കോപന്‍ഹേഗന്‍: ഗ്രീന്‍ലാന്‍ഡിനെ കൈപ്പിടിയിലാക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ശ്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഡെന്‍മാര്‍ക്ക് തലസ്ഥാനത്ത് ആയിരങ്ങള്‍ തെരുവിലിറങ്ങി. 'ഹാന്‍ഡ്‌സ് ഓഫ് ഗ്രീന്‍ലാന്‍ഡ്' എന്ന മുദ്രാവാക്യവുമായി നടന്ന പ്രതിഷേധം ഡെന്‍മാര്‍ക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീന്‍ലാന്‍ഡിനെക്കുറിച്ചുള്ള ട്രംപിന്റെ ഭീഷണിക്കെതിരായ ജനകീയ പ്രതികരണമായി മാറി.
ഗ്രീന്‍ലാന്‍ഡിനെ സ്വന്തമാക്കാനുള്ള തന്റെ പദ്ധതികള്‍ക്ക് എതിര്‍പ്പ് അറിയിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ 'താരിഫ് ഏര്‍പ്പെടുത്തും' എന്ന ട്രംപിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. ധാതുസമ്പത്തുകളാല്‍ സമൃദ്ധമായ ഗ്രീന്‍ലാന്‍ഡിനെ അമേരിക്കയുടെ നിയന്ത്രണത്തിലാക്കണമെന്ന ട്രംപിന്റെ നിലപാട് അന്താരാഷ്ട്രതലത്തില്‍ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്.
അമേരിക്കന്‍ കോണ്‍ഗ്രസിലെ ഇരുകക്ഷികളെയും പ്രതിനിധീകരിക്കുന്ന പ്രതിനിധി സംഘം കോപന്‍ഹേഗന്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് പ്രതിഷേധം നടന്നത്. ട്രംപ് ഭരണകൂടത്തിന്റെ കടുത്ത ഭാഷാപ്രയോഗങ്ങള്‍ക്കും ഭീഷണികള്‍ക്കും നിരവധി അമേരിക്കക്കാര്‍ എതിരാണെന്ന സന്ദേശവും ഈ സന്ദര്‍ശനം മുന്നോട്ടുവച്ചു.
ഡെന്‍മാര്‍ക്കിന്റെയും ഗ്രീലാന്‍ഡിന്റെയും പതാകകള്‍ വീശി പ്രതിഷേധക്കാര്‍ കോപന്‍ഹേഗന്‍ സിറ്റി ഹാളിന് മുന്നില്‍ ചുവപ്പും വെളുപ്പും നിറഞ്ഞ ജനസമുദ്രമായി മാറി. ഗ്രീന്‍ലാന്‍ഡിന്റെ ഗ്രീന്‍ലാന്‍ഡിക് പേരായ 'കലാലിത് നുനാത്!' എന്നും പ്രകടനക്കാര്‍ ഉച്ചത്തില്‍ മുഴക്കി.
ഗ്രീന്‍ലാന്‍ഡിക് സംഘടനകളുടെ നേതൃത്വത്തില്‍ കോപന്‍ഹേഗനില്‍ മാത്രമല്ല, ആര്‍ഹൂസ്, ആല്‍ബോര്‍ഗ്, ഓഡന്‍സ് എന്നിവിടങ്ങളിലും ഗ്രിന്‍ലാന്‍ഡിന്റെ തലസ്ഥാനമായ നൂക്കിലും പ്രതിഷേധ മാര്‍ച്ചുകളും റാലികളും നടക്കുമെന്ന് ആയിരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.
ഗ്രീന്‍ലാന്‍ഡിന്റെ ജനാധിപത്യത്തോടും അടിസ്ഥാന മനുഷ്യാവകാശങ്ങളോടും ബഹുമാനം പുലര്‍ത്തണമെന്ന് ആവശ്യപ്പെടുന്ന വ്യക്തവും ഐക്യപ്പെട്ടതുമായ സന്ദേശമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഡെന്‍മാര്‍ക്കിലെ ഗ്രീന്‍ലാന്‍ഡുകാര്‍ക്കായുള്ള സംഘടനയായ 'ഉഗൗട്ട്' അവരുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കി.
