മിനിയാപൊളിസ്: മിനിയാപൊളിസിൽ ഐസിഇ നടത്തിയ വ്യാപക അറസ്റ്റ് നടപടികൾക്കിടെ കസ്റ്റഡിയിലെടുത്തവർക്കു നിയമോപദേശം ലഭിക്കാനുള്ള ഭരണഘടനാപരമായ അവകാശം നിഷേധിക്കപ്പെടുന്നുവെന്ന ഗുരുതര ആരോപണവുമായി അഭിഭാഷകർ രംഗത്ത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആയിരക്കണക്കിനാളുകളെയാണ് ഐസിഇ അറസ്റ്റ് ചെയ്തത്. ഇവരിൽ കുറഞ്ഞത് ഒരാൾ അമേരിക്കൻ പൗരനാണെന്നും, ചില തടവുകാരെ അഭിഭാഷകരെ കാണാൻ അനുവദിക്കുന്നില്ലെന്നും നാല് അഭിഭാഷകർ പറഞ്ഞതായി എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.
മിനിയാപൊളിസിലെ ബിഷപ്പ് ഹെന്റി വിപിൾ ഫെഡറൽ ബിൽഡിങ്ങിലാണ് ഇവരെ തടഞ്ഞുവച്ചിരിക്കുന്നത്. ഇവിടെ തങ്ങൾക്ക് ക്ലയന്റുകളെ കാണാൻ അനുമതി നിഷേധിക്കപ്പെട്ടുവെന്നും ഇത് ഭരണഘടനയിലെ അഞ്ചും, ആറും ഭേദഗതികൾ ഉറപ്പുനൽകുന്ന 'ഡ്യൂ പ്രോസസ്', അഭിഭാഷക സഹായ അവകാശങ്ങൾ എന്നിവയുടെ ലംഘനമാണെന്നുമാണ് അഭിഭാഷകരുടെ ആരോപണം. 'ഐസിഇ ഉദ്യോഗസ്ഥർ നേരിട്ട് തന്നെ ക്ലയന്റുകളെ കാണുന്നതിൽ നിന്ന് എന്നെ തടഞ്ഞു. നാല് മണിക്കൂറോളം വിസിറ്റേഷൻ റൂമിന് പുറത്തു നിന്നിട്ടും 'അഭിഭാഷക സന്ദർശനം ഇവിടെ ഇല്ല' എന്ന മറുപടിയായിരുന്നു,' ഒരു അഭിഭാഷകൻ പറഞ്ഞു.
അതേസമയം, ഈ ആരോപണങ്ങൾ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) നിഷേധിച്ചു. എല്ലാ തടവുകാർക്കും കുടുംബത്തെയും അഭിഭാഷകരെയും ബന്ധപ്പെടാനുള്ള സൗകര്യമുണ്ടെന്നും, ഫോണുകൾ ലഭ്യമാണെന്നും, സൗജന്യമോ കുറഞ്ഞ ചെലവിലോ നിയമസഹായം നൽകുന്ന അഭിഭാഷകരുടെ പട്ടിക ഐസിഇ നൽകുന്നുണ്ടെന്നും ഡിഎച്ച്എസ് വക്താവ് വ്യക്തമാക്കി. എല്ലാ തടവുകാർക്കും പൂർണ നിയമനടപടികൾ ഉറപ്പാക്കിയിട്ടുണ്ടെന്നും ഡിഎച്ച്എസ് അവകാശപ്പെട്ടു.
എന്നാൽ കഴിഞ്ഞ ഒരു ദശകമായി വിപിൾ ബിൽഡിങ്ങിൽ സമാന കേസുകളിൽ ക്ലയന്റുകളെ കാണാറുണ്ടായിരുന്നുവെന്നും, കഴിഞ്ഞ ആഴ്ച മുതൽ ഉണ്ടായ ഈ നിയന്ത്രണങ്ങൾ മുൻപില്ലാത്തതാണെന്നും അഭിഭാഷകർ പറയുന്നു. ഡിഎച്ച്എസിന്റെ 'ഓപ്പറേഷൻ മെട്രോ സർജ്' നടപടികളിൽ പിടിക്കപ്പെടുന്നവരെ താൽക്കാലികമായി പാർപ്പിക്കുന്ന പ്രധാന കേന്ദ്രമാണ് ഈ കെട്ടിടം. ഇവിടെനിന്ന് പലരെയും പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ഡിറ്റൻഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റും.
ജനുവരി 7ന് ഐസിഇ ഏജന്റ് വെടിവെപ്പിൽ 37കാരിയായ റെനീ ഗുഡ് കൊല്ലപ്പെട്ടതിന് ശേഷം, ഐസിഇ വിരുദ്ധ പ്രതിഷേധങ്ങളും ഫെഡറൽ ഏജന്റുമാരുമായുള്ള ഏറ്റുമുട്ടലുകളും നടന്നതിന്റെ കേന്ദ്രവുമാണ് വിപിൾ ബിൽഡിംഗ്. അഭിഭാഷകരെ കാണാൻ അനുവദിക്കാത്തതിന് നൽകിയ വിശദീകരണങ്ങൾ—അപ്പോയിന്റ്‌മെന്റ് ഇല്ല, തടവുകാരൻ പേര് പറഞ്ഞ് അഭിഭാഷകനെ ആവശ്യപ്പെട്ടില്ല, സൗകര്യമില്ല-എന്നിവ ഒന്നും നിയമപരമായി സാധുവല്ലെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു. 'സർക്കാരിന്റെ സൗകര്യം ഭരണഘടനയിൽ എവിടെയും പറയുന്നില്ല. ഇത് ഭരണഘടനാ അവകാശ ലംഘനമാണ്,' അഭിഭാഷകൻ റോബർട്ട് സിക്കോളി പറഞ്ഞു.
മിനിയാപൊളിസിൽ ഐസിഇ കസ്റ്റഡിയിലുള്ളവർക്ക് നിയമസഹായം നിഷേധിക്കുന്നുവെന്ന് അഭിഭാഷകർ; ആരോപണം തള്ളി ഡിഎച്ച്എസ്
