വാഷിംഗ്ടൺ: നോബൽ സമാധാന പുരസ്‌കാരം ലഭിക്കാത്തതിലുള്ള അതൃപ്തി തുറന്നടിച്ച്, ഗ്രീൻലാൻഡിനെ നിയന്ത്രണത്തിലാക്കുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടും നോബൽ പുരസ്‌കാരം നൽകാത്തതിൽ പ്രതിഷേധിച്ച് നോർവേ പ്രധാനമന്ത്രി ജോനാസ് ഗാർ സ്റ്റോറിന് ട്രംപ് കത്തയച്ചതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നോബൽ പുരസ്‌കാരവുമായി ബന്ധപ്പെട്ട് ഇനി സമാധാനത്തെ മാത്രം മുൻനിർത്തേണ്ട ബാധ്യത തനിക്കില്ലെന്നും, ഗ്രീൻലാൻഡ് കൈവശപ്പെടുത്തുന്നതടക്കമുള്ള നടപടികൾ അമേരിക്കയുടെ താൽപര്യത്തിനായി പരിഗണിക്കാമെന്നും ട്രംപ് കത്തിൽ സൂചിപ്പിക്കുന്നു.
'എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചതിനും അതിലുപരിയും ചെയ്തിട്ടും നിങ്ങളുടെ രാജ്യം എനിക്ക് നോബൽ സമാധാന പുരസ്‌കാരം നൽകാൻ തീരുമാനിച്ചില്ല. അതിനാൽ ഇനി എനിക്ക് ശുദ്ധമായ സമാധാനത്തെക്കുറിച്ച് മാത്രം ചിന്തിക്കേണ്ട ബാധ്യതയില്ല. എങ്കിലും സമാധാനം മുൻഗണനയായിരിക്കും. എന്നാൽ ഇനി അമേരിക്കയ്ക്ക് നല്ലതും ശരിയുമായ കാര്യങ്ങളും ചിന്തിക്കും,' എന്നാണ് ട്രംപ് കത്തിൽ എഴുതിയതെന്ന് പി.ബി.എസ് റിപ്പോർട്ട് ചെയ്യുന്നു.
ഗ്രീൻലാൻഡിനെ റഷ്യയിലും ചൈനയിലും നിന്ന് സംരക്ഷിക്കാൻ ഡെൻമാർക്കിന് കഴിയില്ലെന്നും ട്രംപ് കത്തിൽ ആരോപിച്ചു. ഗ്രീൻലാൻഡിന്റെ ഉടമസ്ഥാവകാശം ഡെൻമാർക്കിനുണ്ടെന്ന വാദവും ട്രംപ് ചോദ്യം ചെയ്തു. 'ഡെൻമാർക്കിന് ആ ദ്വീപിനെ റഷ്യയിലോ ചൈനയിലോ നിന്ന് സംരക്ഷിക്കാൻ കഴിയില്ല. അവർക്ക് അതിന്റെ ഉടമസ്ഥാവകാശം എങ്ങനെ ലഭിച്ചു? എഴുത്തുപ്രമാണങ്ങളൊന്നുമില്ല. നൂറുകണക്കിന് വർഷങ്ങൾക്ക് മുൻപ് ഒരു കപ്പൽ അവിടെ ഇറങ്ങിയതാണത്രേ. ഞങ്ങളുടേയും കപ്പലുകളും അവിടെ ഇറങ്ങിയിട്ടുണ്ട്,' കത്തിൽ ട്രംപ് പറഞ്ഞു.
നേറ്റോയുടെ രൂപീകരണത്തിന് ശേഷം ഏറ്റവും കൂടുതൽ സംഭാവന നൽകിയ വ്യക്തി താനാണെന്നും, അതിനാൽ ഇനി നേറ്റോ അമേരിക്കയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നും ട്രംപ് കത്തിൽ ആവശ്യപ്പെട്ടു. 'ഗ്രീൻലാൻഡിന്റെ പൂർണവും സമ്പൂർണവുമായ നിയന്ത്രണം അമേരിക്കയ്ക്ക് ലഭിക്കാതെ ലോകം സുരക്ഷിതമാകില്ല,' എന്നും ട്രംപ് വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്.
ഇതിനു മുൻപ്, ഗ്രീൻലാൻഡുമായി ബന്ധപ്പെട്ട് റഷ്യൻ ഭീഷണി ഉണ്ടെന്ന് നേറ്റോ കഴിഞ്ഞ 20 വർഷമായി ഡെൻമാർക്കിന് മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും, കോപ്പൻഹേഗന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന് ട്രംപ് ആരോപിച്ചിരുന്നു. 'ട്രൂത്ത് സോഷ്യൽ' പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു ഈ പ്രതികരണം.
അതേസമയം, നോബൽ സമാധാന പുരസ്‌കാരവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നോർവീജിയൻ നോബൽ കമ്മിറ്റി വ്യക്തത വരുത്തി. പുരസ്‌കാരവും ജേതാവും തമ്മിൽ വേർപിരിയാനാകില്ലെന്നും, മെഡലോ സർട്ടിഫിക്കറ്റോ മറ്റൊരാളുടെ കൈവശം എത്തിയാലും പുരസ്‌കാരം ലഭിച്ച വ്യക്തിയിൽ മാറ്റമുണ്ടാകില്ലെന്നും കമ്മിറ്റി അറിയിച്ചു. പുരസ്‌കാരം മറ്റൊരാൾക്ക് കൈമാറാനോ പങ്കുവെക്കാനോ സാധിക്കില്ലെന്നും കമ്മിറ്റി വ്യക്തമാക്കി.
ഗ്രീൻലാൻഡ് വിഷയത്തിൽ നേറ്റോ സഖ്യരാജ്യങ്ങളുമായുള്ള സംഘർഷം കടുപ്പിക്കവെ, ഗ്രീൻലാൻഡിനെ പിന്തുണക്കുന്ന ഡെൻമാർക്ക് അടക്കമുള്ള രാജ്യങ്ങൾക്കെതിരെ 10 ശതമാനം താരിഫ് ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 1 മുതൽ നടപ്പിലാകുന്ന താരിഫ് ജൂൺ 1 മുതൽ 25 ശതമാനമായി ഉയർത്തുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡെൻമാർക്ക്, നോർവേ, സ്വീഡൻ, ഫ്രാൻസ്, ജർമനി, ബ്രിട്ടൻ, നെതർലൻഡ്‌സ്, ഫിൻലൻഡ് എന്നീ രാജ്യങ്ങളാണ് താരിഫ് നടപടിയിൽ ഉൾപ്പെടുന്നത്.
നോബൽ പുരസ്‌കാര വിവാദവും ഗ്രീൻലാൻഡ് വിഷയവും ചേർന്ന്, അമേരിക്കയും യൂറോപ്യൻ നാറ്റോ സഖ്യരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്ന സാഹചര്യമാണ് നിലവിൽ രൂപപ്പെടുന്നത്.
നോബൽ ഇല്ലെങ്കിൽ സമാധാനവും വേണ്ട- ഗ്രീൻലാൻഡിനെക്കുറിച്ച് ഭീഷണിയുമായി നോർവേ പ്രധാനമന്ത്രിക്ക് ട്രംപിന്റെ കത്ത്