ഗ്രീന്‍ലാന്‍ഡിന്റെ തലസ്ഥാനമായ നൂക്കില്‍ വൈകിട്ട് നടന്ന സഹോദരപ്രതിഷേധം ഗ്രീന്‍ലാന്‍ഡിനെ നിയന്ത്രണത്തിലാക്കാനുള്ള അമേരിക്കയുടെ 'നിയമവിരുദ്ധ പദ്ധതികള്‍'ക്കെതിരെയായിരുന്നു. പ്രതിഷേധക്കാര്‍ ഗ്രീന്‍ലാന്‍ഡിക് പതാകകള്‍ ഉയര്‍ത്തി യു എസ് കോണ്‍സുലേറ്റിലേക്ക് മാര്‍ച്ച് നടത്തിയതായി സംഘാടകര്‍ പറഞ്ഞു.
ഉച്ചയ്ക്ക് ആരംഭിച്ച കോപന്‍ഹേഗന്‍ റാലി ഡെന്‍മാര്‍ക്കിലെ യു എസ് എംബസിക്ക് മുന്നിലൂടെ കടന്നുപോകുന്നതായും അറിയിച്ചിരുന്നു.
അടുത്തകാല സംഭവങ്ങള്‍ ഗ്രീന്‍ലാന്‍ഡിനെയും ഗ്രീന്‍ലാന്‍ഡുകാരെയും ഗ്രീന്‍ലാന്‍ഡിലായാലും ഡെന്‍മാര്‍ക്കിലായാലും കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണെന്ന് ഉഗൗട്ട് ചെയര്‍വുമണ്‍ ജൂലി റാഡെമാച്ചറെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു. ഐക്യം അനിവാര്യമാണെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.
പിരിമുറുക്കം കൂടുമ്പോള്‍, പരിഹാരങ്ങളേക്കാള്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും അതിനാല്‍ ഗ്രീന്‍ലാന്‍ഡിലെയും ഡെന്‍മാര്‍ക്കിലെയും ഗ്രീന്‍ലാന്‍ഡുകാര്‍ ഒരുമിച്ച് നിലകൊള്ളണമെന്ന് തങ്ങള്‍ അഭ്യര്‍ഥിക്കുന്നതായും അവര്‍ പറഞ്ഞു.
നാം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഒരുമിച്ച് നില്‍ക്കുന്നുണ്ടെന്നും നമ്മുടെ രാഷ്ട്രീയ നേതാക്കളെയും നയതന്ത്രജ്ഞരെയും പങ്കാളികളെയും പിന്തുണക്കുന്നുണ്ടെന്നും ലോകത്തോട് കാണിക്കാനാണ് ഈ പ്രതിഷേധമെന്ന് സംഘാടകരിലൊരാളായ ക്രിസ്റ്റ്യന്‍ ജോഹാന്‍സന്‍ വ്യക്തമാക്കി.
സ്വയംനിര്‍ണ്ണയത്തിനുള്ള രാജ്യത്തിന്റെ അവകാശത്തെയും ഒരു ജനതയായി തങ്ങളോടുള്ള ബഹുമാനത്തെയും ആവശ്യപ്പെടുന്നുവെന്നാണ് മറ്റൊരു സംഘാടകയായ അവിജാജ റോസിംഗ്- ഓള്‍സന്‍ പറഞ്ഞത്. അന്താരാഷ്ട്ര നിയമങ്ങളോടും നിയമസിദ്ധാന്തങ്ങളോടും ബഹുമാനം പുലര്‍ത്തണമെന്നും ഇത് തങ്ങളുടെ പോരാട്ടം മാത്രമല്ലെന്നും ലോകമൊട്ടാകെ പ്രസക്തമായ വിഷയമാണെന്നും അവിജാജ ചൂണ്ടിക്കാട്ടി.
2025 ജനുവരിയില്‍ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ സര്‍വേ പ്രകാരം ഗ്രീന്‍ലാന്‍ഡുകാര്‍ക്കിടയില്‍ 85 ശതമാനം പേരും അമേരിക്കയോട് ചേരുന്നതിനെ എതിര്‍ക്കുന്നു. ആറ് ശതമാനം പേര്‍ മാത്രമാണ് അനുകൂല നിലപാട് അറിയിച്ചത്.
