ബംഗ്ലാദേശും ഇന്ത്യയും തമ്മിലെ നയതന്ത്രബന്ധം മോശമായിരിക്കുന്ന പശ്ചാത്തലത്തിൽ, ബംഗ്ലാദേശിലെ ചൈനീസ് അംബാസഡർ യാവോ വെൻ ഇന്ത്യയുടെ തന്ത്രപ്രധാനമായ സിലിഗുരി കൊറിഡോർ എന്ന 'ചിക്കൻ നെക്ക്' മേഖലയോട് ചേർന്ന ടീസ്ത നദി പദ്ധതി പ്രദേശം സന്ദർശിച്ചത് ശ്രദ്ധേയമായി. ജനുവരി 19ന് നടന്ന സന്ദർശനം ടീസ്ത റിവർ കോംപ്രഹെൻസീവ് മാനേജ്‌മെന്റ് ആൻഡ് റസ്റ്റോറേഷൻ പ്രോജക്ടിന്റെ ഭാഗമായി നടത്തുന്ന സാങ്കേതിക വിലയിരുത്തലിന്റെ ഭാഗമാണെന്ന് മുഹമ്മദ് യൂനുസ് നേതൃത്വം നൽകുന്ന ഇടക്കാല സർക്കാർ വ്യക്തമാക്കി.
റംഗ്പൂർ ജില്ലയിലെ കാവ്‌നിയ ഉപജിലയിലെ ടെപാമധുപൂർ താലൂക്ക് ഷഹ്ബാസ്പൂർ പ്രദേശത്തെ ടീസ്ത തീരങ്ങളിലാണ് ചൈനീസ് അംബാസഡർ എത്തിയത്. ബംഗ്ലാദേശിന്റെ ജലവിഭവ ഉപദേഷ്ടാവ് സെയ്ദാ റിസ്വാന ഹസൻ അദ്ദേഹത്തെ അനുഗമിച്ചു. ടീസ്ത മാസ്റ്റർ പ്ലാൻ (ടിഎംപി) വേഗത്തിൽ നടപ്പാക്കുന്നതിൽ ചൈന വലിയ താത്പര്യം കാണിക്കുന്നുണ്ടെന്ന് റിസ്വാന ഹസൻ പറഞ്ഞു. പദ്ധതിയുടെ പരിശോധനാ നടപടികൾ പൂർത്തിയാകാത്തതിനാൽ ഇപ്പോൾ തന്നെ നിർമ്മാണം ആരംഭിക്കാൻ കഴിയില്ലെങ്കിലും, പദ്ധതി നടപ്പാക്കുന്നതിൽ ബംഗ്ലാദേശും ചൈനയും പൂർണ പ്രതിബദ്ധത പുലർത്തുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
ടീസ്ത മാസ്റ്റർ പ്ലാൻ വരാനിരിക്കുന്ന 13ാമത് പാർലമെന്റ് തിരഞ്ഞെടുപ്പിനുള്ള വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രകടനപത്രികകളിലും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, അതിനാൽ അനാവശ്യ നിരാശ പടർത്തേണ്ടതില്ലെന്നും റിസ്വാന ഹസൻ കൂട്ടിച്ചേർത്തു. ജനുവരി 26നകം അടിയന്തരമായി പ്രവർത്തനം തുടങ്ങുമെന്ന പ്രചാരണം ശരിയല്ലെന്നും, കാര്യക്ഷമമായ നടപ്പാക്കലിനായി സമയമെടുക്കുകയാണെന്നും അവർ പറഞ്ഞു.
ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ പ്രധാന ഭൂഭാഗവുമായി ബന്ധിപ്പിക്കുന്ന ഏക കരമാർഗമാണ് സിലിഗുരി കൊറിഡോർ. ഏറ്റവും ഇടുങ്ങിയ ഭാഗത്ത് 20-22 കിലോമീറ്റർ മാത്രം വീതിയുള്ള ഈ പ്രദേശം നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളാൽ ചുറ്റപ്പെട്ടതാണ്. ഈ മേഖലക്ക് സമീപമുള്ള ചൈനീസ് സാന്നിധ്യം ഇന്ത്യക്ക് തന്ത്രപരമായ ആശങ്കകൾ ഉയർത്തുന്നുണ്ട്. നേരത്തെ, ഇന്ത്യയുടെ 'ലാൻഡ്‌ലോക്ക്ഡ്' വടക്കുകിഴക്കൻ മേഖലയിലേക്ക് ചൈനീസ് സാമ്പത്തിക വ്യാപനം ലക്ഷ്യമിടുന്നുവെന്ന ചൈനയുടെ പരാമർശങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതേസമയം, ഇന്ത്യ-ബംഗ്ലാദേശ് ടീസ്ത ജലകരാർ ഇതുവരെ ഒപ്പുവച്ചിട്ടില്ല. 2011ലെ ഇടക്കാല കരാർ ഉൾപ്പെടെ ദശാബ്ദങ്ങളായുള്ള ചർച്ചകൾക്ക് ഇതുവരെ ഫലമുണ്ടായിട്ടില്ല. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കരാറിനെ ശക്തമായി എതിർക്കുകയാണ്. 2024 അവസാനും 2025 തുടക്കത്തിലും, വടക്കൻ ജില്ലകളിലെ കടുത്ത ജലക്ഷാമം ചൂണ്ടിക്കാട്ടി, സംസ്ഥാന സർക്കാരിന്റെ പങ്കാളിത്തമില്ലാതെ ചർച്ചകൾ മുന്നോട്ടുപോകരുതെന്ന് അവർ വീണ്ടും ആവർത്തിച്ചിരുന്നു.
ടീസ്ത പദ്ധതി: ഇന്ത്യയുടെ 'ചിക്കൻ നെക്ക് 'നു സമീപം ചൈനീസ് അംബാസഡറുടെ സന്ദർശനം; ഡൽഹിക്ക് ആശങ്ക
