ജനാധിപത്യ ഇറാന്‍ രൂപപ്പെട്ടാല്‍ ഇന്ത്യയുമായി അടുത്ത ബന്ധം സ്ഥാപിക്കും: റേസാ പഹ്‌ലവി

ജനാധിപത്യ ഇറാന്‍ രൂപപ്പെട്ടാല്‍ ഇന്ത്യയുമായി അടുത്ത ബന്ധം സ്ഥാപിക്കും: റേസാ പഹ്‌ലവി


ന്യൂഡല്‍ഹി: ഇറാനില്‍ ജനാധിപത്യ ഭരണകൂടം നിലവില്‍ വന്നാല്‍ ഇന്ത്യയുമായി അടുപ്പമുള്ളതും സഹകരണപരവുമായ ബന്ധം സ്ഥാപിക്കുമെന്ന് ഇറാന്റെ പ്രവാസ രാജകുമാരന്‍ റേസാ പഹ്‌ലവി. വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

പരമാധികാരവും സ്വാതന്ത്ര്യവും പോലുള്ള മൂല്യങ്ങള്‍ അംഗീകരിക്കുന്ന രാജ്യങ്ങളുമായി മികച്ച ബന്ധമാണ് ജനാധിപത്യ ഇറാന്‍ ലക്ഷ്യമിടുന്നതെന്ന് പഹ്‌ലവി പറഞ്ഞു. ആ നിലയില്‍ ഇന്ത്യ ഒരു പ്രധാന പങ്കാളിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാനും ഇന്ത്യയും ആധുനിക ചരിത്രത്തില്‍ നല്ല ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് പഹ്‌ലവി ഓര്‍മിപ്പിച്ചു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഇറാന്‍ സന്ദര്‍ശനം പരാമര്‍ശിച്ച അദ്ദേഹം, ഇരുരാജ്യങ്ങളുടെയും ബന്ധം പതിറ്റാണ്ടുകള്‍ പഴക്കമുള്ളതാണെന്നും പറഞ്ഞു.

ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തെ പ്രശംസിച്ച പഹ്‌ലവി, ഇരുരാജ്യങ്ങള്‍ക്കും സമ്പന്നമായ ചരിത്രവും സംസ്‌കാരവുമുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഇത് സ്വാഭാവികമായും ശക്തമായ സൗഹൃദത്തിനും സഹകരണത്തിനും വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഊര്‍ജം,, ജലക്ഷാമം, ജനസംഖ്യ തുടങ്ങിയ ആഗോള വെല്ലുവിളികള്‍ നേരിടാന്‍ രാജ്യങ്ങള്‍ തമ്മിലുള്ള കൂടുതല്‍ സഹകരണം അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സാങ്കേതികവിദ്യയിലും വൈദഗ്ധ്യത്തിലും ഇന്ത്യ മുന്നിലാണ് എന്നും പഹ്‌ലവി പറഞ്ഞു.

പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജമേഖല ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ഇന്ത്യയുമായി സഹകരണം സാധ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദഗ്ധര്‍, സംരംഭകര്‍, വ്യവസായ മേഖലകള്‍ തമ്മില്‍ അടുത്ത ഇടപെടല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പഹ്‌ലവി പറഞ്ഞു.

'സ്വാതന്ത്ര്യം നേടിയാല്‍ ഒരു പുതിയ അധ്യായത്തിന് തുടക്കമാകും' എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.