അമേരിക്കന്‍ എല്‍പിജി ഇറക്കുമതി ഇരട്ടിയാക്കും; ഗള്‍ഫ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഇന്ത്യ

അമേരിക്കന്‍ എല്‍പിജി ഇറക്കുമതി ഇരട്ടിയാക്കും; ഗള്‍ഫ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഇന്ത്യ


ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനും പാചകവാതക വിതരണത്തില്‍ ഗള്‍ഫ് രാജ്യങ്ങളെ മാത്രമായി ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമായി ഇന്ത്യയുടെ നിര്‍ണായക നീക്കം. അമേരിക്കയില്‍ നിന്നുള്ള എല്‍പിജി ഇറക്കുമതി ഇരട്ടിയാക്കാന്നാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ നടപടി തുടങ്ങിയിരിക്കുന്നത്. ആഭ്യന്തര വിപണിയിലെ അപ്രതീക്ഷിത പ്രതിസന്ധികൾ നേരിടാൻ മുപ്പത് ദിവസത്തെ തന്ത്രപരമായ ഇന്ധന ശേഖരം നിർമ്മിക്കാനും സർക്കാർ എണ്ണക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 

നിലവില്‍ പ്രതിവര്‍ഷം 2.2 മില്യണ്‍ ടണ്‍ എല്‍പിജി ആണ് അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ വിതരണ സ്രോതസ്സുകളില്‍ വൈവിധ്യം കൊണ്ടുവരുന്നതിന്റെ ഭാഗമായി ഇത് ഇരട്ടിയാക്കാനാണ് ചര്‍ച്ചകള്‍ നടക്കുന്നത്. കൂടാതെ അള്‍ജീരിയ, അര്‍ജന്റീന, നൈജീരിയ, മലേഷ്യ തുടങ്ങിയ മറ്റ് വിപണികളില്‍ നിന്നും എല്‍പിജി എത്തിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുന്നുണ്ട്. ദൂരക്കൂടുതൽ കാരണം ഗതാഗതച്ചെലവ് വർധിക്കുമെങ്കിലും, വിതരണ ശൃംഖലയുടെ സ്ഥിരതയ്ക്കും തടസ്സമില്ലാത്ത ഇന്ധന ലഭ്യതയ്ക്കും ഈ തീരുമാനം നിർണായകമാണ്. 

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധിയും കാരണം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുനീക്കം തടസ്സപ്പെട്ടപ്പോള്‍ അമേരിക്കയില്‍ നിന്നുള്ള എല്‍പിജി വിതരണമാണ് ഇന്ത്യയ്ക്ക് ആശ്വാസമായത്. 2025ല്‍ ഇന്ത്യയുടെ ആകെ എല്‍പിജി ഇറക്കുമതിയുടെ എട്ട് ശതമാനത്തില്‍ താഴെ മാത്രമായിരുന്ന അമേരിക്കയുടെ പങ്ക്. 2026 ജൂണ്‍ ആയപ്പോഴേക്കും അത് 65 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.