ഇന്‍ഡിഗോയ്ക്ക് 22.20 കോടി രൂപ പിഴ ചുമത്തി ഡി ജി സി എ

ഇന്‍ഡിഗോയ്ക്ക് 22.20 കോടി രൂപ പിഴ ചുമത്തി ഡി ജി സി എ


മുംബൈ: ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ച് വന്‍തോതിലുള്ള വിമാന സര്‍വീസ് തടസ്സങ്ങളുണ്ടാക്കിയതില്‍ ഇന്‍ഡിഗോയ്ക്ക് ഉത്തരവാദിത്തമുണ്ടെന്ന് കണ്ടെത്തി വ്യോമയാന നിയന്ത്രണ അതോറിറ്റിയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) കടുത്ത നടപടി സ്വീകരിച്ചു. വിശദമായ അന്വേഷണത്തിന് ശേഷം ഇന്‍ഡിഗോയ്ക്ക് 22.20 കോടി രൂപ പിഴ ചുമത്തിയതായി ഡിജിസിഎ അറിയിച്ചു.

പിഴയ്ക്ക് പുറമേ, ഡി ജി സി എയുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതും ദീര്‍ഘകാല സംവിധാനപരമായ തിരുത്തലുകള്‍ ഉറപ്പാക്കുന്നതിനുമായി 50 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി ഡി ജി സി എയ്ക്ക് സമര്‍പ്പിക്കാനും ഇന്‍ഡിഗോയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

2025 ഡിസംബര്‍ 3 മുതല്‍ 5 വരെ നടന്ന വ്യാപകമായ വിമാന വൈകലുകളും റദ്ദാക്കലുകളും രാജ്യത്തെ വ്യോമയാന രംഗത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ കാലയളവില്‍ 2,507 വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയും 1,852 വിമാനങ്ങള്‍ വൈകുകയും ചെയ്തതോടെ മൂന്നു ലക്ഷത്തിലധികം യാത്രക്കാരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയത്.

കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഡി ജി സി എ നാലംഗ അന്വേഷണ സമിതിയെ നിയോഗിക്കുകയും പ്രതിസന്ധിയിലേക്ക് നയിച്ച സാഹചര്യങ്ങള്‍ സമഗ്രമായി വിലയിരുത്തുകയായിരുന്നു.

ഇന്‍ഡിഗോ മാനേജ്‌മെന്റ് ക്രൂ, വിമാനങ്ങള്‍, നെറ്റ്വര്‍ക്ക് വിഭവങ്ങള്‍ എന്നിവ പരമാവധി ഉപയോഗപ്പെടുത്തുന്നതില്‍ കേന്ദ്രീകരിച്ച അമിതമായി ഒപ്റ്റിമൈസ് ചെയ്ത പ്രവര്‍ത്തന മാതൃകയാണ് സ്വീകരിച്ചതെന്ന് അന്വേഷണ സമിതി കണ്ടെത്തി. ഇതുമൂലം ചെറിയ തടസ്സങ്ങള്‍ പോലും കൈകാര്യം ചെയ്യാന്‍ ആവശ്യമായ പ്രവര്‍ത്തന ബഫര്‍ കമ്പനിയ്ക്ക് ഇല്ലാതായി.

അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച് സര്‍വീസ് തകര്‍ച്ചയ്ക്ക് പ്രധാന കാരണങ്ങളായി പ്രവര്‍ത്തനങ്ങളിലെ അമിത ഒപ്റ്റിമൈസേഷന്‍, റെഗുലേറ്ററി തയ്യാറെടുപ്പിലെ അപര്യാപ്തത, സിസ്റ്റം സോഫ്റ്റ്വെയര്‍ പിന്തുണയിലെ പോരായ്മകള്‍, മാനേജ്‌മെന്റ് ഘടനയിലും ഓപ്പറേഷണല്‍ നിയന്ത്രണത്തിലും ഉണ്ടായ വീഴ്ചകള്‍ എന്നിവ ചൂണ്ടിക്കാട്ടി.

