ധാക്ക: ജനുവരി 21 മുതല്‍ യു എസിലേക്ക് യാത്ര ചെയ്യുന്നതിനുള്ള ബി1, ബി2 വിസകള്‍ക്ക് അപേക്ഷിക്കുന്ന ബംഗ്ലാദേശ് പൗരന്മാര്‍ക്ക് 15,000 ഡോളര്‍ വരെ സുരക്ഷാ ബോണ്ട് അടയ്‌ക്കേണ്ടിവരുമെന്ന് ധാക്കയിലെ യു എസ് എംബസി അറിയിച്ചു. അമേരിക്കയിലേക്കുള്ള വിസാ നടപടികളില്‍ കൊണ്ടുവന്ന പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം.
ട്രംപ് ഭരണകൂടം ചില വിദേശ യാത്രക്കാര്‍ക്ക് യു എസില്‍ പ്രവേശിക്കുന്നതിന് മുമ്പ് വലിയ തുകയുടെ സുരക്ഷാ നിക്ഷേപം നിര്‍ബന്ധമാക്കിയ നയം വിപുലീകരിച്ചതിന് പിന്നാലെയാണ് ബംഗ്ലാദേശ് പൗരന്മാരെ ഉള്‍പ്പെടുത്തി പുതിയ ഉത്തരവ് പുറത്തിറക്കിയത്. ജനുവരി 8ന് യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം 38 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇനി യു എസ് വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ ബോണ്ട് അടയ്‌ക്കേണ്ടിവരും.
ബിസിനസ്, വിനോദസഞ്ചാരം, ഹ്രസ്വ സന്ദര്‍ശനം എന്നിവയ്ക്കായി യു എസില്‍ പ്രവേശിക്കുന്നതിനുള്ള നോണ്-ഇമിഗ്രന്റ് വിസകളാണ് ബി1, ബി2 വിഭാഗങ്ങള്‍. ബംഗ്ലാദേശിനൊപ്പം ആഫ്രിക്കയിലെയും ലാറ്റിന്‍ അമേരിക്കയിലെയും നിരവധി രാജ്യങ്ങളും പുതിയ നിര്‍ദേശത്തില്‍ ഉള്‍പ്പെടുന്നുണ്ട്.
എന്നാല്‍ വിസ ലഭിക്കുമെന്ന ഉറപ്പ് ബോണ്ട് അടയ്ക്കുന്നതിലൂടെ ലഭിക്കില്ലെന്ന് എംബസി അപേക്ഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ബോണ്ട് മുന്‍കൂട്ടി അടയ്ക്കരുതെന്നും നേരത്തേ പണമടച്ചാല്‍ വിസ ഉറപ്പില്ലെന്നും മൂന്നാം കക്ഷി വെബ്‌സൈറ്റുകള്‍ വഴി നടക്കുന്ന ഇടപാടുകള്‍ തട്ടിപ്പാകാമെന്നും അഭിമുഖത്തിന് മുമ്പ് അടച്ച ഏതൊരു തുകയും തിരികെ ലഭിക്കില്ലെന്നും വിസയുടെ നിബന്ധനകള്‍ പാലിക്കുന്ന പക്ഷം മാത്രമേ ബോണ്ട് തിരികെ നല്‍കുകയുള്ളുവെന്നും എംബസി വ്യക്തമാക്കി.
അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്കെതിരെ കൂടുതല്‍ കര്‍ശനമായ നിബന്ധനകള്‍ ഏര്‍പ്പെടുത്തുകയും അനധികൃത കുടിയേറ്റം നിയന്ത്രിക്കുകയും ചെയ്യാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നടപടികളുടെ ഭാഗമാണ് ഈ മാറ്റം. ബോണ്ട് സംവിധാനത്തിന് പുറമെ നിര്‍ബന്ധിത നേരിട്ടുള്ള വിസ അഭിമുഖങ്ങള്‍, വ്യാപകമായ സോഷ്യല്‍ മീഡിയ പരിശോധന, യാത്രാ ചരിത്രം, താമസ വിശദാംശങ്ങള്‍ എന്നിവ സമര്‍പ്പിക്കണമെന്ന നിബന്ധനകളും ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.
വിസാ കാലാവധി കഴിഞ്ഞിട്ടും യു എസില്‍ തുടരുന്ന പ്രവണത തടയുന്നതിനാണ് ബോണ്ട് സംവിധാനം സഹായകരമാകുന്നതെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വാദിക്കുന്നു. എന്നാല്‍, ഈ നയം നിരവധി അപേക്ഷകര്‍ക്ക് സാമ്പത്തികമായി വലിയ ബാധ്യത സൃഷ്ടിക്കുന്നതാണെന്നും ഇതിലൂടെ അപേക്ഷകരുടെ എണ്ണം കുറയാന്‍ സാധ്യതയുണ്ടെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് മറുപടിയായി ബോണ്ട് ഫീസ് അല്ലെന്നും വിസാ നിബന്ധനകള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള സുരക്ഷാ ഉറപ്പാണെന്നും അധികൃതര്‍ വിശദീകരിച്ചു.
