സെന്റ് മേരീസ് യാക്കോബായ സിറിയന്‍ പള്ളിയില്‍ സേവനങ്ങള്‍ അര്‍പ്പിക്കാന്‍ ഇനി നാസര്‍ ഹമീദില്ല

സെന്റ് മേരീസ് യാക്കോബായ സിറിയന്‍ പള്ളിയില്‍ സേവനങ്ങള്‍ അര്‍പ്പിക്കാന്‍ ഇനി നാസര്‍ ഹമീദില്ല


തൊടുപുഴ: കരിക്കോട് ജുമാ മസ്ജിദിലെ ഖബര്‍സ്ഥാനില്‍ നാസര്‍ ഹമീദെന്ന 61കാരന്‍ മീസാന്‍ കല്ലുകള്‍ക്കിടയിലെ അടയാളം മാത്രമായി അവശേഷിക്കുമ്പോള്‍ സാക്ഷ്യം വഹിക്കാനെത്തിയത് അന്നാട്ടിലെ മുസ്‌ലിംകള്‍ മാത്രമായിരുന്നില്ല; ക്രിസ്ത്യാനികളും ഹിന്ദുക്കളും ഉള്‍പ്പെടുന്ന വലിയ ജനവിഭാഗമായിരുന്നു. ആറുപതിറ്റാണ്ട് നീണ്ട തന്റെ ജീവിതത്തില്‍ മൂന്നു പതിറ്റാണ്ടിലേറെ കാലവും മതങ്ങള്‍ക്കിടയില്‍ പാലം പോലെ കഴിഞ്ഞുവെന്നതാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. 

മൂന്നു ദശാബ്ദത്തിലേറെയായി തൊടുപുഴയിലെ സെന്റ് മേരീസ് യാക്കോബായ സിറിയന്‍ പള്ളിക്ക് സേവനം ചെയ്യുകയായിരുന്നു ഈ ഇസ്ലാം മത വിശ്വാസി. തന്റെ കര്‍മ മണ്ഡലത്തിലെ പ്രവര്‍ത്തനത്തിനിടയില്‍ തന്നെ മരണത്തിലേക്കുള്ള വഴി തുറന്നുവൈന്നതും യാദൃശ്ചികതയാവാം. പള്ളിയിലെ വാര്‍ഷിക പെരുന്നാളിനോട് അനുബന്ധിച്ച് പള്ളിമുറ്റം വൃത്തിയാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് നാസര്‍ ഹമീദ് മരണപ്പെട്ടത്. 

തൊടുപുഴ കരിക്കോട് സ്വദേശിയാണ് നാസര്‍. പള്ളിമുറ്റം കഴുകുന്നതിനിടെ ഷോക്കേറ്റ നാസറിനെ ഉടന്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

മുപ്പത് വര്‍ഷത്തിലേറെയായി യാക്കോബായ പള്ളിയുടെ ദിനചര്യയുടെ അവിഭാജ്യഘടകമായിരുന്നു നാസര്‍. പുലര്‍ച്ചെ മണിയടിക്കുന്നതു മുതല്‍ വിളക്കുകള്‍ തെളിയിക്കല്‍, എണ്ണ ഒഴിക്കല്‍, പെരുന്നാള്‍ കൊടിയേറ്റല്‍, വിവാഹങ്ങളും ശവസംസ്‌കാരങ്ങളും ഏകോപിപ്പിക്കല്‍ വരെ മതത്തിന്റെ വേലിക്കെട്ടുകളില്ലാതെയാണ് നാസര്‍ ചെയ്തു തീ്ര്‍ത്തത്. 

പ്രായം ഇരുപതുകളിലുള്ളപ്പോഴാണ് നാസര്‍ പള്ളിയിലെ ജോലി ആരംഭിച്ചത്. പിതാവിന് ഭാരമാകാതിരിക്കാന്‍ ചെറിയ ജോലികള്‍ ചെയ്ത് ചെലവിന് പണം കണ്ടെത്തുക എന്നതായിരുന്നു അക്കാലത്തെ ലക്ഷ്യം. എന്നാല്‍ കാലക്രമേണ അത് നാസറിന്റെ ജീവിതചര്യയായി മാറി. തൊടുപുഴ മാര്‍ക്കറ്റിനുള്ളിലെ പള്ളി കപ്പേളയ്ക്ക് സമീപം താത്ക്കാലിക പച്ചക്കറി കച്ചവടം നടത്താന്‍ പള്ളി അധികൃതര്‍ അദ്ദേഹത്തിന് അനുമതി നല്‍കിയിരുന്നു.

നസറിന്റെ അര്‍പ്പണബോധം ഇടവകാംഗങ്ങളുടെയും പ്രദേശവാസികളുടെയും ബഹുമാനം നേടിക്കൊടുക്കുന്നതായിരുന്നുവെന്നാണ് പള്ളിക്കമ്മിറ്റി അംഗമായ സജി പി ഐ പറഞ്ഞത്. നാസറിന്റെ അഭാവം പൂരിപ്പിക്കാനാവാത്ത ശൂന്യതയാണെന്നാണ് ജില്ലാ പഞ്ചായത്ത് അംഗം മനോജ് കൊക്കാട്ട് പറഞ്ഞത്. 

ഭാര്യയും മൂന്ന് മക്കളുമാണ് നസറിനുള്ളത്.


സെന്റ് മേരീസ് യാക്കോബായ സിറിയന്‍ പള്ളിയില്‍ സേവനങ്ങള്‍ അര്‍പ്പിക്കാന്‍ ഇനി നാസര്‍ ഹമീദില്ല