ഡിമോണ: ഇസ്രയേലിലെ പ്രധാന ആണവ കേന്ദ്രം സ്ഥിതി ചെയ്യുന്ന ഡിമോണ നഗരത്തിന് സമീപം തെക്കന്‍ ഇസ്രായേലില്‍ വ്യാഴാഴ്ച 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്തതിന് കാരണം ആണവ പരീക്ഷണമെന്ന് സംശയം. ഇസ്രായേലിലെ ഭൂകമ്പത്തെ തുടര്‍ന്ന് ചാവുകടലിലും തെക്കന്‍ നെഗേവ് പ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.
ഇറാനെതിരെ നടപടിയെടുക്കുമെന്ന് യു എസ് ഭീഷണി ഉയര്‍ത്തിയതിന് പിന്നാലെ ഇസ്രയേല്‍ ആണവ പരീക്ഷണം നടത്തിയെന്ന അഭ്യൂഹങ്ങള്‍ക്കാണ് ഭൂകമ്പം ആക്കം കൂട്ടിയത്.
കാര്യമായ ആളപായമോ വന്‍ നാശനഷ്ടങ്ങളോ ഭൂകമ്പത്തെ തുടര്‍ന്ന് ഉണ്ടായിട്ടില്ലെന്ന് മാഗന്‍ ഡേവിഡ് അഡോം അടിയന്തിര സേവനം അറിയിച്ചു. എന്നാല്‍ യഥാര്‍ഥത്തില്‍ ഇതു ഭൂകമ്പം തന്നെയാണോ അതോ ആണവ പരീക്ഷണമാണോ എന്ന അഭ്യൂഹങ്ങളാണ് പരക്കുന്നത്. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 20 കിലോമീറ്റര്‍ താഴെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് ഇസ്രയേല്‍ ജിയോളജിക്കല്‍ സര്‍വേയെ ഉദ്ധരിച്ച് ടൈംസ് ഒഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ യൂറോപ്യന്‍- മെഡിറ്ററേനിയന്‍ ഭൂകമ്പ കേന്ദ്രത്തിന്റെ കണക്കു പ്രകാരം ഉപരിതലത്തിന് ഏകദേശം 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്. ബീര്‍ഷെബയുടെ തെക്കുകിഴക്കായി ഡിമോണ നഗരത്തിനടുത്തായാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഭൂകമ്പത്തിനു മുമ്പേ മുന്നറിയിപ്പു നല്‍കുകയും പ്രഭവ കേന്ദ്രത്തിനു സമീപമുള്ള പല പട്ടണങ്ങളിലും ഉച്ചഭാഷിണികളില്‍ നിന്ന് പൊതു സുരക്ഷാ സന്ദേശങ്ങള്‍ മുഴക്കുകയും ചെയ്തിരുന്നു.
തുടര്‍ചലനങ്ങള്‍ ഉണ്ടായാല്‍ കെട്ടിടങ്ങളില്‍ നിന്നും അടിസ്ഥാന സൗകര്യങ്ങളില്‍ നിന്നും തുറന്ന സ്ഥലത്തേയ്ക്ക് മാറാന്‍ ഇസ്രായേലി അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കാര്യമായ തുടര്‍ ചലനങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആഫ്രിക്കന്‍, അറേബ്യന്‍ ടെക്‌റ്റോണിക് പ്ലേറ്റുകള്‍ക്കിടയില്‍ ഉള്ള ഒരു പ്രധാന ഭൂകമ്പ വിള്ളല്‍ മേഖലയിലുള്ള ജോര്‍ദ്ദാന്‍ താഴ്‌വരയ്ക്കു സമീപമാണ് ഈ ഭൂകമ്പ മേഖല.
അനഡോലു ഏജാന്‍സിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് യു എസ് ആക്രമണത്തിനു ശേഷം ഏതു നിമിഷവും ഇറാനിയന്‍ പ്രതികരണം ഉണ്ടാകാം എന്ന ആശങ്കകള്‍ക്കിടയില്‍ ആണ് ഇസ്രയേല്‍ സൈനിക സന്നദ്ധതയുടെ നിലവാരം ഉയര്‍ത്തിയിരിക്കുന്നത്. ഡിമോണയില്‍ നിന്ന് ഏകദേശം പതിമൂന്ന് കിലോമീറ്റര്‍ തെക്കുകിഴക്കായി നെഗേവ് മരുഭൂമിയിലാണ് ഷിമോണ്‍ പെരസ് നെഗേവ് ആണവ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇത് ഓണ്‍ലൈനില്‍ ഊഹാപോഹങ്ങള്‍ പരക്കുന്നതിന് കൂടുതല്‍ വേഗത നല്‍കി.
ഭൂകമ്പം സ്വാഭാവികമാണെന്ന് ഇസ്രായേല്‍ അധികൃതര്‍ വാദിക്കുന്നു. ഭൂകമ്പ പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യതയുള്ള ജോര്‍ദാന്‍ താഴ്വരയ്ക്കടുത്താണ് ഭൂകമ്പം ഉണ്ടായത്. ടൈംസ് ഒഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് പ്രകാരം വിദഗ്ധര്‍ കണക്കാക്കുന്നത് 80 മുതല്‍ 100 വര്‍ഷം കൂടുമ്പോള്‍ അവിടെ ഒരു വലിയ ഭൂകമ്പം സംഭവിക്കുമെന്നാണ്.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം തെക്കന്‍ ഇസ്രായേലിലാണെങ്കിലും മധ്യ ഇസ്രായേലിലും തലസ്ഥാനമായ ജറുസലേമിന് വടക്കുള്ള പ്രദേശങ്ങളില്‍ പോലും ഭൂകമ്പങ്ങള്‍ അനുഭവപ്പെട്ടു. നെഗേവ് മരുഭൂമി മേഖലയ്ക്ക് അപ്പുറത്ത് സൈറണുകള്‍ മുഴങ്ങിയതിനാല്‍ ഭൂചലനത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടായി എന്നും റിപ്പോര്‍ട്ടുകളുണ്ട്.
