തൃണമൂല്‍ എംപി മഹുവാ മൊയ്ത്രയും ബിജെഡി നേതാവ് പിനാകി മിശ്രയും വിവാഹിതരായി

തൃണമൂല്‍ എംപി മഹുവാ മൊയ്ത്രയും ബിജെഡി നേതാവ് പിനാകി മിശ്രയും വിവാഹിതരായി


ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മൊയ്ത്ര വിവാഹിതയായി. ബിജു ജനതാദള്‍ പാര്‍ട്ടി നേതാവ് പിനാകി മിശ്രയാണ് വരന്‍. മേയ് 30ന് വിദേശത്തു വച്ച് വിവാഹം കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. പട്ടുസാരിയും സ്വര്‍ണാഭരണങ്ങളും അണിഞ്ഞ് 65കാരനായ പിനാകി മിശ്രയോടൊപ്പം മഹുവ നടന്നു വരുന്ന ചിത്രങ്ങള്‍ വൈറലായിട്ടുണ്ട്.

സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്ന മിശ്ര 1996ല്‍ പുരിയില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്‌സഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് ബിജെഡിയില്‍ ചേര്‍ന്നു. 2009 മുതല്‍ 2019 വരെ മൂന്നു ടേമുകളില്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സംഭീത് പത്രയോട് പരാജയപ്പെട്ടു. മുന്‍ വിവാഹത്തില്‍ മിശ്രയ്ക്ക് ഒരു മകനും മകളുമുണ്ട്.

ലാഴ്‌സ് ബ്രോഴ്‌സണ്‍ ആണ് അമ്പതുകാരിയായ മഹുവയുടെ ആദ്യ ഭര്‍ത്താവ്. വിവാഹമോചിതയായതിനു ശേഷം മൂന്നു വര്‍ഷത്തോളം അഭിഭാഷകനായ ജയ് ആനന്ദ് ദേഹാദ്രൈയുമായി മഹുവ പ്രണയത്തിലായിരുന്നു. വിവാഹം കഴിഞ്ഞതായും ഇരു നേതാക്കളും ഔദേ്യാഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കൃഷ്ണനഗറില്‍ നിന്നുള്ള എംപിയായ മഹുവ മൊയ്ത്ര മുന്‍പ് ഡാനിഷ് സാമ്പത്തിക വിദഗ്ധനായ ലാര്‍സ് ബ്രോര്‍സനെ വിവാഹം കഴിച്ചിരുന്നു. അദ്ദേഹവുമായി പിന്നീട് വിവാഹമോചനം നേടിയിരുന്നു. പി.വി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവേശനത്തിനു പിന്നാലെ ഫെബ്രുവരി അവസാനം മഹുവ മൊയ്ത്ര കേരളത്തില്‍ എത്തിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനം വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളുമായി മൊയ്ത്ര കൂടിക്കാഴ്ച നടത്തി.