്കു ശേഷം മാത്രമേ പിഴ ചുമത്താകൂ എന്നായിരുന്നു പതഞ്ജലിയുടെ വാദം.
എന്നാല്‍ ജിഎസ്ടി ആക്ട് സെക്ഷന്‍ 122 പ്രകാരം വിചാരണ കൂടാതെ തന്നെ നികുതി അധികൃതര്‍ക്ക് പിഴ ചുമത്താമെന്ന് കോടതി ചൂണ്ടിക്കാട്ടി. ജിഎസ്ടി പിഴയ്ക്ക് സിവില്‍ സ്വഭാവമാണെന്നും കോടതി വ്യക്തമാക്കി.
ഹരിദ്വാര്‍, സോണിപത്, അഹ്മദ്‌നഗര്‍ എന്നിവിടങ്ങളിലാണ് പതഞ്ജലിയുടെ നിര്‍മാണ യൂണിറ്റുകളുള്ളത്. ഈ സ്ഥാപനങ്ങളെ കേന്ദ്രമാക്കി സംശയകരമായ പണമിടപാടുകള്‍ നടക്കുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് കമ്പനിക്കെതിരെ അന്വേഷണം ആരംഭിച്ചത്.