ട്രംപിന്റെ തീരുവ ഭീഷണിക്കു പിന്നാലെ യൂറോപ്യന്‍ യൂണിയന്റെ അടിയന്തര യോഗം

ട്രംപിന്റെ തീരുവ ഭീഷണിക്കു പിന്നാലെ യൂറോപ്യന്‍ യൂണിയന്റെ അടിയന്തര യോഗം


ബ്രസ്സല്‍സ്: ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണം അമേരിക്കയ്ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട കരാര്‍ ഉണ്ടാകുന്നതുവരെ യൂറോപ്യന്‍ യൂണിയനിലെ നിരവധി രാജ്യങ്ങള്‍ക്കെതിരെ തീരുവ ചുമത്തുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് യൂറോപ്യന്‍ യൂണിയന്‍ അടിയന്തര യോഗം വിളിച്ചു. യൂറോപ്യന്‍ രാജ്യങ്ങളിലെ നേതാക്കളും അംബാസഡര്‍മാരും ബ്രസ്സല്‍സില്‍ യോഗം ചേരും.

ഡെന്‍മാര്‍ക്ക്, നോര്‍വേ, സ്വീഡന്‍, ഫ്രാന്‍സ്, ജര്‍മനി, യു കെ, നെതര്‍ലാന്‍ഡ്‌സ്, ഫിന്‍ലാന്‍ഡ് എന്നിവ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ ബ്ലോക്കിലെ നിരവധി രാജ്യങ്ങള്‍ക്കെതിരെയാണ് ട്രംപ് തീരുവ ഭീഷണി മുഴക്കിയത്.

ഫ്രാന്‍സ്, സ്വീഡന്‍, ജര്‍മനി എന്നിവ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ യൂണിയനിലെ പ്രധാന രാജ്യങ്ങളും യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളും ട്രംപിന്റെ തീരുവ ഭീഷണികളോടും ഡാനിഷ് പ്രദേശമായ ഗ്രീന്‍ലാന്‍ഡിനെ അമേരിക്കന്‍ നിയന്ത്രണത്തിലാക്കാനുള്ള ആഗ്രഹങ്ങളോടും ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തി.

നേറ്റോ സഖ്യരാജ്യങ്ങള്‍ക്കെതിരായ ഇന്നത്തെ നടപടികള്‍ ആര്‍ട്ടിക് മേഖലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ സഹായകരമാവില്ലെന്നും സംയുക്ത ശത്രുക്കളെയും പൊതുവായ മൂല്യങ്ങളും ജീവിതശൈലിയുമെല്ലാം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെയും എതിര്‍ക്കുമെന്നും യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ് റോബര്‍ട്ട മെറ്റ്‌സോള എക്സിലെ കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കി.

ഗ്രീന്‍ലാന്‍ഡ് വില്‍പ്പനയ്ക്കുള്ളതെന്ന് ഗ്രീന്‍ലാന്‍ഡും ഡെന്‍മാര്‍ക്കും വ്യക്തമാക്കിയിട്ടുണ്ടെന്നും അതിന്റെ സ്വാധീനാധികാരവും ഭൗമ അഖണ്ഡതയും മാനിക്കപ്പെടണപ്പെടണമെന്നും ഒരു തീരുവ ഭീഷണിക്കും ആ യാഥാര്‍ഥ്യം മാറ്റാന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ചൈനയും റഷ്യയും ഏറെ സന്തോഷത്തിലായിരിക്കുമെന്നുറപ്പാണെന്നാണ് ട്രംപിന്റെ പ്രസ്താവനയ്ക്ക് ശേഷം യൂറോപ്യന്‍ കമ്മീഷന്റെ ഉപാധ്യക്ഷ കാജ കല്ലാസ് വ്യക്തമാക്കിയത്. സഖ്യരാജ്യങ്ങള്‍ക്കിടയിലെ ഭിന്നതകളില്‍ നിന്ന് പ്രയോജനം നേടുക അവരായിരിക്കുമെന്നും കാജ കല്ലാസ് പറഞ്ഞു.

ഗ്രീന്‍ലാന്‍ഡിന്റെ സുരക്ഷ അപകടത്തിലാണെങ്കില്‍ അത് നേറ്റോയ്ക്കുള്ളില്‍ തന്നെ പരിഹരിക്കാമെന്നും കല്ലാസ് എക്സില്‍ കുറിച്ചു. തീരുവകള്‍ യൂറോപ്പിനെയും അമേരിക്കയെയും ദരിദ്രമാക്കുകയും സമൃദ്ധിയെ ദുര്‍ബലപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു. 

മിക്ക യൂറോപ്യന്‍ രാജ്യങ്ങളും ട്രംപിന്റെ നീക്കത്തെ വിമര്‍ശിച്ചെങ്കിലും ഫ്രാന്‍സ് കൂടുതല്‍ കടുത്ത നിലപാടാണ് സ്വീകരിച്ചത്. റഷ്യ- യുക്രെയ്ന്‍ വിഷയവുമായി താരതമ്യം ചെയ്തുകൊണ്ടാണ് ഫ്രാന്‍സ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഭീഷണികളെ അപലപിച്ചത്.

യുക്രെയ്‌നിലായാലും ഗ്രീന്‍ലാന്‍ഡിലായാലും ലോകത്തിന്റെ മറ്റേതെങ്കിലും ഭാഗത്തായാലും ഭീഷണിയോ സമ്മര്‍ദ്ദമോ സ്വാധീനിക്കില്ലെന്നാണ്  ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ എക്സില്‍ കുറിച്ചത്. തീരുവ ഭീഷണികള്‍ അംഗീകരിക്കാനാവില്ല. ഈ സാഹചര്യത്തില്‍ അതിന് സ്ഥാനമില്ല. അവ സ്ഥിരീകരിക്കപ്പെട്ടാല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഐക്യമായും ഏകോപിതമായും പ്രതികരിക്കുമെന്നും യൂറോപ്യന്‍ സ്വാധീനാധികാരം സംരക്ഷിക്കുമെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോര്‍വേ, സ്വീഡന്‍, ഫ്രാന്‍സ്, ജര്‍മനി, യുണൈറ്റഡ് കിംഗ്ഡം, നെതര്‍ലാന്‍ഡ്‌സ്, ഫിന്‍ലാന്‍ഡ് എന്നിവ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ 'അജ്ഞാതമായ ഉദ്ദേശത്തോടെ' ഗ്രീന്‍ലാന്‍ഡിലേക്ക് യാത്ര ചെയ്യുകയാണെന്ന് ആരോപിച്ചാണ് അദ്ദേഹം കടുത്ത ഭാഷയില്‍ വിമര്‍ശനവും തീരുവ ഭീഷണിയും ഉയര്‍ത്തിയത്.