ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ യൂറോപ്പിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കി ട്രംപ്: 10 ശതമാനം തീരുവ ഭീഷണി, 25 വരെ ഉയര്‍ത്തുമെന്ന് മുന്നറിയിപ്പ്

ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ യൂറോപ്പിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കി ട്രംപ്: 10 ശതമാനം തീരുവ ഭീഷണി, 25 വരെ ഉയര്‍ത്തുമെന്ന് മുന്നറിയിപ്പ്


വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഗ്രീന്‍ലാന്‍ഡിനെ സ്വന്തമാക്കാനുള്ള നീക്കം കൂടുതല്‍ കടുപ്പിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരെ വ്യാപാര ഭീഷണി മുഴക്കി. ഡാനിഷ് പ്രദേശമായ ഗ്രീന്‍ലാന്‍ഡ് വാങ്ങാനുള്ള ശ്രമം വിജയിച്ചില്ലെങ്കില്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി ഉള്‍പ്പെടെ നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരെ 10 മുതല്‍ 25 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.

നേറ്റോ സഖ്യരാജ്യമായ ഡെന്‍മാര്‍ക്കിനെ ട്രംപ് പ്രത്യേകമായി പരാമര്‍ശിച്ചു. ഗ്രീന്‍ലാന്‍ഡിലേക്ക് അടുത്തിടെ സൈനികരെ വിന്യസിച്ച മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു. ഏകദേശം 57,000 പേര്‍ മാത്രം താമസിക്കുന്നതും ധാതുസമ്പത്തില്‍ സമൃദ്ധവുമായ ആര്‍ട്ടിക് പ്രദേശം ഭൗമതന്ത്രപരമായി അതീവ പ്രാധാന്യമുള്ളതാണെന്ന വാദമാണ് ട്രംപ് വീണ്ടും ഉന്നയിച്ചത്.

ഭീഷണി നടപ്പാക്കിയാല്‍ വാഷിംഗ്ടണും നേറ്റോ സഖ്യരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുക്കുമെന്നും ട്രാന്‍സ്-അറ്റ്ലാന്റിക് സഖ്യത്തിന് തന്നെ ഗുരുതരമായ വെല്ലുവിളിയാകുമെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഡെന്‍മാര്‍ക്കിനെയും യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളെയും മറ്റ് ചില രാജ്യങ്ങളെയും നാം വര്‍ഷങ്ങളായി താരിഫ് ഈടാക്കാതെയും മറ്റ് പ്രതിഫലങ്ങളില്ലാതെയും സഹായിക്കുന്നുണ്ടെന്നും  ഇപ്പോള്‍, നൂറ്റാണ്ടുകള്‍ക്ക് ശേഷം, ഡെന്‍മാര്‍ക്ക് തിരിച്ചു നല്‍കേണ്ട സമയമാണെന്നും 

ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച ദീര്‍ഘമായ കുറിപ്പില്‍ ട്രംപ് പറഞ്ഞു. ചൈനയും റഷ്യയും ഗ്രീന്‍ലാന്‍ഡിനെ ആഗ്രഹിക്കുന്നു, അത് തടയാന്‍ ഡെന്‍മാര്‍ക്കിന് ഒന്നും ചെയ്യാനാകില്ല. ഇപ്പോള്‍ അവര്‍ക്കുള്ള സംരക്ഷണം രണ്ട് നായസ്ലെഡുകള്‍ മാത്രമാണ്; അതിലൊന്ന് അടുത്തിടെയാണ് ചേര്‍ത്തത്. പ്രസിഡന്റ് ഡോണള്‍ഡ് ജെ ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കയ്ക്ക് മാത്രമാണ് ഈ കളിയില്‍ വിജയകരമായി ഇടപെടാന്‍ കഴിയുക. അമേരിക്കയുടെയും ലോകത്തിന്റെയും ദേശീയ സുരക്ഷ വിഷയമായതിനാല്‍ ഈ വിശുദ്ധഭൂമിയെ ആരും സ്പര്‍ശിക്കില്ലെന്നും ട്രംപ് തുടര്‍ന്നു. 

ഡെന്‍മാര്‍ക്ക്, നോര്‍വേ, സ്വീഡന്‍, ഫ്രാന്‍സ്, ജര്‍മനി, യുണൈറ്റഡ് കിംഗ്ഡം, നെതര്‍ലാന്‍ഡ്‌സ്, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ 'അജ്ഞാത ലക്ഷ്യങ്ങളോടെ' ഗ്രീന്‍ലാന്‍ഡിലേക്ക് എത്തിയതായും ട്രംപ് ആരോപിച്ചു. ഇത് നമ്മുടെ ഗ്രഹത്തിന്റെ സുരക്ഷക്കും നിലനില്പിനും അതീവ അപകടകരമായ സാഹചര്യമാണെന്നും ഈ അപകടകരമായ കളിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങള്‍ നിലനില്‍ക്കാനാകാത്ത അപകടനില സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.

ലോക സമാധാനവും ആഗോള സുരക്ഷയും സംരക്ഷിക്കാനുള്ള ശ്രമമായാണ് ട്രംപ് തന്റെ ആഗ്രഹങ്ങളെ അവതരിപ്പിച്ചത്.

അപകടകരമായ സാഹചര്യം വേഗത്തില്‍ അവസാനിപ്പിക്കാന്‍ ശക്തമായ നടപടികള്‍ ആവശ്യമാണെന്നും 2026 ഫെബ്രുവരി 1 മുതല്‍ ഡെന്‍മാര്‍ക്ക്, നോര്‍വേ, സ്വീഡന്‍, ഫ്രാന്‍സ്, ജര്‍മനി, യുണൈറ്റഡ് കിംഗ്ഡം, നെതര്‍ലാന്‍ഡ്‌സ്, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ സാധനങ്ങള്‍ക്കും അമേരിക്ക 10 ശതമാനം താരിഫ് ഈടാക്കുമെന്നും 2026 ജൂണ്‍ 1 മുതല്‍ ഇത് 25 ശതമാനമായി ഉയര്‍ത്തുമെന്നും ഗ്രീന്‍ലാന്‍ഡിന്റെ പൂര്‍ണവും സമ്പൂര്‍ണവുമായ വാങ്ങലിനുള്ള കരാര്‍ ഉണ്ടാകുന്നത് വരെ ഈ താരിഫ് തുടരുമെന്നും ട്രംപ് വ്യക്തമാക്കി.

കഴിഞ്ഞ 150 വര്‍ഷമായി അമേരിക്ക ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാന്‍ ശ്രമിച്ചുവരുന്നതായും നിരവധി പ്രസിഡന്റുമാര്‍ ഇതിന് ശ്രമിച്ചെങ്കിലും ഡെന്‍മാര്‍ക്ക് എല്ലായ്‌പ്പോഴും അതിന് എതിര്‍ത്തുവെന്നും ട്രംപ് ഓര്‍മ്മിപ്പിച്ചു.

ഗ്രീന്‍ലാന്‍ഡിനെ കുറിച്ചുള്ള ഈ പുതിയ ഭീഷണി ആഗോള രാഷ്ട്രീയത്തിലും സാമ്പത്തിക രംഗത്തും വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമോയെന്ന ആശങ്കകളാണ് ഇപ്പോള്‍ ഉയരുന്നത്.