പുതുക്കിയ ഫ്‌ളൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷന്‍ (എഫ് ഡി ടി എല്‍) വ്യവസ്ഥകള്‍ ഫലപ്രദമായി നടപ്പാക്കുന്നതിലും പദ്ധതികളിലെ പോരായ്മകള്‍ മുന്‍കൂട്ടി തിരിച്ചറിയുന്നതിലും ആവശ്യമായ പ്രവര്‍ത്തന സുരക്ഷാ ഇടവേള നിലനിര്‍ത്തുന്നതിലും ഇന്‍ഡിഗോ മാനേജ്‌മെന്റ് പരാജയപ്പെട്ടുവെന്നും സമിതി നിരീക്ഷിച്ചു. ഇതിന്റെ ഫലമായാണ് വ്യാപകമായ വിമാന വൈകല്യങ്ങളും കൂട്ടത്തോടെയുള്ള റദ്ദാക്കലുകളും ഉണ്ടായതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി.

ഇന്‍ഡിഗോയുടെ മാതൃകമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷനിലെ നിരവധി ഉദ്യോഗസ്ഥര്‍ക്കെതിരെയും ഡി ജി സി എ നടപടികള്‍ സ്വീകരിച്ചു. വിമാന പ്രവര്‍ത്തനങ്ങളിലും പ്രതിസന്ധി കൈകാര്യം ചെയ്യലിലും മതിയായ മേല്‍നോട്ടം പുലര്‍ത്തിയില്ലെന്നാരോപിച്ച് സി ഇ ഒയ്ക്ക് മുന്നറിയിപ്പ് നല്‍കി.

വിന്റര്‍ ഷെഡ്യൂള്‍ 2025നും പരിഷ്‌കരിച്ച എഫ് ഡി ടി എല്‍ ചട്ടങ്ങള്‍ക്കും ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ വിലയിരുത്തുന്നതില്‍ പരാജയപ്പെട്ടതിന് അക്കൗണ്ടബിള്‍ മാനേജര്‍ക്കും മുന്നറിയിപ്പ് നല്‍കി. സീനിയര്‍ വൈസ് പ്രസിഡന്റിനെ നിലവിലെ പ്രവര്‍ത്തന ചുമതലകളില്‍ നിന്ന് ഒഴിവാക്കാനും ഇനി ഉത്തരവാദിത്ത സ്ഥാനങ്ങളില്‍ നിയമിക്കരുതെന്നും ഡി ജി സി എ നിര്‍ദേശം നല്‍കി.

ഡെപ്യൂട്ടി ഹെഡ് ഫ്‌ളൈറ്റ് ഓപ്പറേഷന്‍സ്, എ വി പി-ക്രൂ റിസോഴ്സ് പ്ലാനിംഗ്, ഡയറക്ടര്‍ ഫ്‌ളൈറ്റ് ഓപ്പറേഷന്‍സ് എന്നീ ഉദ്യോഗസ്ഥര്‍ക്കും ഗുരുതര വീഴ്ചകളുടെ പേരില്‍ മുന്നറിയിപ്പുകള്‍ നല്‍കി.

ആന്തരിക അന്വേഷണത്തില്‍ കണ്ടെത്തുന്ന മറ്റ് ജീവനക്കാരെതിരെയും ഇന്‍ഡിഗോ യോജിച്ച നടപടി സ്വീകരിച്ച് അതിന്റെ വിശദമായ റിപ്പോര്‍ട്ട് ഡി ജി സി എയ്ക്ക് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

22.20 കോടി രൂപയുടെ ആകെ പിഴയില്‍ ആറ് വ്യത്യസ്ത ലംഘനങ്ങള്‍ക്ക് ഓരോന്നിനും 30 ലക്ഷം രൂപ വീതം 1.80 കോടി രൂപ ഒറ്റത്തവണ സംവിധാനപരമായ പിഴയായി ഉള്‍പ്പെടുന്നു. കൂടാതെ 68 ദിവസത്തെ തുടര്‍ച്ചയായ ലംഘനങ്ങള്‍ക്ക് 30 ലക്ഷം രൂപ വീതം കണക്കാക്കിയ 20.40 കോടി രൂപയും പിഴയില്‍ ഉള്‍പ്പെടുന്നു.

ഡിസംബര്‍ പ്രതിസന്ധി ഇന്ത്യന്‍ വ്യോമയാന രംഗത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച സാഹചര്യത്തില്‍ ഡി ജി സി എയുടെ ഈ നടപടി ഭാവിയില്‍ ഇത്തരം സര്‍വീസ് തകര്‍ച്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്.