ബോര്‍ഡ് ഓഫ് പീസ്' ഗാസയ്ക്ക് പുറമെ യുക്രെയിനിലേക്കും വെനിസ്വേലയിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി ട്രംപ്

ബോര്‍ഡ് ഓഫ് പീസ്' ഗാസയ്ക്ക് പുറമെ യുക്രെയിനിലേക്കും വെനിസ്വേലയിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി ട്രംപ്


വാഷിംഗ്ടണ്‍: ഗാസ പുനര്‍നിര്‍മാണം മേല്‍നോട്ടം വഹിക്കുന്നതിന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രൂപീകരിച്ച 'ബോര്‍ഡ് ഓഫ് പീസ്' (Board of Peace) മറ്റ് സംഘര്‍ഷ മേഖലകളിലേക്കും വ്യാപിപ്പിക്കാന്‍ ആലോചനയിലാണെന്ന് റിപ്പോര്‍ട്ട്. യുക്രെയിന്‍, വെനിസ്വേല അടക്കമുള്ള രാജ്യങ്ങള്‍ ഇതിന്റെ പരിധിയില്‍ ഉള്‍പ്പെടാമെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ബോര്‍ഡിന്റെ എക്‌സിക്യൂട്ടീവ് ബോര്‍ഡില്‍ യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍, ട്രംപിന്റെ മിഡില്‍ ഈസ്റ്റ് ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകന്‍ ജാരഡ് കുഷ്‌നര്‍ എന്നിവരാണ് അംഗങ്ങള്‍. ഗാസയിലെ പ്രവര്‍ത്തന ഫലപ്രാപ്തി വിലയിരുത്തിയശേഷം, റഷ്യ-യുക്രെയിന്‍ യുദ്ധം, അസര്‍ബൈജാന്‍-അര്‍മേനിയ സംഘര്‍ഷം തുടങ്ങിയ മറ്റ് ആഗോള പ്രതിസന്ധികളിലേക്കും ബോര്‍ഡിന്റെ ചുമതല വ്യാപിപ്പിക്കാനാണ് ട്രംപ് ആലോചിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ട്രംപ് 'ട്രൂത്ത് സോഷ്യല്‍' പ്ലാറ്റ്‌ഫോമില്‍, 'എപ്പോഴും, എവിടെയും ഒരിക്കലും ഒന്നിച്ചുകൂടാത്ത ഏറ്റവും മഹത്തായതും പ്രശസ്തവുമായ ബോര്‍ഡാണ് ഇത്' എന്നായിരുന്നു ബോര്‍ഡ് ഓഫ് പീസിനെക്കുറിച്ചുള്ള അവകാശവാദം.
യുക്രെയിന്‍-റഷ്യ വിഷയത്തില്‍ പ്രത്യേകമായി ഈ ബോര്‍ഡ് രൂപീകരിക്കാനുള്ള നിര്‍ദേശങ്ങള്‍ നിലവിലുണ്ടെന്ന് കീവിലെ ഒരു ഉദ്യോഗസ്ഥന്‍ ഫിനാന്‍ഷ്യല്‍ ടൈംസിനോട് പറഞ്ഞു. അതേസമയം, നിക്കോളാസ് മഡൂറോയെയും ഭാര്യയെയും യുഎസ് പിടികൂടിയതിനു പിന്നാലെ രാഷ്ട്രീയ അസ്ഥിരത തുടരുന്ന വെനിസ്വേലയിലേക്കും ബോര്‍ഡിന്റെ പരിധി വ്യാപിപ്പിക്കാനാണ് സാധ്യത.
'മിഡില്‍ ഈസ്റ്റില്‍ സമാധാനം കൊണ്ടുവരാനുള്ള പ്രസിഡന്റ് ട്രംപിന്റെ ചരിത്രപരമായ ശ്രമത്തിന്റെ ഭാഗമാകാന്‍ ലോകം മുഴുവന്‍ ആഗ്രഹിക്കുന്നു'  എന്നായിരുന്നു ഇക്കാര്യത്തില്‍ വൈറ്റ് ഹൗസ് പ്രതികരിച്ചത്. ബോര്‍ഡ് ഓഫ് പീസിന്റെ അംഗത്വത്തിലും വിപുലീകരണത്തിലും ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക പ്രഖ്യാപനങ്ങളും നേരിട്ട് പ്രസിഡന്റ് തന്നെ നടത്തുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.