തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ വിവാദ നിയമനത്തിൽ പരീക്ഷ രേഖകൾ പുറത്ത് വിടാൻ വിവരാവകാശ കമ്മീഷൻ ഉത്തരവ്. 7 ദിവസത്തിനകം അപേക്ഷ നൽകിയവർക്ക് എല്ലാ രേഖകളും കൈമാറണം. ഉത്തരക്കടലാസും അഭിമുഖത്തിന് നൽകിയ മാർക്കിന്‍റെയും വിവരങ്ങ ഉദ്യോഗാർത്ഥികൾക്ക് നൽകണം. വിവരാവകാശ നിയമം വഴി ആവശ്യപ്പെട്ടിട്ടും നൽകാതിരുന്ന രേഖകളാണ് പുറത്ത് വരുന്നത്. പരീക്ഷ എഴുതിയ എല്ലാവരുടേയും മാർക്ക് പട്ടികയും പരീക്ഷ പേപ്പറിന്‍റെ പകർപ്പും നൽകണം. പിഎസ്‍സിയുടെ എതിർപ്പ് മറികടന്നാണ് വിവരാവകാശ കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. പരീക്ഷയിൽ കൂടുതൽ ക്രമക്കേടുണ്ടോ എന്ന വിവരവും പുറത്തുവരും. ചീഫ് ഇൻഡസ്ട്രി ആന്‍റ് ഇൻഫ്രാ സ്ട്രക്ചര്‍ പരീക്ഷയുടെ വിവരങ്ങളാണ് പുറത്ത് വരുന്നത്. പരീക്ഷയിൽ 10 ഉത്തരങ്ങൾ പരിശോധിച്ചില്ലെന്നത് നേരത്തെ പുറത്തുവന്നിരുന്നു.
ആസൂത്രണ ബോര്‍ഡിലെ ഉയര്‍ന്ന തസ്തികയായ ചീഫ് നിയമനത്തിന് 2022-ലായിരുന്നു വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം, പേഴ്സ്‌പെക്ടീവ് പ്ലാനിങ് വിഭാഗം, പ്ലാനിങ് കോഡിനേഷന്‍ വിഭാഗം എന്നിവയില്‍ ഓരോ ഒഴിവാണുണ്ടായിരുന്നത്. മൂന്നിനും രണ്ട് പേപ്പര്‍ വീതമായിരുന്നു പരീക്ഷ. അതില്‍ ആദ്യ പേപ്പര്‍ മൂന്ന് വിഭാഗക്കാര്‍ക്കും പൊതുവായിരുന്നു.
ഇരുനൂറിലേറെപ്പേരാണ് പരീക്ഷയെഴുതിയത്. ഒന്‍പതുമുതല്‍ 18 വരെയുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ ബാക്കിയുള്ള ഉത്തരങ്ങളുടെ മാര്‍ക്കും അഭിമുഖത്തിന്റെ മാര്‍ക്കും ചേര്‍ത്ത് റാങ്ക് പട്ടിക 2025 മെയ് മാസം പ്രസിദ്ധീകരിച്ചു. ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, പ്ലാനിങ് കോഡിനേഷന്‍ വിഭാഗങ്ങളില്‍ ഒന്നാം റാങ്കുകാര്‍ക്ക് നിയമനശുപാര്‍ശ അയച്ച് 2025 ജൂണില്‍ നിയമനവും നല്‍കി. ഒന്നേകാല്‍ ലക്ഷത്തിലേറെ രൂപ ശമ്പളംലഭിക്കുന്ന തസ്തികകളില്‍ നിയമനം നേടിയവര്‍ ഇടതുപക്ഷ സംഘടനാപ്രവര്‍ത്തകരാണെന്നാണ് ആരോപണം.
പിഎസ്‍സിക്ക് തിരിച്ചടി; ആസൂത്രണ ബോർഡിലെ വിവാദ നിയമനത്തിൽ പരീക്ഷ രേഖകൾ പുറത്തുവിടാൻ വിവരാകാശ കമ്മീഷൻ ഉത്തരവ്
