പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ ആറന്മുള എഴിക്കാട് പ്രദേശത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ആദ്യ കേസ് റിപ്പോർട്ട് ചെയ്ത എഴിക്കാട് ഉന്നതി കോളനിയിലെ 10 വയസ്സുകാരിയുടെ സമീപവാസിയായ 8 വയസ്സുകാരിയ്ക്കാണ് ഇപ്പോൾ രണ്ടാമതായി രോഗം സ്ഥിരീകരിച്ചത്. കുട്ടി നിലവിൽ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മന്ത്രി പി സി വിഷ്ണുനാഥിന്റെ അധ്യക്ഷതയിൽ പത്തനംതിട്ട കളക്ട്രേറ്റിൽ നടന്ന അവലോകന യോഗത്തിൽ ജില്ലയിൽ രണ്ട് കുട്ടികൾ കൂടി രോഗബാധ സംശയിച്ച് നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചിരുന്നു. അതിൽ ആറന്മുള സ്വദേശിനിയായ 8 വയസുകാരിക്കാണ് ഇപ്പോൾ ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ജില്ലയിൽ മറ്റൊരു കുട്ടി കൂടി രോഗബാധ സംശയിച്ച് നിരീക്ഷണത്തിലുണ്ട്.
ആദ്യം ഷിഗെല്ല സ്ഥിരീകരിച്ച ഏഴിക്കാട് ഉന്നതിയിലെ 10 വയസുകാരിയുടേയും ഇപ്പോൾ രോഗബാധ സ്ഥിരീകരിച്ച 8 വയസുകാരിയുടെയും ബന്ധുക്കൾക്ക് രോഗലക്ഷണങ്ങൾ ഇല്ലെന്നും, രോഗബാധ സ്ഥിരീകരിച്ച രണ്ട് കുട്ടികളുടേയും നിരീക്ഷണത്തിലുള്ള കുട്ടിയുടേയും ആരോഗ്യ നില തൃപ്തികരമാണെന്നും ഡിഎംഒ ഡോ. എൽ അനിതകുമാരി അറിയിച്ചു.
പഴകിയ ഭക്ഷണമാണ് രോഗബാധയ്ക്ക് കാരണമായതെന്നാണ് ഇത് സംബന്ധിച്ച ആരോഗ്യ വകുപ്പിന്റെ പ്രാഥമിക നിഗമനം. ഇപ്പാൾ രോഗബാധ സ്ഥിരീകരിച്ച 8 വയസുകാരിയും ആദ്യം രോഗം സ്ഥിരീകരിച്ച 10 വയസുകാരിയും തലേ ദിവസത്തെ പൊറോട്ടായും ചിക്കനും കഴിച്ചിരുന്നതായും, നിരീക്ഷണത്തിലുള്ള കുട്ടി പഴകിയ പഫ്‌സ് കഴിച്ചിരുന്നതായും ഡിഎംഒ അവലോകന യോഗത്തിൽ വ്യക്തമാക്കിയിരുന്നു.
പത്തനംതിട്ടയിൽ വീണ്ടും ഷിഗെല്ല; ആറന്മുളയിൽ എട്ടു വയസ്സുകാരിക്ക് രോഗബാധ, ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്
