മൂടല്‍മഞ്ഞില്‍ കുഴിയിലേക്ക് വീണ കാറില്‍ കുടുങ്ങി നോയിഡയിലെ ടെക്കി മരിച്ചു

മൂടല്‍മഞ്ഞില്‍ കുഴിയിലേക്ക് വീണ കാറില്‍ കുടുങ്ങി നോയിഡയിലെ ടെക്കി മരിച്ചു


നോയിഡ: കനത്ത മൂടല്‍മഞ്ഞിനിടെ കാര്‍ വെള്ളം നിറഞ്ഞ ആഴമുള്ള കുഴിയിലേക്ക് മറിഞ്ഞതിനെ തുടര്‍ന്ന് 27കാരനായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ദാരുണമായി മരിച്ചു. ഗുഡ്ഗാവിലെ ഡേറ്റ സയന്‍സ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന യുവരാജ് മേത്തയാണ് മരിച്ചത്. അവസാന നിമിഷങ്ങളില്‍ അച്ഛനോട് സഹായം തേടി ഫോണ്‍ ചെയ്‌തെങ്കിലും, രക്ഷിക്കാനായില്ല.

വെള്ളിയാഴ്ച രാത്രിയാണ് നോയിഡ സെക്ടര്‍ 150ല്‍ അപകടം നടന്നത്. വീട്ടിലേക്ക് മടങ്ങുന്നതിനിടെ, കാഴ്ചക്കുറവും റോഡിലെ തകര്‍ന്ന ബൗണ്ടറി മതിലും തെരുവുവിളക്കുകളും റിഫഌക്ടറുകളും ഇല്ലാത്തതും അപകടത്തിന് കാരണമായതായി കുടുംബം ആരോപിച്ചു. യുവരാജിന്റെ എസ്‌യുവി ഏകദേശം 70 അടി ആഴമുള്ള, വെള്ളം നിറഞ്ഞ കുഴിയിലേക്ക് പതിക്കുകയായിരുന്നു.

അപകടത്തിന് പിന്നാലെ യുവരാജ് അച്ഛനായ രാജ്കുമാര്‍ മേത്തയെയും ഒരു സുഹൃത്തെയും വിളിച്ചു. 'അച്ഛാ, ഞാന്‍ വെള്ളം നിറഞ്ഞ വലിയ കുഴിയിലേക്കാണ് വീണത്. ഞാന്‍ മുങ്ങുകയാണ്. ദയവായി വന്ന് രക്ഷിക്കൂ. ' എന്നായിരുന്നു മകന്റെ വാക്കുകള്‍. മിനിറ്റുകള്‍ക്കകം അച്ഛനും പൊലീസും സ്ഥലത്തെത്തിയെങ്കിലും, കനത്ത മൂടല്‍മഞ്ഞ് കാരണം കുഴി കണ്ടെത്താനായില്ല. മകന്റെ നിലവിളി കേട്ടെങ്കിലും, രക്ഷാപ്രവര്‍ത്തനം ഫലപ്രദമായി നടത്താനുമായില്ല.

അഞ്ച് മണിക്കൂറിന് ശേഷമാണ് കാറും മൃതദേഹവും പുറത്തെടുത്തത്. സംസ്ഥാന ദുരന്ത നിവാരണ സേന (SDRF) വൈകിയാണ് എത്തിയത് എന്നും ആവശ്യമായ ഉപകരണങ്ങള്‍ ഉണ്ടായിരുന്നില്ല എന്നും അച്ഛന്‍ ആരോപിച്ചു. 'രണ്ടുമണിക്കൂറിന് ശേഷമാണ് രക്ഷാബോട്ട് എത്തിയത്. ബോട്ട് തയ്യാറാക്കാന്‍ പോലും ഏറെ സമയം എടുത്തു. നീന്താന്‍ അറിയാവുന്നവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ മകനെ രക്ഷിക്കണമെന്ന് ഞാന്‍ എല്ലാവരോടും അപേക്ഷിച്ചു,' രാജ് കുമാര്‍ മേത്ത പറഞ്ഞു.

അതേസമയം,  രക്ഷാപ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്ച ഉണ്ടായതായി സ്ഥലത്തുണ്ടായിരുന്ന ഒരു ഡെലിവറി ജീവനക്കാരന്‍ആരോപിച്ചു. 'ഉപകരണങ്ങള്‍ ഉണ്ടായിരുന്നിട്ടും രക്ഷിക്കാന്‍ ആരും ശ്രമിച്ചില്ല. കാറ് രണ്ടു മണിക്കൂറോളം വെള്ളത്തില്‍ പൊങ്ങിക്കിടന്നു. നൂറിലധികം ആളുകള്‍ ഉണ്ടായിരുന്നെങ്കിലും ഒരാളും മുന്നോട്ട് വന്നില്ല. സമയബന്ധിതമായി ഇടപെട്ടിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാനാകുമായിരുന്നു,'- അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും റോഡുകളിലെ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം പരാതി നല്‍കിയിട്ടുണ്ട്.