ഗാസയ്ക്ക് 'ബോര്‍ഡ് ഓഫ് പീസ്': ചില അംഗങ്ങളെ വൈറ്റ് ഹൗസ് പ്രഖ്യാപിച്ചു

ഗാസയ്ക്ക് 'ബോര്‍ഡ് ഓഫ് പീസ്': ചില അംഗങ്ങളെ വൈറ്റ് ഹൗസ് പ്രഖ്യാപിച്ചു


വാഷിംഗ്ടണ്‍: ഗാസയില്‍ താത്ക്കാലിക ഭരണസംവിധാനം മേല്‍നോട്ടം വഹിക്കാന്‍ ബോര്‍ഡ് ഓഫ് പീസ് രൂപീകരിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. 'ബോര്‍ഡ് ഓഫ് പീസ്' സമിതിയിലെ ചില അംഗങ്ങളുടെ പേരുകള്‍ വൈറ്റ് ഹൗസ് പുറത്തുവിട്ടു.

വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, യു എസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ, ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ്, ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍, ട്രംപിന്റെ മരുമകന്‍ ജാരഡ് കുഷ്നര്‍, സ്വകാര്യ ഇക്വിറ്റി മേഖലയിലെ ശതകോടീശ്വരന്‍ മാര്‍ക് റോവന്‍, ലോകബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് അജയ് ബംഗ, ട്രംപ് ഉപദേഷ്ടാവ് റോബര്‍ട്ട് ഗബ്രിയേല്‍ എന്നിവര്‍ സമിതിയിലെ അംഗങ്ങളിലുണ്ട്.

മുന്‍ ഐക്യരാഷ്ട്രസഭ മിഡില്‍ ഈസ്റ്റ് സമാധാനപ്രക്രിയ പ്രത്യേക കോഓര്‍ഡിനേറ്ററായിരുന്ന നിക്കോളയ് മ്ലാദെനോവ് ഗാസയ്ക്കായുള്ള ഹൈ റെപ്രസന്റേറ്റീവ് പദവി ഏറ്റെടുക്കുമെന്നും വരാനിരിക്കുന്ന ആഴ്ചകളില്‍ കൂടുതല്‍ അംഗങ്ങളെ പ്രഖ്യാപിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷാവസാനം ട്രംപ് അവതരിപ്പിച്ച പദ്ധതിയനുസരിച്ച് ഗാസയില്‍ ഒരു ഇടക്കാല ഘട്ടത്തില്‍ ഭരണചുമതല നിര്‍വഹിക്കുന്നതിനായി അന്താരാഷ്ട്ര 'ബോര്‍ഡ് ഓഫ് പീസ്'ന്റെ മേല്‍നോട്ടത്തില്‍ ഒരു ഫലസ്തീന്‍ സാങ്കേതിക ഭരണകൂടം (ടെക്‌നോക്രാറ്റിക് അതോറിറ്റി) രൂപീകരിക്കണമെന്നാണ് നിര്‍ദ്ദേശം. ഈ സമിതിയുടെ അധ്യക്ഷനായി അമേരിക്കന്‍ പ്രസിഡന്റായ ട്രംപ് തന്നെ പ്രവര്‍ത്തിക്കുമെന്നതും പദ്ധതിയില്‍ വ്യക്തമാക്കുന്നു.

ഓരോ അംഗത്തിന്റെയും കൃത്യമായ ചുമതലകള്‍ പ്രസ്താവനയില്‍ വിശദീകരിച്ചിട്ടില്ല. എന്നാല്‍ ഗാസയിലെ അന്താരാഷ്ട്ര സ്ഥിരതാസേനയുടെ കമാന്‍ഡറായി യു എസ് പ്രത്യേക ഓപ്പറേഷന്‍സിന്റെ മുന്‍ കമാന്‍ഡറായ മേജര്‍ ജനറല്‍ ജാസ്പര്‍ ജെഫേഴ്‌സിനെ നിയമിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.

ഗാസയുടെ ഭാവി ഭരണസംവിധാനവുമായി ബന്ധപ്പെട്ട് അമേരിക്ക മുന്നോട്ടുവയ്ക്കുന്ന ഈ നീക്കം അന്താരാഷ്ട്ര തലത്തില്‍ വന്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.