ഡാനിഷ്, ഗ്രീന്‍ലാന്‍ഡിക് രാഷ്ട്രീയ- വ്യാപാര നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കോപന്‍ഹേഗനില്‍ സംസാരിച്ച യു എസ് ഡെമോക്രാറ്റിക് സെനറ്റര്‍ ക്രിസ് കൂണ്‍സ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട് ന്യായീകരിക്കാന്‍ ഗ്രീന്‍ലാന്‍ഡിന് യാതൊരു അടിയന്തര സുരക്ഷാ ഭീഷണിയുമില്ലെന്ന് വ്യക്തമാക്കി. ഗ്രീന്‍ലാന്‍ഡിനെ സംരക്ഷിക്കാന്‍ ഡെന്‍മാര്‍ക്ക് വളരെ ചെറുതാണെന്ന ട്രംപ് ഉപദേഷ്ടാവ് സ്റ്റീഫന്‍ മില്ലറുടെ ഫോക്‌സ് ന്യൂസ് പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു കൂണ്‍സ്.
ഗ്രീന്‍ലാന്‍ഡിന് നേരിട്ടുള്ള സുരക്ഷാ ഭീഷണി ഒന്നുമില്ലെങ്കിലും കാലാവസ്ഥാ വ്യതിയാനം, മഞ്ഞുരുകല്‍, കപ്പല്‍ പാതകളിലെ മാറ്റങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ആര്‍ട്ടിക് മേഖലയിലെ സുരക്ഷയെക്കുറിച്ച് യഥാര്‍ഥ ആശങ്കകളുണ്ടെന്ന് കൂണ്‍സ് മാധ്യമങ്ങളോട് പറഞ്ഞു.
അമേരിക്കന്‍ ആര്‍ട്ടിക്കിലും നേറ്റോയിലെ പങ്കാളികളോടും ചേര്‍ന്ന് ആര്‍ട്ടിക് സുരക്ഷയില്‍ കൂടുതല്‍ നിക്ഷേപം നടത്താനുള്ള സാധ്യതകള്‍ പരിശോധിക്കുന്നത് ന്യായമായ കാര്യമാണെന്നും യു എസ് പ്രതിനിധി സംഘത്തെ നയിക്കുന്ന കൂണ്‍സ് കൂട്ടിച്ചേര്‍ത്തു.
ഡെന്‍മാര്‍ക്ക് നേറ്റോ സഖ്യരാജ്യമാണെങ്കിലും ഗ്രീന്‍ലാന്‍ഡിന്റെ സുരക്ഷ ഉറപ്പാക്കുന്നതില്‍ പരാജയപ്പെടുകയാണെന്ന ആരോപണവുമായി ട്രംപ് ആവര്‍ത്തിച്ച് വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ തന്ത്രപ്രധാനമായ ഗ്രീന്‍ലാന്‍ഡ് ഡെന്‍മാര്‍ക്കിന്റെ ഭാഗമായി നേറ്റോയുടെ സുരക്ഷാ കവചത്തിനുള്ളിലാണെന്ന വസ്തുത നിലനില്‍ക്കെയാണ് ഈ വാദം.
ഗ്രീന്‍ലാന്‍ഡിലെ പരമാധികാരം സംരക്ഷിക്കുമെന്ന് ലോകത്തോട് അമേരിക്കയടക്കം കാണിക്കാന്‍ ലക്ഷ്യമിട്ടുള്ള സൈനിക അഭ്യാസത്തിന്റെ ഭാഗമായി യൂറോപ്യന്‍ നേറ്റോ രാജ്യങ്ങള്‍ ഗ്രീന്‍ലാന്‍ഡിലേക്ക് സൈനികരെ വിന്യസിക്കുന്നുണ്ടെന്ന് ഫ്രഞ്ച് സായുധസേനാ മന്ത്രി അലീസ് റൂഫോ പറഞ്ഞു.
ബ്രിട്ടന്‍, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, നെതര്‍ലാന്‍ഡ്‌സ്, നോര്‍വേ, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ ആര്‍ട്ടിക് മേഖലയിലെ ഭാവിയഭ്യാസങ്ങള്‍ക്കായി ചെറിയ സൈനിക സംഘങ്ങളെ അയക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അഭ്യാസത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയെ ക്ഷണിച്ചതായും ഡെന്‍മാര്‍ക്ക് അറിയിച്ചു.
