നൊബേല്‍ സമ്മാനത്തിന് ഇത്ര ആര്‍ത്തിയുള്ളയാളെ ജീവിതത്തില്‍ കണ്ടില്ലെന്ന് കൈലാഷ് സത്യാര്‍ഥി

നൊബേല്‍ സമ്മാനത്തിന് ഇത്ര ആര്‍ത്തിയുള്ളയാളെ ജീവിതത്തില്‍ കണ്ടില്ലെന്ന് കൈലാഷ് സത്യാര്‍ഥി


ജയ്പൂര്‍: നൊബേല്‍ സമാധാന പുരസ്‌കാരം അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് 'ഓഫര്‍ ചെയ്തുവെന്ന' മാധ്യമ വാര്‍ത്തകളോട് ശക്തമായ പ്രതികരണവുമായി നൊബേല്‍ ജേതാവ് കൈലാഷ് സത്യാര്‍ഥി. സംഭവം ഞെട്ടിക്കുന്നതാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം സ്വന്തം നൊബേല്‍ ഇന്ത്യയുടെ ജനങ്ങള്‍ക്ക് സമര്‍പ്പിച്ച അനുഭവവുമായി ഇതിനെ താരതമ്യം ചെയ്തു.

ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നടന്ന 'കരുണ: ദ പവര്‍ ഓഫ് കോംപാഷന്‍' എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കവെയാണ് സത്യാര്‍ഥി വിഷയത്തില്‍ പ്രതികരിച്ചത്. ഒരു നൊബേല്‍ ജേതാവ് തന്റെ സമാധാന പുരസ്‌കാരം ഡൊണള്‍ഡ് ട്രംപിന് 'സമര്‍പ്പിച്ചുവെന്ന' റിപ്പോര്‍ട്ടുകള്‍ തന്നെ അത്യന്തം ഞെട്ടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. യു എസ് പ്രസിഡന്റിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു കടുത്ത വിമര്‍ശനം. 'ദൈവമേ, നൊബേല്‍ സമ്മാനത്തിനായി ഇത്രയും ഭ്രാന്തുള്ള ഒരാളെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല' എന്നദ്ദേഹം പറഞ്ഞു. 

വെനിസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കോറിന മച്ചാഡോ വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെ തന്റെ നൊബേല്‍ സമാധാന പുരസ്‌കാര മെഡല്‍ ട്രംപിന് കൈമാറിയ സംഭവത്തെയാണ് സത്യാര്‍ഥി പരാമര്‍ശിച്ചത്. നൊബേല്‍ സമാധാന പുരസ്‌കാരം കൈമാറ്റം ചെയ്യാനാവില്ലെന്ന് വ്യക്തമാക്കുന്ന പ്രസ്താവന നൊബേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പിന്നീട് പുറത്തിറക്കി. മെഡല്‍ പ്രതീകാത്മകമായി കൈമാറാമെങ്കിലും പുരസ്‌കാരത്തിന്റെ ബഹുമാനം മറ്റൊരാളിലേക്ക് മാറ്റാനാകില്ലെന്നായിരുന്നു വിശദീകരണം.

ഈ പുരസ്‌കാരം കൈമാറ്റം ചെയ്യാന്‍ കഴിയുന്നതല്ലെന്ന് നൊബേല്‍ കമ്മിറ്റി വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടും രാഷ്ട്രീയ അംഗീകാരമല്ല, മറിച്ച് ധാര്‍മ്മിക അധികാരത്തിന്റെ പ്രതീകമണ് പുരസ്‌ക്കാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന്, 2014ല്‍ തനിക്ക് നൊബേല്‍ സമാധാന പുരസ്‌കാരം ലഭിച്ച ശേഷം രാഷ്ട്രപതി ഭവനില്‍ അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി ഉണ്ടായ അനുഭവവും സത്യാര്‍ഥി പങ്കുവച്ചു.

സമാധാന മെഡല്‍ ഇന്ത്യയുടെ മണ്ണിലേക്ക് കൊണ്ടുവന്ന ആദ്യ ഇന്ത്യയില്‍ ജനിച്ച ഇന്ത്യന്‍ നിങ്ങള്‍ തന്നെയാണ് എന്നാണ് പ്രണബ് മുഖര്‍ജി തന്നോട് പറഞ്ഞത് എന്നും സത്യാര്‍ഥി ഓര്‍മ്മിച്ചു.

മെഡല്‍ ഇന്ത്യയുടെ ജനങ്ങളുടേതായി സമര്‍പ്പിക്കണമെന്ന ആഗ്രഹം താന്‍ രാഷ്ട്രപതിയോട് അറിയിച്ചെങ്കിലും അതിന് നിലവില്‍ യാതൊരു പ്രോട്ടോക്കോളും ഇല്ലെന്നായിരുന്നു മറുപടി. എന്നിരുന്നാലും സത്യാര്‍ഥി തന്റെ നിലപാടില്‍ ഉറച്ചുനിന്നു. മഹാത്മാ ഗാന്ധിയുടെ സ്മാരകമായ രാജ്ഘട്ടില്‍ മെഡല്‍ വെക്കാമെന്ന നിര്‍ദ്ദേശം പോലും അദ്ദേഹം മുന്നോട്ടുവച്ചു. ഒടുവില്‍, പുതിയൊരു പ്രോട്ടോക്കോള്‍ രൂപീകരിക്കുകയും ഇന്ത്യയുടെ പേരില്‍ രാഷ്ട്രപതിക്ക് മെഡല്‍ ഔപചാരികമായി കൈമാറുകയും ചെയ്തു.

ചിലര്‍ക്കു പുരസ്‌കാരം ലഭിക്കുന്നതുകൊണ്ടാണ് അവരുടെ ബഹുമാനം ഉയരുന്നതെന്നും എന്നാല്‍ ചിലര്‍ക്ക് പുരസ്‌കാരം ലഭിക്കുമ്പോഴാണ് ആ പുരസ്‌കാരത്തിന്റെ ബഹുമാനം ഉയരുന്നതെന്നും സംഭാഷണം ഉയര്‍ന്ന ധാര്‍മ്മികതയുടെ കുറിപ്പോടെ സത്യാര്‍ഥി അവസാനിപ്പിച്ചു.