ഇന്ത്യ-യുഎഇ പ്രതിരോധ-ഊർജ സഹകരണത്തിൽ അതിവേഗ നടപടികൾ: മൂന്ന് മണിക്കൂർ ഡൽഹി സന്ദർശനത്തിൽ നിർണായക ധാരണകൾ

ഇന്ത്യ-യുഎഇ പ്രതിരോധ-ഊർജ സഹകരണത്തിൽ അതിവേഗ നടപടികൾ: മൂന്ന് മണിക്കൂർ ഡൽഹി സന്ദർശനത്തിൽ നിർണായക ധാരണകൾ


ന്യൂഡൽഹി: ഇന്ത്യയും യുഎഇയും തമ്മിലുള്ള പ്രതിരോധ-ഊർജ സഹകരണം കൂടുതൽ ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദും (എംബിസഡ്) ധാരണയിലെത്തി. മൂന്ന് മണിക്കൂർ മാത്രം നീണ്ട ഡൽഹി സന്ദർശനത്തിനിടെയാണ് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. അടുത്ത ആറു വർഷത്തിനുള്ളിൽ ഇരുരാജ്യങ്ങൾക്കിടയിലെ വ്യാപാരം 200 ബില്യൺ ഡോളറിലേക്കു ഇരട്ടിയാക്കുകയാണ് ലക്ഷ്യം.

ഡൽഹിയിലെത്തിയ എംബിസഡിനെ പ്രധാനമന്ത്രി മോഡി നേരിട്ട് സ്വീകരിച്ചു. ഇരുവരും ഒരേ വാഹനത്തിൽ പ്രധാനമന്ത്രിയുടെ വസതിയിലേക്കു പോയത്, യുഎഇയുമായി ഇന്ത്യ നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നതായി വിലയിരുത്തപ്പെടുന്നു. യുഎഇയിൽ ഏകദേശം 45 ലക്ഷം ഇന്ത്യക്കാർ താമസിക്കുന്നതും രാജ്യം ഇന്ത്യയുടെ പ്രധാന എണ്ണ വിതരണക്കാരിൽ ഒന്നുമാണ്.

പ്രതിരോധ മേഖലയിൽ 'തന്ത്രപ്രധാന പങ്കാളിത്ത ചട്ടക്കൂട്' രൂപപ്പെടുത്തുന്നതിന് ഇരുരാജ്യങ്ങളും താല്പര്യപത്രം (LoI) ഒപ്പുവച്ചു. പ്രതിരോധ വ്യവസായ സഹകരണം, നവീകരണം, പരിശീലനം, സൈബർ സുരക്ഷ, ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ സംയുക്ത പ്രവർത്തനം വിപുലപ്പെടുത്താനാണ് തീരുമാനം. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങളുമായി ഇതിന് നേരിട്ടു ബന്ധമില്ലെന്നും ഇന്ത്യയെ മേഖലാ സംഘർഷങ്ങളിലേക്കു വലിച്ചിഴയ്ക്കില്ലെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി.

ഊർജ മേഖലയിലും സുപ്രധാന കരാറുകൾ ഉണ്ടായി. 2028 മുതൽ 10 വർഷത്തേക്ക് പ്രതിവർഷം 5 ലക്ഷം ടൺ എൽഎൻജി ഇന്ത്യക്ക് നൽകുന്ന കരാറിനായി ഹിന്ദുസ്ഥാൻ പെട്രോളിയവും അബുദാബി നാഷണൽ ഓയിൽ കമ്പനി ഗ്യാസും തമ്മിൽ ധാരണയായി. കൂടാതെ, വലിയ ആണവ റിയാക്ടറുകളും ചെറിയ മോഡുലർ റിയാക്ടറുകളും (SMR) ഉൾപ്പെടെയുള്ള ആധുനിക ആണവ സാങ്കേതികവിദ്യകളിൽ സഹകരണം തേടാനും തീരുമാനിച്ചു.

2022ൽ നിലവിൽ വന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA)  വ്യാപാരം ശക്തമായി വളർന്നതായി നേതാക്കൾ വിലയിരുത്തി. 2024-25ൽ 100 ബില്യൺ ഡോളർ പിന്നിട്ട വ്യാപാരം 2032ഓടെ 200 ബില്യൺ ഡോളറിലെത്തിക്കാനാണ് ലക്ഷ്യം.

ഗുജറാത്തിലെ ധോളേര പ്രത്യേക നിക്ഷേപ മേഖലയുമായി ബന്ധപ്പെട്ട നിക്ഷേപ സഹകരണത്തിനും, ബഹിരാകാശ വ്യവസായ വികസനം, ഭക്ഷ്യസുരക്ഷ, സാങ്കേതിക മാനദണ്ഡങ്ങൾ തുടങ്ങിയ മേഖലകളിലും കരാറുകൾ ഒപ്പുവച്ചു. കൃത്രിമ ബുദ്ധി (AI), ഡാറ്റാ സെന്ററുകൾ, സൂപ്പർകമ്പ്യൂട്ടിങ് എന്നിവയിലും സഹകരണം ശക്തമാക്കാൻ തീരുമാനമായി.

ഇന്ത്യ–മിഡിൽ ഈസ്റ്റ്‌യൂറോപ്പ് കോരിഡോർ (IMEC) പദ്ധതിയോടുള്ള പ്രതിബദ്ധതയും ഇരുനേതാക്കളും ആവർത്തിച്ചു. പ്രാദേശികവും ആഗോളവുമായ സമാധാനം, സ്ഥിരത എന്നിവയിൽ സഹകരണം തുടരുമെന്നും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.