തിരുവനന്തപുരം: വിവാദമായ പിഎസ്‍സി പരീക്ഷാ ക്രമക്കേട് ആഭ്യന്തര വിജിലന്‍സ് എസ്പി അന്വേഷിക്കും. പരീക്ഷാ കണ്‍ട്രോളറെ അന്വേഷണച്ചുമതല ഏല്‍പ്പിച്ച ചെയര്‍മാന്റെ നടപടി വിവാദമായിരുന്നു. ഇതേത്തുടര്‍ന്നാണ്, ഇന്ന് ചേര്‍ന്ന പിഎസ്‍സി യോഗം പരീക്ഷ കണ്‍ട്രോളര്‍ നടത്തുന്ന അന്വേഷണം നിര്‍ത്തിവയ്ക്കാനും, ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കാനും തീരുമാനമെടുത്തത്.
ആഭ്യന്തര വിജിലന്‍സ് എസ്.പി സിനി ഡെന്നീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കാന്‍ നേരത്തെ തീരുമാനിച്ചെങ്കിലും ഉത്തരവ് ഇറക്കിയിരുന്നില്ല. പകരം ചെയര്‍മാന്‍ പരീക്ഷാ കണ്‍ട്രോളര്‍ക്ക് അന്വേഷണ ചുമതല ഏല്‍പ്പിക്കുകയായിരുന്നു. കേസ് അട്ടിമറിക്കാന്‍ പിഎസ്‍സി ചെയര്‍മാന്‍ രഹസ്യമായാണ് കണ്‍ട്രോളറെ അന്വേഷണം ഏല്‍പ്പിച്ചതെന്ന ആരോപണം ഉയര്‍ന്നു.
പിഎസ്‍സിയുടെ വിശ്വാസ്യത തകർക്കും വിധത്തിൽ അന്വേഷണത്തിൽ അട്ടിമറി ഉണ്ടായെന്നാണ് യോഗത്തിൽ ഉയർന്ന പ്രധാന വിമർശനം. പരീക്ഷാ കൺട്രോളറുടെ റിപ്പോർട്ടിൽ കൂടുതൽ അന്വേഷണം വേണമെന്ന ശുപാർശയുണ്ടായിരുന്നെങ്കിലും, ആ റിപ്പോർട്ട് പരിഗണിക്കേണ്ടതില്ലെന്ന നിലപാടാണ് അംഗങ്ങൾ സ്വീകരിച്ചത്. യോഗത്തിലുണ്ടായ കടുത്ത വിമർശനങ്ങൾക്കൊടുവിൽ നിലവിൽ പിഎസ്‍സി നിയമന തട്ടിപ്പ് ആഭ്യന്തര വിജിലൻസ് എസ്‌പി അന്വേഷിക്കുമെന്നും പരീക്ഷ കൺട്രോളറുടെ അന്വേഷണം മരവിപ്പിക്കുമെന്നും ചെയർമാൻ അറിയിക്കുകയായിരുന്നു.
അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്ന വാര്‍ത്തകള്‍ പുറത്തു വന്നതോടെ, വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. കേസ് അഴിമതി നിരോധന പരിധിയില്‍ വരുമെന്നാണ് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചത്. പിഎസ്‍സി സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലാണ്. അതിനാല്‍ വിജിലന്‍സ് അന്വേഷണത്തിന് തടസമില്ലെന്നും നിയമോപദേശം ലഭിച്ചു.
എന്നാല്‍ ഭരണഘടനാ സ്ഥാപനമായതിനാല്‍ പിഎസ്‍സി ചെയര്‍മാനോ അംഗങ്ങള്‍ക്കോ എതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിനാകില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ആക്ഷേപങ്ങള്‍ വിജിലന്‍സ് അന്വേഷിക്കുന്നതില്‍ തെറ്റില്ലെന്നും സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു. ഇതിന് പിന്നലെയാണ് പിഎസ്‍സി യോഗം ആഭ്യന്തര വിജിലന്‍സിന് അന്വേഷണം കൈമാറാന്‍ തീരുമാനിച്ചത്
അന്വേഷണം വിജിലന്‍സ് ഏറ്റെടുത്താല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും കേസ് അന്വേഷിക്കുമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. പിഎസ്‍സിയുമായി ബന്ധപ്പെട്ട ക്രമക്കേട് സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പിഎസ്‍സിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ സര്‍ക്കാര്‍ സമ്മതിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പിഎസ്‍സി പരീക്ഷാ ക്രമക്കേട്: ആഭ്യന്തര വിജിലന്‍സ് എസ്പി അന്വേഷിക്കും; ചെയർമാനെതിരേ അംഗങ്ങളുടെ പടനീക്കം
