ഇറാനില്‍ കുടുങ്ങി 12 മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികള്‍

ഇറാനില്‍ കുടുങ്ങി 12 മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികള്‍


ടെഹ്‌റാന്‍: ഇറാനിലെ കെര്‍മാന്‍ മെഡിക്കല്‍ സര്‍വകലാശാലയില്‍ 12 മലയാളി വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. എം ബി ബി എസ് വിദ്യാര്‍ഥികളാണ് ഹോസ്റ്റലില്‍ കുടുങ്ങിക്കിടക്കുന്നത്. ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടതിനാല്‍ കേരളത്തിലുള്ള രക്ഷിതാക്കളുമായി ബന്ധപ്പെടാന്‍ കുട്ടികള്‍ക്ക് കഴിയുന്നില്ല.

കോട്ടയം, മലപ്പുറം, എറണാകുളം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ളവരാണ് വിദ്യാര്‍ഥികള്‍. കെര്‍മാനിലെ ആസാദി സ്‌ക്വയറിനു സമീപമുള്ള ഡോര്‍മെറ്ററിയിലാണ് ഇവര്‍ കഴിയുന്നത്. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് വിദ്യാര്‍ഥികളെന്ന് മാതാപിതാക്കള്‍ വിദേശകാര്യമന്ത്രാലയത്തിന് അയച്ച കത്തില്‍ പറയുന്നു. ക്ലാസുകള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. പരീക്ഷകള്‍ മാറ്റി വച്ചു. ഓണ്‍ലൈന്‍ ക്ലാസുകളും തടസപ്പെട്ടു. വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായം തേടിയിരിക്കുകയാണ് കുടുംബങ്ങള്‍.