അയോധ്യ: രാമക്ഷേത്രത്തിലെ സംഭാവന ദുരുപയോഗ വിവാദത്തെ തുടർന്ന് ശ്രീരാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയുടെയും ട്രസ്റ്റി അനിൽ മിശ്രയുടെയും രാജി ട്രസ്റ്റ് അംഗീകരിച്ചു. ജനറൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതല കൃഷ്ണ മോഹന് നൽകി.
അയോധ്യയിലെ രാമജന്മഭൂമി സമുച്ചയത്തിൽ മൂന്ന് മണിക്കൂറിലേറെ നീണ്ട ട്രസ്റ്റ് യോഗത്തിലാണ് തീരുമാനം. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്തിമ റിപ്പോർട്ട് പരിശോധിക്കാൻ ജൂലൈ 22ന് വീണ്ടും യോഗം ചേരാനും പുതിയ ട്രസ്റ്റിമാരെ നിയമിക്കുന്ന കാര്യം പരിഗണിക്കാനും തീരുമാനിച്ചു.
ട്രസ്റ്റ് ട്രഷറർ ഗോവിന്ദ് ഗിരി, നിലവിലെ സാഹചര്യത്തിൽ രാജി അംഗീകരിക്കുകയല്ലാതെ മറ്റ് വഴിയില്ലായിരുന്നുവെന്ന് പറഞ്ഞു. ഭക്തരുടെ വിശ്വാസം വീണ്ടെടുക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഇടക്കാല ജനറൽ സെക്രട്ടറി കൃഷ്ണ മോഹനും വ്യക്തമാക്കി.
ഇതിനിടെ, ക്ഷേത്രത്തിലേക്ക് ഭക്തർ സമർപ്പിച്ച വിലപിടിപ്പുള്ള സംഭാവനകൾ സുരക്ഷിതമാണെന്ന് തെളിയിക്കുന്നതിനായി ട്രസ്റ്റ് രേഖകളും ആഭരണങ്ങളും മാധ്യമങ്ങൾക്കു മുന്നിൽ പ്രദർശിപ്പിച്ചു. അഞ്ച് കോടി രൂപ വിലമതിക്കുന്ന സ്വർണം പൂശിയ 'രാമചരിതമാനസം' ഉൾപ്പെടെയുള്ള വസ്തുക്കളും പ്രദർശനത്തിലുണ്ടായിരുന്നു. സംഭാവനയായി ലഭിച്ച എല്ലാ വസ്തുക്കളും സുരക്ഷിതമാണെന്നും ട്രസ്റ്റ് അധികൃതർ അറിയിച്ചു.
സംഭാവന മോഷണവുമായി ബന്ധപ്പെട്ട വിവാദം ട്രസ്റ്റിനെ ഏറെ വേദനിപ്പിച്ചുവെന്നും, ഇത്തരമൊരു സാഹചര്യം ഉണ്ടാകാൻ ഇടയായത് തന്നെ ഗൗരവമായി കാണുന്നുവെന്നും ഗോവിന്ദ് ഗിരി പ്രതികരിച്ചു.
രാമക്ഷേത്ര സംഭാവന വിവാദം; ട്രസ്റ്റ് ജനറൽ സെക്രട്ടറിയുടെയും ട്രസ്റ്റിയുടെയും രാജി അംഗീകരിച്ചു
